തിരുവനന്തപുരം: അദ്ധ്യാപകരെ ജെൻഡർ ഭേദമില്ലാതെ 'ടീച്ചർ' എന്ന് അഭിസംബോധന ചെയ്താൽ മതിയെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടത് യുവ രാഷ്ട്രീയപ്രവർത്തകൻ നൽകിയ പരാതിയെ തുടർന്ന്. പാലക്കാട്ടെ യുവ കോൺഗ്രസ് നേതാവും സംസ്‌കാരസാഹിതി ജില്ലാ ചെയർമാനുമായ ബോബൻ മാട്ടുമന്ത പൊതുവിദ്യാഭ്യാസ ഡയറക്ടറെ എതിർകക്ഷിയാക്കി നൽകിയ പരാതിയാണു കമ്മിഷൻ പരിഗണിച്ചത്. പക്ഷേ തീരുമാനം സൈബർ മേഖലയിൽ ട്രോളുകളാകുമ്പോൾ പഴി സംസ്ഥാന സർക്കാരിനും മന്ത്രി വി ശിവൻകുട്ടിക്കുമായി എന്നതാണ് വിരോധാഭാസം.

കോൺഗ്രസ് പ്രവർത്തകനാണ് ബോബൻ മാട്ടുമന്ത. അഞ്ചു വർഷത്തോളം യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം കമ്മറ്റി പ്രസിഡണ്ടായിരുന്നു. നേതാവായാൽ പിന്നെ ഒരു പണിക്കും പോവാത്ത രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും വിത്യസ്തനാണ് ബോബൻ. പെയിന്റിങ് ജോലിയാണ് ബോബന്റെ ഉപജീവനമാർഗം. യൂത്ത് കോൺഗ്രസിന്റെ നിയോജക മണ്ഡലം പ്രസിഡണ്ടായി പ്രവർത്തിച്ചപ്പോഴും തൊഴിലിന് പോവാൻ ഒരു മടിയും കാണിക്കാത്ത നേതാവായിരുന്നു. ബോബന്റെ ഇടപെടലാണ് സ്‌കൂളുകളിൽ 'ടീച്ചർ' വിളി എത്തിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷൻ തീരുമാനമെടുത്തത്. സ്‌കൂളുകളിൽ അദ്ധ്യാപകരെ പൊതുവായി 'ടീച്ചർ' എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും ലിംഗവിവേചനപരമായി അഭിസംബോധന ചെയ്യാൻ നിർദേശിച്ചിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കമ്മിഷനെ അറിയിച്ചിരുന്നു. പൊതുവായി ടീച്ചർ എന്ന് ബഹുമാനസൂചകമായി ഉപയോഗിക്കാമെന്നു കാണുന്നതായും ഡയറക്ടർ വ്യക്തമാക്കിയതോടെയാണ് ഉത്തരവിറങ്ങിയത്. അതിനാൽ 'സർ', 'മാഡം' തുടങ്ങിയ ഒരു പദവും 'ടീച്ചർ' എന്ന പദത്തിനോ അതിന്റെ സങ്കൽപത്തിനോ തുല്യമാകുന്നില്ലെന്നു കമ്മിഷൻ വിലയിരുത്തുകയും ചെയ്തു.

പൗരബോധത്തിന് അടിത്തറ പാകേണ്ട ഇടങ്ങളാണ് വിദ്യാലയങ്ങൾ എന്നും അവിടെ ആൺപെൺ വേർതിരിവിന്റെ സർ, മാഡം, ടീച്ചർ, മാഷ് വിളികളും മിസ്, മാം തുടങ്ങിയ അഭിസംബോധനയും ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയ്ക്കും ലിംഗനീതിക്കും വിഘാതമായി നിൽക്കുന്ന കൊളോണിയൽ പദങ്ങളാണെന്നും പരാമർശിച്ചായിരുന്നു പരാതി. ഇതുസംബന്ധിച്ചു 2021 സെപ്റ്റംബറിൽ മന്ത്രി വി.ശിവൻകുട്ടിക്കു നൽകിയ നിവേദനം നടപടി സ്വീകരിക്കാൻ അദ്ദേഹം വിദ്യാഭ്യാസവകുപ്പിനു കൈമാറിയിരുന്നു. നടപടി ഉണ്ടാകാത്തതിനെത്തുടർന്നാണ് ബാലാവകാശ കമ്മിഷനെ സമീപിച്ചത്. ആദ്യം നൽകിയ പരാതി കമ്മിഷൻ തള്ളി. ഭരണഘടനയിലെ വിവിധ വകുപ്പുകൾ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് ഒടുവിൽ നടപടി ഉണ്ടായത്. എന്നാൽ ഇതും സർക്കാരിനെതിരായ ട്രോളുകളായി മാറി.

