കോഴിക്കോട്: കോഴിക്കോടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ചാത്തമംഗലം റീജിയണൽ പൗൾട്രി ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ പ്രതിരോധത്തിന്റെ ഭാഗമായി ഫാമിലെ കോഴികളെ കൊന്നൊടുക്കും. 11000 കോഴികളെയാണ് കൊല്ലുകയെന്ന് അധികൃതർ അറിയിച്ചു. 40,000 കോഴിമുട്ടകളും നശിപ്പിക്കും. ഇതുവരെ 2300 ഓളം കോഴികളെ കൊന്നുകഴിഞ്ഞു.

കോഴികളെ കൊന്ന ശേഷം പൗൾട്രി ഫാമിന്റെ കോമ്പൗണ്ടിൽ തയാറാക്കിയ ചൂളയിൽ ദഹിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിവളർത്തൽ കേന്ദ്രത്തിന്റെ ഒരു കിലോമുറ്റർ ചുറ്റളവിലുള്ള പക്ഷികളെയും കൊല്ലും. അവയെയും പൗൾട്രി ഫാമിലെ ചൂളയിലാണ് ദഹിപ്പിക്കുക.

ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട ടാസ്‌ക് ഫോഴ്‌സാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഫാമിലെ 1800 കോഴികൾ ചത്തപ്പോൾ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള വൈറസ് വകഭേദമാണ് ഇവിടെ സ്ഥിരീകരിച്ചിരിക്കുന്നത്. ഫാമിന് 10 കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദേശമുണ്ട്.

പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ?

പക്ഷികളിൽ നിന്നും പക്ഷികളിലേക്ക് പകരുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി എന്നറിയപ്പെടുന്ന ഏവിയൻ ഇൻഫ്‌ളുവൻസ. കോഴി, താറാവ്, കാട, ടർക്കി, അലങ്കാര പക്ഷികൾ ഇവയെയാണ് ഇത് ബാധിക്കുന്നത് . സാധാരണ ഗതിയിൽ ഇതു് പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പകരാറില്ല. വളരെ വിരളമായി വൈറസിന് രൂപഭേദം വന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുമുണ്ട്. പ്രധാനമായും പക്ഷികളുടെ സ്രവങ്ങളിലൂടെയും, കഷ്ടത്തിലൂടേയും ചെറുകണികകൾ വഴി വായുവിലൂടെ പകരുന്ന ഒരു ശ്വാസകോശ രോഗമാണിത്.

അതിനാൽ ഇവയിലേതെങ്കിലുമായി അടുത്ത് ഇടപെഴകുന്നവർ, സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ , പൗൾട്രി ജീവനക്കാർ, കോഴി കച്ചവടം ചെയ്യുന്നവർ, ഇറച്ചി കച്ചവടക്കാർ, പാചകം ചെയ്യുന്നവർ എന്നിവർ ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷികളെ കൈകാര്യം ചെയ്യുന്നവർ / ഇറച്ചി കൈകാര്യം ചെയ്യുന്നവർ തുടങ്ങിയവർ സുരക്ഷക്കായി കൈയുറ, മുഖാവരണം ( മാസ്‌ക്) എന്നിവ ധരിക്കുകയും ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും ചെയ്യണം.

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന / രോഗബാധയുണ്ടായി ചത്ത - പക്ഷികളുടേയും കോഴികളുടേയും മാംസം ഭക്ഷണത്തിന് ഉപയോഗിക്കരുത്. ചത്ത് പോയ പക്ഷികൾ, കാഷ്ടം, തൂവലുകൾ ഇവ ആഴത്തിൽ കുഴിച്ച് മൂടുകയോ, കത്തിക്കുകയോ ചെയ്യണം. വിവരം നേരത്തെ മൃഗസംരക്ഷണ വകുപ്പിൽ അറിയിക്കുകയും ചെയ്യണം

പക്ഷികളുടെ / കോഴികളുടെ കൂടുകളും പരിസരവും സോപ്പ് ലായനിയോ, ബ്ലീച്ചിങ് ലായനിയോ ഉപയോഗിച്ച് വൃത്തിയാക്കണം. ഭക്ഷണം വഴി വേവിച്ച മാംസത്തിൽ നിന്ന് പക്ഷി പനി പകരാനുള്ള സാധ്യത കുറവാണ്. എന്നാലും മൃഗ സംരക്ഷണ വകുപ്പ് രോഗമുക്തമാണെന്ന് പ്രഖ്യാപിക്കുന്നത് വരെ രോഗബാധയുള്ള പ്രദേശത്തെ കോഴികളുടെ ഇറച്ചി ഉപയോഗിക്കരുത്.

പാചകം ചെയ്യുന്നതിന് മുമ്പ് തൂവലുകൾ നീക്കിയതിന് ശേഷം ഇവയുടെ ശരീരം നാന്നായി സോപ്പ് വെള്ളത്തിൽ കഴുകണം. കോഴി, താറാവ്, പക്ഷികളുടെ മാംസം കഴിക്കുന്നവർ ഇവ നന്നായി പാകം ചെയ്തു് വേവിച്ച് ( എല്ലാ ഭാഗത്തും ഒരുപോലെ 70 ഡിഗ്രിയലധികം ചൂടാക്കി) കഴിക്കണം.

മുട്ട കഴിക്കുമ്പോൾ ആദ്യമേ നന്നായി സോപ്പിട്ട് കഴുകി വേവിച്ച് / പുഴുങ്ങി മാത്രമേ കഴിക്കാവൂ. ഓംല റ്റ് തയ്യാറാക്കുമ്പോൾ അത് നന്നായി ചൂടായി ഒഴുകി പോകാതെ ഉറച്ചതിന് ശേഷം മാത്രം കഴിക്കണം. പക്ഷി പനി ബാധയുണ്ടായ പ്രദേശത്തെ ആളുകളിൽ പനി, ജലദോഷം' തലവേദന തുടങ്ങിയ ഫ്‌ളൂ പനിയുടെ രോഗലക്ഷണമുള്ളവർ ഉടനെ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.