- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
21 മരണം സ്ഥിരീകരിച്ചു; ഓട്ടുമ്പ്രം തൂവൽതീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായത് സമാനതകളില്ലാത്ത ദുരന്തം; ഏകോപനത്തിന് മന്ത്രിമാരായ റിയാസിനേയും അബ്ദു റഹ്മാനേയും ചുമതലപ്പെടുത്തി മുഖ്യമന്ത്രി; മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത; പരിക്കേറ്റവർക്ക് വിദഗ്ധ ചികിൽസയ്ക്കും സൗകര്യം; മലപ്പുറത്തിന് കറുത്ത ഞായർ
താനൂർ: പരപ്പനങ്ങാടി-താനൂർ നഗരസഭാ അതിർത്തിയിലുള്ള ഓട്ടുമ്പ്രം തൂവൽതീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങിയുണ്ടായത് സമാനതകളില്ലാത്ത ദുരന്തം. 21 മരണം സ്ഥിരീകരിച്ചു. അമ്പതോളം പേർ ബോട്ടിലുണ്ടായിരുന്നു. ഇതിൽ പത്തിൽ താഴെ പേരെ മാത്രമേ ആദ്യ ഘട്ടത്തിൽ രക്ഷിക്കാനായുള്ളൂ. അതുകൊണ്ട് തന്നെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക.
അവസാന സർവ്വീസിന് പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ട് പൂർണ്ണമായും മുങ്ങി. രക്ഷപ്പെടുത്തിയവരിൽ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരപ്പനങ്ങാടി, താനൂർ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരിൽ അധികവും. അവധി ദിനമായതിനാൽ തീരത്ത് സന്ദർശകർ ധാരാളമുണ്ടായിരുന്നു. അവസാനമെത്തിയ ഒരു സംഘം മുഴുവൻ ബോട്ടിലേക്ക് കയറുകയായിരുന്നു.
പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷൻ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ് രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. അവസാന യാത്രയായതു കൊണ്ട് തന്നെ നിരവധി പേർ ബോട്ടിലുണ്ടായിരുന്നു. എത്ര പേരുണ്ടായിരുന്നുവെന്നതിന് വ്യക്തമായ കണക്കില്ല. ചെറു ബോട്ടുകളിൽ മാത്രമേ ദുരന്തം ഉണ്ടായ സ്ഥലത്ത് എത്താൻ കഴിയൂ. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനവും ദുഷ്‌കരമായിുന്നു. പിന്നീട് ബോട്ട് കയറു കൊണ്ട് കെട്ടി കരയ്‌ക്കെത്തിച്ചു. ബോട്ടിൽ നിറയെ ആളുണ്ടായിരുന്നതാണ് അപകടമായത്. തീരത്തിന് 300 മീറ്റർ അകലെയാണ് ബോട്ട് മുങ്ങിയത്.
തൂവൽതീരം ബീച്ചിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം താനൂരിൽ ബോട്ടപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. മഞ്ചേരി മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി.
മറുനാടന് മലയാളി ബ്യൂറോ