കേരളത്തിൽ ഒരു നിശബ്ദ വിപ്ലവം നടത്തുകയാണ് ബോബൻ മാട്ടുമന്ത. ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സർ അല്ലെങ്കിൽ മാഡം എന്ന് വിളിച്ചു പോരുന്ന രീതിയിൽ നിന്നുള്ള മാറ്റം വേണമെന്ന ആവശ്യത്തിന് കിട്ടുന്ന പിന്തുണയാണ് ആ വിപ്ലവകരമായ മാറ്റം. ബ്രിട്ടീഷ് കാലത്ത് ഉദ്യോഗസ്ഥരെ യജമാനന്മാരായി കണ്ടാണ് അവരെ സർ എന്നും മാഡമെന്നും വിളിച്ചു പോന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിലും നമ്മൾ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സർ എന്നും മാഡം എന്നും വിളിച്ചു പോരുന്നു. ഉദ്യോഗസ്ഥർ ജനങ്ങളുടെ സേവകരാണെന്ന് പറയുമ്പോഴും അവരെ ഇപ്പോഴും സർ എന്നോ മാഡമെന്നോ വിളിയ്‌ക്കേണ്ടി വരുന്നു.

ഈ വിളിയ്‌ക്കെതിരെയുള്ള ക്യാമ്പയിൻ കേരളം ആവേശപൂർവ്വം ഏറ്റെടുത്തു. സംസ്‌ക്കാര സാഹിതി ജില്ലാ ചെയർമാനും പാലക്കാട് ഹിസ്റ്ററി ക്ലബ്ബ് പ്രസിഡണ്ടുമായ ബോബൻ മാട്ടുമന്തയാണ് സർ അല്ലെങ്കിൽ മാഡം വിളിയ്‌ക്കെതിരെ ക്യാമ്പയിന് തുടക്കം കുറിച്ചത്. ബോബൻ തുടങ്ങി വെച്ചത് പാലക്കാട് മാത്തൂർ പഞ്ചായത്ത് ആദ്യം നടപ്പിലാക്കി. ഇപ്പോൾ സംസ്ഥാനത്ത് നിരവധി പഞ്ചായത്തുകളാണ് സർ- മാഡം വിളി ഒഴിവാക്കിക്കൊണ്ട് പ്രമേയം പാസാക്കിയത്. ഇതേ വ്യക്തിയാണ് സ്‌കൂളുകളിൽ 'ടീച്ചർ' വിളി എത്തിച്ചതും.

ഏറെ ചരിത്ര പ്രാധാന്യമുള്ള ഒറ്റപ്പാലം കോടതി, കാലപ്പഴക്കത്തിന്റെ പേരിൽ പൊളിച്ച് കളയാനുള്ള നീക്കത്തിനെതിരെ ബോബൻ മാട്ടുമന്ത, ഒറ്റപ്പാലം ആർഡിഒയ്ക്ക് കൊടുത്ത പരാതിയാണ് എല്ലാത്തിന്റേയും തുടക്കം. സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ചരിത്രമുള്ള ഒറ്റപ്പാലം ചരിത്ര സ്മാരകമായി നിലനിർത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഒറ്റപ്പാലം സബ് കളക്ടർക്ക് ഒരു നിവേദനം കൊടുത്തത്. ഇതിന് മറുപടിയായി ആർഡിഒ നൽകിയ കത്ത് ഇങ്ങനെയായിരുന്നു. താങ്കളുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ താങ്കളെ 25.06. 2021 ന് രാവിലെ 11 മണിക്ക് നേരിൽ കേൾക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. മേൽ സാഹചര്യത്തിൽ താങ്കൾ കൃത്യമായും ഈ കാര്യാലയത്തിൽ നേരിൽ ഹാജരാകേണ്ടതാണ്.

