കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് ഒരാഴ്ചയായി നാടിനെ വിറപ്പിച്ച കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് തലയ്ക്കു പരുക്ക്.
പാലമ്പ്ര സ്വദേശി ചന്ദ്രവിലാസത്തിൽ മുരളീധരൻ (40)ആണ് പരുക്കേറ്റത്. ഇദ്ദേഹത്തെകാഞ്ഞിരപ്പള്ളി മേരി ക്യുൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ പരുക്കേറ്റതോടെ36 കുത്തിക്കെട്ട് വേണ്ടി വന്നു. നെഞ്ചിൽ കുത്തി തൂക്കി എറിയുകയായിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചുവീട്ടിൽ തോമസ് എന്നയാളുടെ കിണറ്റിൽ കാട്ടുപോത്തു വീണിരുന്നു. ഇതിനെ രക്ഷിച്ചു വിട്ടെങ്കിലും, കഴിഞ്ഞ അഞ്ചിനു മേഖലയിൽ വീണ്ടും കാട്ടു പോത്തിനെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.ഇടക്കുന്നം, പാലമ്പ്ര, സി. എസ്. ഐ. ഭാഗങ്ങളിലാണ് കാട്ടുപോത്തിനെ കണ്ടത്.കാടുകയറിയെന്നു ആശ്വാസത്തിൽ പുറത്തിറങ്ങിയവർഈ സംഭവത്തോടെ വീണ്ടും ഭീതിയിലായി.

ഇന്ന് വൈകുന്നേരം 6.30 ഓടെയാണ് സംഭവം. ഇടക്കുന്നം, മുക്കാലി വാക്കപ്പാറ പൊട്ടംകുളം പറമ്പിലുള്ള ജോബിയുടെ കോഴിഫാമിൽ ജോബിയും മുരളീധരനും ജോലിക്കാരും സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് കാട്ടുപോത്തിനെ കാണുന്നത്. കാട്ടുപോത്തിനെ കണ്ട് ഇവർ ഓടിയെങ്കിലും പുറകേയെത്തിയ കാട്ടുപോത്ത് മുരളീധരനെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയിടിച്ചു വീണ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു

രാവിലെ മുതൽ ഇടക്കുന്നം സിഎസ്‌ഐ പ്രദേശങ്ങളിൽ കാട്ടുപോത്തിനെ കണ്ടവരുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച സിഎസ്‌ഐ ഭാഗത്തുകൊച്ചുവീട്ടിൽ പരേതനായ ഷിബുവിന്റെ ഭാര്യ നിർമല ജേക്കബിന്റെ കിണറ്റിൽ കാട്ടുപോത്ത് വീണിരുന്നു. പിറ്റേന്ന് വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരുവശം ഇടിച്ചു താഴ്‌ത്തി പുറത്തെത്തിച്ച കാട്ടുപോത്തിനെ വെടിയുതിർത്ത് സമീപ തോട്ടത്തിലേക്കു തന്നെ വിരട്ടിയോടിക്കുകയായിരുന്നു.

കാട്ടുപോത്തിനെ വനത്തിൽ കയറ്റി വിട്ടെന്നായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതോടെ ഭീതിയിലാണ് നാട്ടുകാർ. വനംവകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.