- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷ തലേന്ന് ഫോർട്ട് കൊച്ചിയിൽ കത്തിക്കാൻ ഒരുങ്ങുന്ന പാപ്പാഞ്ഞിക്ക് മോദിയുടെ ഛായ എന്ന് ആക്ഷേപം; ശക്തമായ പ്രതിഷേധവുമായി ബിജെപി; പ്രധാനമന്ത്രിയുമായുള്ള സാമ്യം ശ്രദ്ധയിൽ പെട്ടത് ഇന്നുരാവിലെ; സാമ്യം യാദൃച്ഛികമെന്ന സംഘാടകരുടെ വാദം വിലപ്പോയില്ല
കൊച്ചി: ലോകത്ത് വേറെ എവിടെയും 'പാപ്പാഞ്ഞി കത്തിക്കൽ' ആഘോഷം കാണാനാവില്ല. അതുകൊച്ചിക്കാരുടെ സ്വന്തം. എന്നാൽ, ഇത്തവണ പാപ്പാഞ്ഞി വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ പുതുവർഷത്തലേന്നു കത്തിക്കാനൊരുക്കുന്ന പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖച്ഛായ എന്നാണ് ആക്ഷേപം.ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതോടെ മുഖച്ഛായ മാറ്റാമെന്ന് സംഘാടകർ സമ്മതിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പാപ്പാഞ്ഞിക്കു മുഖം സ്ഥാപിച്ചെങ്കിലും ഇന്നു രാവിലെയാണ് പ്രധാനമന്ത്രിയുമായുള്ള സാമ്യം ശ്രദ്ധയിൽപെട്ടത്.
ഇതോടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്തെത്തി. പാപ്പാഞ്ഞി നിർമ്മാണം നിർത്തിവച്ചതിന് പിന്നാലെ സംഘാടകരും പൊലീസും സ്ഥലത്തെത്തി. സാമ്യം യാദൃച്ഛികമാണെന്ന് സംഘാടകർ വാദിച്ചെങ്കിലും ബിജെപി പ്രവർത്തകർ വഴങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ മുഖച്ഛായ മാറ്റാമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ഡിസംബർ 12 രാത്രി 12 മണിക്കാണ് പപ്പാഞ്ഞിയെ കത്തിക്കുക. 'പാപ്പാഞ്ഞി' എന്നത് പോർച്ചുഗീസ് വാക്കാണ്. അതിന്റെ അർത്ഥം 'മുത്തച്ഛൻ'. 16, 17 നൂറ്റാണ്ടുകളിൽ കൊച്ചിയിൽ ഒരു പോർച്ചുഗീസ് കോട്ട നിലനിന്നിരുന്നു , ഇമ്മാനുവൽ കോട്ട എന്ന പേരിൽ. ഇക്കാലത്തുകൊച്ചിക്കാരുടെ മലയാളത്തിൽ ചേർന്ന പോർച്ചുഗീസ് വാക്കാണ് പാപ്പാഞ്ഞി.
1980കളിൽ, കാർണിവൽ പരിപാടിയുടെ ഭാഗമായി ഫോർട്ടുകൊച്ചി കടൽതീരത്ത് പാപ്പാഞ്ഞിയുടെ രൂപം കത്തിക്കാൻ ആരംഭിച്ചു. വിടപറയുന്ന കൊല്ലത്തിന്റെ, കാലത്തിന്റെ പ്രതീകമായി മാറി കത്തിയണയുന്ന പപ്പാഞ്ഞി. യൂറോപ്യൻ വൃദ്ധന്റെ രൂപമാണ് പാപ്പാഞ്ഞിക്ക് നൽകുക. 2012 മുതൽ കൊച്ചി ബിനാലെ ഫൗണ്ടേഷൻ, പാപ്പാഞ്ഞി നിർമ്മാണത്തിൽ കലാകാരന്മാരെ പങ്കെടുപ്പിച്ചു. കഴിഞ്ഞ നാല് തവണത്തേത് പോലെ ഇത്തവണയും ഫോർട്ട്കൊച്ചിയിലെ കൾച്ചറൽ ടൂറിസം സ്ഥാപനമായ ഗ്രീനിക്സ് വില്ലേജാണ് പപ്പാഞ്ഞി നിർമ്മാണത്തിന്റെ സ്പോൺസർ
മുൻവർഷങ്ങളിൽ നിർമ്മിച്ചതിനേക്കാൾ പത്തടി ഉയരക്കൂടുതലുണ്ടാകും ഇത്തവണത്തെ പാപ്പാഞ്ഞിക്ക്. ഉയർത്തിവച്ച വലംകാൽക്കീഴിൽ കൊറോണ വൈറസിനെ ചവിട്ടിപ്പിടിച്ച രൂപഭാവമാകും എന്നാണ് സംഘാടകർ അറിയിച്ചത്. കോവിഡ് പ്രതിസന്ധിമൂലം രണ്ടുവർഷം കാർണിവൽ മുടങ്ങിയിരുന്നു. 11ന് തുടങ്ങിയ ആഘോഷം 31ന് റാലി, പാപ്പാഞ്ഞിയെ കത്തിക്കൽ എന്നിവയോടെയാണ് സമാപിക്കുക. ബീച്ച് ഇല്ലാത്തതിനാലാണ് പരേഡ് ഗ്രൗണ്ടിൽ പാപ്പാഞ്ഞിയെ നിർമ്മിക്കുന്നത്. 65 അടി ഉയരത്തിൽ ഇരുമ്പുചട്ടക്കൂട് ഉയർന്നുകഴിഞ്ഞു. മുൻവർഷങ്ങളിൽ 55 അടിയായിരുന്നു ഉയരം. ഇടംകൈയിൽ വടിയൂന്നി, വലതുകൈ നീട്ടി പുതുവർഷത്തെ സ്വാഗതംചെയ്ത് നിൽക്കുന്ന പാപ്പായുടെ ഉയർത്തിവച്ച വലതുകാൽക്കീഴിലാണ് കൊറോണ വൈറസ്. കോവിഡിനെ അതിജീവിച്ച ജനതയ്ക്കുള്ള ആദരമായാണ് 39 വർഷത്തെ ചരിത്രത്തിൽ ആദ്യമായി രൂപമാറ്റമെന്ന് സംഘാടകർ പറയുന്നു.
ഇരുമ്പുചട്ടക്കൂടിൽ ചാക്ക് പൊതിഞ്ഞ് വൈക്കോൽ നിറച്ച് ചുവന്ന വസ്ത്രംധരിപ്പിച്ച് അലങ്കാരപ്പണികൾ നടത്തുന്നതോടെ പാപ്പാഞ്ഞി തയ്യാറായി. വൈക്കോലിൽ തീപിടിക്കുമ്പോൾ പൊട്ടാനുള്ള പടക്കവും നിറയ്ക്കും. പുതുവർഷത്തലേന്ന് ആഘോഷരാവിലെത്തുന്ന പ്രധാനികളാരെങ്കിലും പാപ്പാഞ്ഞിക്ക് തീകൊളുത്തും.
മറുനാടന് മലയാളി ബ്യൂറോ