കത്ത് വായിച്ച ബോബൻ മാട്ടുമന്തയ്ക്ക് തോന്നിയത് താനെന്തോ തെറ്റ് ചെയ്തുവെന്നാണ്. കത്തിലെ പ്രശ്‌നങ്ങളും ബോബൻ ചൂണ്ടിക്കാട്ടി. ഒരാൾ നൽകിയ പരാതിയിൽ, അയാളെ കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ സമയം കൂടി ചോദിക്കാൻ തയ്യാറാകാതെയാണ് ആർഡിഒ ഹാജരാകാൻ നിർദ്ദേശിച്ചത്. അതു മാത്രമല്ല കൃത്യമായും ഹാജരാകണം എന്നത് ശരിയായ പ്രയോഗമല്ലെന്നും അതിൽ ഒരു ആഞ്ജാശക്തിയുണ്ടെന്നും ബോബൻ പറയുന്നു. ഇത് ശരിയായ ഭാഷാപ്രയോഗ രീതിയല്ലെന്ന് വ്യക്തമാക്കി ജില്ലാ കളക്ടർക്ക് ബോബൻ പരാതി നൽകി. മറുപടി ഇല്ലാതെ വന്നതോടെ ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര വകുപ്പിന് വീണ്ടും പരാതി നൽകി. ഒടുവിൽ ആ മറുപടി ലഭിച്ചു.

പൊതുജനങ്ങളുമായി ബന്ധപ്പെട്ട കത്തുകളിൽ കഴിയുന്നിടത്തോളം സൗഹൃദപരമായ പദങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് ആർ ഡി ഒ യ്ക്ക് നിർദ്ദേശം നൽകിയെന്നും സർക്കാർ തലത്തിൽ ഉപയോഗിക്കേണ്ട ഭാഷാപ്രയോഗങ്ങളിൽ കാലാനുസൃതമായ മാറ്റം വരുത്താനുള്ള നടപടികൾ പരിഗണനയിൽ ആണെന്നും വ്യക്തമാക്കുന്നതായിരുന്നു കത്ത്. 1983 ലാണ് ഭരണഭാഷ പ്രായോഗങ്ങളെക്കുറിച്ചുള്ള കൈപുസ്തകം പ്രസിദ്ധീകരിച്ചത്. അതിൽ അധികാര പ്രയോഗങ്ങളുള്ള പദങ്ങൾക്ക് പകരം കൂടുതൽ സൗഹൃദപരമായ പദങ്ങൾ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

ഒറ്റപ്പാലം ആർഡിഒയുടെ അധികാര സ്വരത്തിലുള്ള ഭാഷാപ്രയോഗം തിരുത്തണമെന്ന് നിർദ്ദേശം വന്നതോടെ ഇത്തരത്തിൽ പൊതുവേ ഉപയോഗിക്കുന്ന ഭാഷാ പ്രയോഗങ്ങളും ചർച്ചയായി. അങ്ങനെയാണ സർ, മാഡം വിളിയും സജീവ ചർച്ചയാവുന്നത്. ബോബൻ മാട്ടുമന്തയുടെ ക്യാമ്പയിൽ ആദ്യം ഏറ്റെടുത്തത് കോൺഗ്രസ് ഭരിക്കുന്ന പാലക്കാട്ടെ മാത്തൂർ പഞ്ചായത്താണ്. സർ, മാഡം വിളി ഒഴിവാക്കണമെന്ന ക്യാമ്പയിന് പിന്തുണ പ്രഖ്യാപിച്ച കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ തന്നെ രംഗത്ത് വന്നു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളിൽ സർ, മാഡം വിളികൾ ഒഴിവാക്കുമെന്നും ഇതിന് ഡിസിസി പ്രസിഡണ്ടുമാർക്ക് നിർദ്ദേശം നൽകുമെന്നും സുധാകരൻ പറഞ്ഞിരുന്നു.

മലമ്പുഴയ്ക്ക് സമീപം മാട്ടുമന്തയാണ് ബോബന്റെ സ്വദേശം. പരേതനായ കൃഷ്ണന്റെയും കമലത്തിന്റെയും മൂത്ത മകനായ ബോബൻ ചെറുപ്പത്തിലേ രാഷ്ട്രീയ പ്രവർത്തനത്തിനും സാംസ്കാരിക പ്രവർത്തനങ്ങളിലും ഒരുപോലെ താല്പര്യം കാണിച്ചിരുന്നു.