- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുവപ്പ് കണ്ടാൽ വിരണ്ടോടുന്ന കാളയെപ്പോലെ മുഖ്യമന്ത്രി കറുപ്പ് കണ്ട് വിറളിപിടിച്ചോ? കറുത്ത കാറിൽ കരിമ്പൂച്ചകളുടെ അകമ്പടിയോടെ ചീറിപ്പായുന്ന മുഖ്യമന്ത്രിക്ക് മറ്റെവിടെ കറുപ്പ് കണ്ടാലും ഹാലിളകും! മൂന്ന് യുവാക്കൾക്ക് കറുപ്പ് ഷർട്ട് ഇട്ടതിന്റെ പേരിൽ 8 മണിക്കൂറോളം കസ്റ്റഡി
കൊല്ലം: കറുപ്പിനോടുള്ള പൊലീസിന്റെ പ്രശ്‌നം തുടരുന്നു. കറുപ്പിന് വിലക്കില്ലെന്ന് വാദിക്കുന്ന സൈബർ സഖാക്കൾക്ക് മുമ്പിലേക്ക് മറ്റൊരു പൊലീസ് നാണക്കേടിന്റെ വാർത്തയാണ് ഇത്. മുഖ്യമന്ത്രി കൊല്ലത്ത് എത്തിയ ഇന്നലെ അഷ്ടമുടിക്കായലിനു നടുവിലെ സാമ്പ്രാണിക്കോടി തുരുത്ത് കാണാൻ ആലപ്പുഴയിൽ നിന്നെത്തിയ യുവാക്കൾ കറുപ്പ് ഷർട്ട് ഇട്ടതിന്റെ പേരിൽ 8 മണിക്കൂറോളം പൊലീസ് കസ്റ്റഡിയിൽ. പിന്നെ അവരെ വിട്ടയച്ചു. വലിയ സുരക്ഷയോടെ എത്തിയിട്ടും മുഖ്യമന്ത്രി കരിങ്കൊടി കാണുന്നതിനും കുറവില്ല. കൊല്ലത്തും കരിങ്കൊടി കണ്ടു. പക്ഷേ പാവങ്ങൾക്ക് ദുരിതവും.
ആലപ്പുഴ അരൂർ സ്വദേശികളായ ഫൈസൽ (18), അമ്പാടി (19) എന്നിവരാണു രാവിലെ 10 മണിയോടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനു പുറത്തിറങ്ങി കടയിൽ നിന്നു വെള്ളം വാങ്ങി സമീപത്തു പാർക്ക് ചെയ്തിരുന്ന ബൈ ക്കിൽ ചാരിയിരിക്കുമ്പോഴാണ് ഈസ്റ്റ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പ്രദേശത്തു ബൈക്ക് മോഷണം വ്യാപകമായതിനാൽ മോഷ്ടാക്കളാണെന്നു സംശയിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണു പൊലീസ് നൽകിയ വിശദീകരണം. എന്നാൽ കറുപ്പിനോടുള്ള വിരോധമായിരുന്നു ഇതിന് കാരണം.
റെയിൽവേ സ്റ്റേഷനു തൊട്ടടുത്ത ക്യുഎസി മൈതാനത്തും ടൗൺ ഹാളിലുമാണു മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ നിശ്ചയിച്ചിരുന്നത്. ഇവിടെ പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം തടയുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായാണു യുവാക്കളെ കസ്റ്റഡിയിലെടുത്തതെന്നാണു വിവരം. വിനോദ സഞ്ചാരത്തിന് വന്ന യുവാക്കൾ വലഞ്ഞു. രാത്രിയോടെ അരൂരിൽ നിന്ന് എത്തിയ രക്ഷിതാക്കൾക്കൊപ്പം ഇവരെ വിട്ടയച്ചു. മന്ത്രി മുഹമ്മദ് റിയാസിന് മാത്രമേ കറുപ്പ് ഇടാൻ കഴിയൂ എന്ന തരത്തിലേക്ക് കേരളത്തിലെ രാഷ്ട്രീയവും പൊലീസും മാറുകയാണ്.
