തിരുവനന്തപുരം: കർണാടകയിലെ ഹുബ്ബള്ളിയിൽ നടന്ന സിനഡ് യോഗത്തിൽ സിഎസ്‌ഐ സഭാ മോഡറേറ്ററായി ബിഷപ് ധർമരാജ് റസാലത്തെ വീണ്ടും തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ കാലാവധി ഈ മാസം അവസാനിക്കേണ്ടതായിരുന്നു.

അതേസമയം കർണാടക കോടതിയുടെ അന്തിമ തീരുമാനത്തിനു വിധേയമായിട്ടായിരിക്കും നിയമനം. മഹാ ഇടവക സെക്രട്ടറി ഡി.ലോറൻസ് നൽകിയ ഹർജി പ്രകാരം കോടതിയുടെ നിരീക്ഷണത്തിൽ അഡ്വക്കറ്റ് കമ്മിഷന്റെ മേൽനോട്ടത്തിലാണ് സിനഡ് കൂടിയത്. കോടതി നിർദേശപ്രകാരം സിനഡിന്റെ നടപടിക്രമങ്ങളും വോട്ടിങ്ങും വിഡിയോയിൽ പകർത്തി. തിരഞ്ഞെടുപ്പിന്റെ സാധുത എതിർപക്ഷം ചോദ്യം ചെയ്തിട്ടുണ്ട്. സിനഡിൽ നടന്ന വോട്ടെടുപ്പിന്റെ ബാലറ്റ് മുദ്രവച്ച പെട്ടിയിലാക്കി കോടതിയുടെ മുന്നിൽ സമർപ്പിക്കും.

വിഴിഞ്ഞം കല്ലുവെട്ടാൻകുഴി പോങ്ങുവിള പരേതനായ റിട്ട. വില്ലേജ് ഓഫിസർ ആൽബർട്ടിന്റെയും സുമംഗലാബായിയുടെയും മകനായി 1956 മെയ്‌ അഞ്ചിനാണു ധർമരാജ് റസാലത്തിന്റെ ജനനം. കേരള യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദം നേടി സെറാംപുർ തിയളോജിക്കൽ സെമിനാരിയിൽ നിന്നു ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ഭാര്യ: ഷെർളി ജോൺ. മക്കൾ: ഷെറിൻ എസ്. റസാലം, ഷിനോയ് എസ്. റസാലം. മെഡിക്കൽ കോഴയിൽ ഇഡി നടപടികൾ തുടരുകയാണ്. ഇതിനിടെയാണ് വീണ്ടും മോഡറേറ്റായി റസാലം എത്തുന്നത്.

മെഡിക്കൽ കോളജ് കോഴക്കേസുമായി ബന്ധപ്പെട്ട് സി.എസ്‌ഐ ബിഷപ് ധർമരാജ് റസാലത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കാരക്കോണം മെഡിക്കൽ കോളജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസിലാണ് ചോദ്യം ചെയ്യൽ ഉണ്ടായത്. മെഡിക്കൽ കോളജ് അഡ്‌മിഷനുമായി ബന്ധപ്പെട്ട് കള്ളപ്പണ കൈമാറ്റമുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലാണ് അന്വേഷണം.

അഡ്‌മിഷനുമായി ബന്ധപ്പെട്ട് എവിടെ നിന്നൊക്കെ പണമെത്തിയെന്നും ഏതൊക്കെ വിധത്തിൽ ചെലവഴിച്ചെന്നുമുള്ള കാര്യങ്ങൾ ബിഷപ്പിനോട് ഉദ്യോഗസ്ഥർ ചോദിച്ചതായാണ് വിവരം. ആരോപണങ്ങൾ ബിഷപ് നിഷേധിക്കുകയും ചെയ്തു. സഭയ്ക്കുള്ളിലെ പ്രശ്‌നമാണ് ഈ കേസിനെ ആളിക്കത്തിച്ചത്.

തിരുവനന്തപുരത്തെ എൽഎംഎസ് പള്ളിയെ കത്തീഡ്രലാക്കിയതും വിവാദമായി. പ്രതിഷേധം അക്രമത്തിലേക്കും വഴിമാറി. റസാലത്തിനെതിരെയുള്ള സംഘമാണ് ഇതിന് പിന്നിൽ. ഇവരാണ് സഭാ മോഡറേറ്റർ നിയമനത്തേയും കോടതി കയറ്റുന്നത്.