- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ഭവനങ്ങൾ സന്ദർശിച്ചു; ഈദിന് ആശംസകളുമായി മുസ്ലിം ഭവനങ്ങളിലേക്ക്; വിഷുവിന് ഇതര മതസ്ഥരെ വീട്ടിലേക്കു ക്ഷണിച്ച് വിഷുക്കൈനീട്ടവും പായസവും നൽകും; വിഷുദിനം സ്‌നേഹ സംഗമ ദിനമാക്കി മാറ്റും; ആഘോഷങ്ങളിലൂടെ കേരളത്തിൽ ചുവടുറപ്പിക്കാൻ ബിജെപി
തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിലെ ഭവന സന്ദർശനത്തിന്റെ വിജയം വിഷു ദിനത്തിലും ആവർത്തിക്കാൻ ബിജെപി. മുതിർന്ന നേതാക്കൾ മുതൽ ബൂത്തുതല നേതാക്കൾ വരെ ഇതര മതസ്ഥരെ വീട്ടിലേക്കു ക്ഷണിച്ച് വിഷുക്കൈനീട്ടവും പായസവും നൽകാനാണ് നേതൃത്വത്തിന്റെ നിർദ്ദേശം. വിഷുദിനം സ്‌നേഹ സംഗമദിനമാക്കി മാറ്റാനാണ് ബിജെപി സംസ്ഥാന സമിതിയുടെ തീരുമാനം.
കേന്ദ്രമന്ത്രി വി.മുരളീധരൻ തിരുവനന്തപുരത്ത് സ്‌നേഹസംഗമത്തിൽ പങ്കെടുക്കും. ഈസ്റ്റർ ദിനത്തിലെന്നപോലെ മുകൾ തലം മുതൽ താഴേത്തട്ടു വരെ ഇതരമതസ്ഥരെ വീട്ടിലേക്കു ക്ഷണിക്കുകയും വിഷുക്കൈനീട്ടം നൽകുകയും ചെയ്യും. ഈദിന് മുസ്ലിം ഭവനങ്ങളും സന്ദർശിക്കണമെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനങ്ങൾ. കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ സ്‌നേഹ സംഗമങ്ങൾ.
ഈസ്റ്റർ ദിനത്തിൽ സംഘടിപ്പിച്ച 'സ്നേഹയാത്ര' വലിയ വിജയമായെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. സംസ്ഥാനത്തുടനീളം ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരിൽ നിന്നും ക്രൈസ്തവ കുടുംബങ്ങളിൽ നിന്നും ബിജെപി നേതാക്കൾക്ക് ലഭിച്ച സ്വീകരണം പാർട്ടിക്കകത്ത് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ചുവടു പിടിച്ചാണ് വിഷു ദിനത്തിൽ ഇതര മതസ്ഥരായ അയൽക്കാരെ ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലേക്ക് ക്ഷണിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി.വി.രാജേഷ് വിഷുദിനത്തിൽ ഒരുക്കുന്ന വിരുന്നിൽ ക്രൈസ്തവ കുടുംബങ്ങൾ പങ്കെടുക്കും. വിവിധ മതവിഭാഗങ്ങളുടെ ആഘോഷവേളകളിൽ പങ്കെടുക്കുന്ന ബിജെപി നീക്കത്തിനെതിരെ എൽഡിഎഫ് യുഡിഎഫ് നേതാക്കൾ വൻവിമർശനം ഉയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷുദിനത്തിലെ സ്‌നേഹസംഗമവുമായി ബിജെപി വീണ്ടും മുന്നോട്ടു പോകുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലങ്ങളിൽ പോലും വിചാരിച്ച നേട്ടം സ്വന്തമാക്കാനാകാതിരുന്ന ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെകൂട്ടുക ലക്ഷ്യമിട്ട് ബിജെപി നേരത്തെ തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചതുമാണ്. ഇതിന്റെ ഭാഗമായിരുന്നു ഈസ്റ്റർ ദിനത്തിലെ സ്നേഹയാത്ര.
സംസ്ഥാനത്തുടനീളം ബിജെപി ഗൃഹ സന്ദർശന പരിപാടികൾ സംഘടിപ്പിച്ചു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. പി കെ കൃഷ്ണദാസ്, എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയ നേതാക്കളാണ് തലശ്ശേരി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ കണ്ടത്.
സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കലിനെയും സന്ദർശിച്ചു. തിരുവനന്തപുരത്ത് ജില്ലാ അധ്യക്ഷൻ വി വി രാജേഷിന്റെ നേതൃത്വത്തിൽ ക്രൈസ്തവ ഭവനങ്ങൾ സന്ദർശിച്ച് ഈസ്റ്റർ ആശംസകൾ നേരുകയും ചെയ്തിരുന്നു. സന്ദർശനങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്ന് നേതാക്കൾ ആവർത്തിക്കുമ്പോൾ വെറും സൗഹൃദ സന്ദർശനം മാത്രമായിരുന്നില്ല ഇതെന്ന് വ്യക്തമാണ്.
സ്നേഹയാത്രയ്ക്ക് ക്രൈസ്തവ സഭാമേലദ്ധ്യന്മന്മാരിൽ നിന്ന് ലഭിച്ച അനുകൂല പ്രതികരണം ബിജെപി നേതൃത്വത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സമീപ വീടുകളിലെ ഇതര മതസ്ഥരെ ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലേക്ക് ക്ഷണിക്കാനുള്ള തീരുമാനം. ഇത് ബിജെപിയോടുള്ള ക്രൈസ്തവ സമുദായങ്ങളുടെ അനുകൂല സമീപനത്തിന് ശക്തിപകരുമെന്നും ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിലേക്ക് എത്തിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
അരമനകളിൽ നിന്നും വിശ്വാസികളുടെ വീടുകളിൽ നിന്നും വലിയ സ്വീകരണം കിട്ടിയത് മാറ്റത്തിന്റെ തെളിവാണെന്ന് നേതാക്കൾ കണക്ക് കൂട്ടുന്നു. സ്‌നേഹ യാത്രയുടെ തുടർച്ച ആയി വിഷുദിവസം സമീപ വീടുകളിലെ ക്രൈസ്തവ വിശ്വാസികളെ ബിജെപി നേതാക്കളും പ്രവർത്തകരും വീട്ടിലേക്ക് ക്ഷണിക്കും. റബ്ബറിന്റെ താങ്ങുവില ഉയർത്തണം എന്നതടക്കം സഭയുടെ ആവശ്യങ്ങളിൽ കേന്ദ്ര സർക്കാർ വൈകാതെ തീരുമാനം എടുക്കും. ബിജെപി നടപടി കാപട്യം എന്ന് വിശേഷിപ്പിക്കുമ്പോഴും ചില മത മേലധ്യന്മാരുടെ മോദി അനുകൂല പ്രസ്താവനയിൽ ജാഗ്രതയിൽ ആണ് യുഡിഎഫും എൽഡിഎഫും.
കേരളത്തിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അടക്കം ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായുള്ള നീക്കങ്ങളാണ് പാർട്ടി നേതാക്കൾ നടത്തുന്നത്. ക്രൈസ്തവരുടെ ഭവന സന്ദർശനം പോലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുന്നതിൽ ബിജെപി ആലോചന നടത്തും. 2019 ൽ കിട്ടാതിരുന്ന സീറ്റുകൾ പിടിക്കാൻ ഇത് നിർണായകം ആകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ ഈസ്റ്റർ ദിനത്തിൽ ഭവന സന്ദർശനം നടത്തുമ്പോൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഈസ്റ്റർ ആശംസകളുമായി ബിജെപി നേതാക്കൾ ഇന്നലെ സജീവമായിരുന്നു.
എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആശയം സാക്ഷാത്ക്കരിക്കാനാണ് ബിജെപി പ്രവർത്തകർ പ്രയത്നിക്കുന്നതെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയിരുന്നു. ജാതി-മത-പ്രാദേശിക ചിന്തകൾക്ക് അതീതമായി ഇന്ത്യക്കാർ ഒന്നാണെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. ക്രിസ്മസിനും ഈസ്റ്ററിനും ക്രൈസ്തവ വിശ്വാസികളുടെ വീട് സന്ദർശിച്ച ബിജെപി പ്രവർത്തകർ ആശംസകൾ കൈമാറി. ഇതിൽ ബിജെപി കേരള ഘടകത്തെ അഭിനന്ദിക്കുന്നുവെന്നും അദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