റെയിൽവേ സ്റ്റേഷനു പുറത്തിറങ്ങിയതും ബൈക്ക് മോഷ്ടാക്കളാണെന്നു പറഞ്ഞു ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നെന്നു യുവാക്കൾ പറഞ്ഞു. തിരിച്ചു പോകാനുള്ള ട്രെയിൻ ടിക്കറ്റ് അടക്കം കാണിച്ചിട്ടും പൊലീസ് പോകാൻ അനുവദിച്ചില്ല. ഉച്ചകഴിഞ്ഞതോടെ കറുപ്പ് ഷർട്ട് ധരിച്ച കുറച്ചു പേരെ കൂടി സ്റ്റേഷനിൽ എത്തിച്ചപ്പോഴാണു ഷർട്ടിന്റെ നിറമാണ് അറസ്റ്റിനു കാരണമെന്നു മനസ്സിലാകുന്നതെന്നും അവർ പറഞ്ഞു. ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കറുപ്പ് വസ്ത്രം ധരിച്ചതിന്റെ പേരിൽ 3 പേരെ കസ്റ്റഡിയിലെടുത്തു. അങ്ങനെ കൊല്ലത്തും കറുപ്പ് വേട്ട നടന്നു.
ദിവസങ്ങൾക്ക് മുമ്പ് കറുപ്പിന് വിലക്കേർപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ കറുത്ത ഷർട്ട് ധരിച്ച് മന്ത്രി മുഹമ്മദ് റിയാസ് ചർച്ചയായിരുന്നു. കോഴിക്കോട് മീഞ്ചന്ത ആർട്‌സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥികളോടു കറുത്ത വസ്ത്രവും മാസ്‌കും ഉപയോഗിക്കരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിരുന്നു. ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് മീഞ്ചന്ത ആർട്‌സ് ആൻഡ് സയൻസ് കോളജിൽ എത്തിയത്. പരിപാടി നടക്കുന്ന വേദിയിലും പുറത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്.
കറുത്ത വസ്ത്രമോ മാസ്‌കോ ധരിക്കുന്നതിൽനിന്നു വിദ്യാർത്ഥികളെ വിലക്കുകയും ചെയ്തിരുന്നു. ഐഡി കാർഡോ പരിപാടിയുടെ ടാഗോ ഇല്ലാത്തവർക്കു പ്രവേശനവും നിഷേധിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി റിയാസ് കറുത്ത ഷർട്ട് ധരിച്ചെത്തിയത്. റിയാസിന്റെ വസ്ത്രം ചർച്ചയാക്കി കേരളത്തിൽ കറുപ്പിന് വലിക്കില്ലെന്ന് വാദിക്കുകയും ചെയ്തു സൈബർ സഖാക്കൾ. പക്ഷേ കൊല്ലത്തും കറുപ്പിന് വലിക്കു വന്നുവെന്നതാണ് വസ്തുത.
ചുവപ്പ് കണ്ടാൽ വിരണ്ടോടുന്ന കാളയെപ്പോലെ മുഖ്യമന്ത്രി കറുപ്പ് കണ്ട് വിറളിപിടിച്ചു. കറുത്ത കാറിൽ കരിമ്പൂച്ചകളുടെ അകമ്പടിയോടെ ചീറിപ്പായുന്ന മുഖ്യമന്ത്രിക്ക് മറ്റെവിടെ കറുപ്പ് കണ്ടാലും ഹാലിളകും.-യുഡിഎഫ് കൺവീനർ എംഎം ഹസൻ ഇന്നലെ പറഞ്ഞതാണ്. മരുമകൻ കറുത്ത ഷർട്ടിട്ട് മുഖ്യമന്ത്രിയോടൊപ്പം പരിപാടിയിൽ പങ്കെടുത്തപ്പോൾ വെട്ടിലായത് പൊലീസുകരാണ്. മുൻ സിപിഎം എംഎൽഎ സി പി കുഞ്ഞ് അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ വച്ച കറുത്ത കൊടിപോലും പൊലീസ് ഊരിക്കൊണ്ടുപോയി.
ഇരട്ടച്ചങ്കനെന്നും ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നവനും എന്നൊക്കെ ഫാനുകൾ വാഴ്‌ത്തുന്ന പിണറായി വിജയൻ കേരളം കണ്ട ഒരേയൊരു പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണെന്ന് ഹസൻ ആരോപിച്ചിരുന്നു. കൊല്ലത്തെ സംഭവത്തോടെ പ്രതിപക്ഷത്തിന് ഒരു ഉദാഹരണം കൂടി കിട്ടുകയാണ്.
മറുനാടന് മലയാളി ബ്യൂറോ