കോഴിക്കോട്: ആശങ്കകൾ ബാക്കിയാക്കി കടലിലും കായലിലും പുഴകളിലുമെല്ലാമായി ജലയാനങ്ങളിലെ ദുരന്തങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ചെറിയൊരു അശ്രദ്ധ കൊണ്ടോ അവഗണനകൾ കൊണ്ടോ ആവർത്തിക്കുന്ന അപകടങ്ങൾ വലിയൊരു ദുരന്തമായി പര്യവസാനിക്കുന്ന കാഴ്ച കേരളം കാണാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടോളമായി. 1924 ജനുവരി 14ന് ആലപ്പുഴയിലെ പല്ലനയിൽ നടന്ന ബോട്ടപകടമായിരുന്നു ഇതിൽ പ്രധാനപ്പെട്ട ജലദുരന്തങ്ങളിൽ ആദ്യത്തെത്. മഹാകവി കുമാരനാശാനടക്കം 24 പേർക്ക് ജീവൻ നഷ്ടപ്പെട്ടത് കേരളത്തെയൊന്നടങ്കം കണ്ണീരിലാഴ്‌ത്തിയിരുന്നു. ഇപ്പോൾ മലപ്പുറത്തും ബോട്ട് ദുരന്തം.

കേരളത്തിൽ നടന്ന മൂന്ന് ബോട്ടപകടങ്ങളെ പ്പറ്റി ജുഡീഷ്യൽ അന്വേഷണം നടന്നിരുന്നു. കുമരകം ബോട്ട് ദുരന്തം ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷനും തേക്കടി ദുരന്തം ജസ്റ്റിസ് ഇ മൈതീൻ കുഞ്ഞ് കമ്മിഷനും തട്ടേക്കാട് ദുരന്തം പരീതുപിള്ള കമ്മിഷനും അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ആ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ മാറിമാറിവന്ന സർക്കാരുകൾ കാണിച്ച അനാസ്ഥയാണ് വീണ്ടും ജലദുരന്തങ്ങളിലേയ്ക്ക് നാടിനെ തള്ളിവിടാൻ കാരണം. ഇത് തന്നെയാണ് തൂവൽ തീരവും ചർച്ചയാക്കുന്നത്.

പാതിരാമണലിൽ നിന്നും കഷ്ടിച്ച് നാല് കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ കുമരകത്തിന്. 2002 ജൂലൈ 27ന് ഇവിടെ ഉണ്ടായ ദുരന്തത്തിൽ 29 ജീവനുകളാണ് നഷ്ടമായത്. മുഹമ്മയിൽ നിന്നും കുമരകത്തേയ്ക്ക് പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ53 നമ്പർബോട്ട് കായലിലെ മണൽതിട്ടയിൽ ഇടിച്ചായിരുന്നു അപകടം. പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് പരീക്ഷ എഴുതാൻ കോട്ടയത്തേയ്ക്ക് പോയ മുഹമ്മ സ്വദേശികളായ ഉദ്യോഗാർത്ഥികളായിരുന്നു മരിച്ചവരിൽ ഏറെയും. ഇതിൽ 15 സ്ത്രീകളും 9 മാസം പ്രായമായ ഒരു പിഞ്ചുകുഞ്ഞും ഉൾപ്പെടും.

കേരളത്തെ നടുക്കിയ ആദ്യ ബോട്ട് അപകടം നടന്നത് 1924 ൽ പല്ലനയാറ്റിൽ ആയിരുന്നു. മഹാകവി കുമാരനാശാൻ ഉൾപ്പെടെ 24 പേരാണ് മരിച്ചത്. റെഡിമർ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 2003 ൽ ആലപ്പുഴ പുന്നമടയിൽ ഹൗസ്‌ബോട്ട് അപകടത്തിൽപ്പെട്ട് നാല് തമിഴ് നാട് സ്വദേശികൾ മരിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് 2009 ലെ തേക്കടി ബോട്ട് ദുരന്തത്തിലായിരുന്നു. 45 പേർ.

1971 ൽ തിരുവനന്തപുരം കരമനയിൽ ഉണ്ടായ അപകടത്തിൽ 11 പേരും 1980 ൽ എറണാകുളം കണ്ണമാലിയിൽ 29 പേരും 1983 ൽ വല്ലാർപാടത്ത് 18 പേരും 2007 ൽ തട്ടേക്കാട് 18 പേരും വിവിധ അപകടങ്ങളിലായി മരിച്ചു. 2013 ൽ ജനുവരി 26 ന് ആയിരുന്നു ആലപ്പുഴ പുന്നമടയിൽ ഹൗസ്‌ബോട്ട് അപകടത്തിൽപ്പെട്ടത്. ഒരു ബോട്ടിൽ നിന്നും മറ്റൊരു ബോട്ടിലേയ്ക്ക് യാത്രക്കാർ കയറവേ ചരിഞ്ഞതാണ് അപകട കാരണം. 63 പേർ ബോട്ടിലുണ്ടായിരുന്നു. ഈ അപകടത്തിൽ മരിച്ചവരിൽ മൂന്നരവയസുകാരിയും ഉൾപ്പെടും. സുരക്ഷാ വീഴ്ചയാണ് ഈ അപകടങ്ങൾക്കെല്ലാം കാരണം.

മുന്വ് അപകടത്തിൽപ്പെട്ടതിൽ ഭൂരിഭാഗവും കാലപ്പഴക്കം ചെന്ന ബോട്ടുകളുമായിരുന്നു. കുമരകം ദുരന്തമുണ്ടാക്കിയ ബോട്ടിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പോലും ഉണ്ടായിരുന്നില്ല. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ലൈഫ് ജാക്കറ്റുകളോ ബോയകളോ അഗ്‌നിശമന സാമഗ്രികളോ ഉണ്ടായിരുന്നില്ല. ബോട്ടിന് താങ്ങാവുന്നതിലപ്പുറം യാത്രക്കാർ കയറിയതും ദുരന്തങ്ങൾക്ക് കാരണമായി. ഇതു തന്നെയാണ് മലപ്പുറത്തെ താനൂരിലും സംഭവിച്ചത്.

കൊച്ചിയിലെത്തിയ കുവൈത്ത് രാജകുമാരനും ബോട്ടപകടത്തിൽ പെട്ടെങ്കിലും അൽഭുതകരമായാണ് രക്ഷപ്പെട്ടത്.അനൗദ്യോഗിക സന്ദർശനത്തിനെത്തിയ കുവൈത്തുകൊട്ടാര കാര്യ മന്ത്രി കൂടിയായിരുന്ന ശൈഖ് നാസർ അൽ സബാഹിനെ മറിഞ്ഞ ബോട്ടിൽ നിന്ന് മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. ചെറുതും വലുതുമായ ഇത്തരം അപകടങ്ങൾ തീരദേശമേഖലകളിലെല്ലാം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഓരോ അപകടങ്ങളും ആവർത്തിക്കുമ്പോഴും ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കർശന പരിശോധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്നുള്ള അധികാരികളുടെ പ്രഖ്യാപനങ്ങളും ആവർത്തിക്കപ്പെടുകയാണ്.