തിരുവനന്തപുരം: ബോണക്കാട് വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാനില്ല. കടുവാ സെന്‍സസിന് പോയവരെയാണ് കാണാതായത്. തിരുവനന്തപുരത്തെ പ്രധാന വനമേഖലയാണ് ബോണക്കാട്. നാലു ഉദ്യോഗസ്ഥരെയാണ് കാണാനില്ലാത്തത്. ഇതില്‍ വനിതാ ഉദ്യോഗസ്ഥയും ഉണ്ട്. ഇവരുമായുള്ള ഫോണ്‍ ബന്ധം വിച്ഛേദിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ബോണക്കാട് കടുവയുടെ സാന്നിധ്യം ഉണ്ടോ എന്ന് ഉറപ്പിക്കാനാണ് നിരീക്ഷണം. ഇതുവരെ പുലിയും കാട്ടാനയും കാട്ടുപോത്തും എല്ലാം ഇവിടെ കണ്ടിട്ടുണ്ട്. നിരവധി വന്യമൃഗങ്ങളും ഈ കാട്ടിലുണ്ട്. അതുകൊണ്ടാണ് ബോണക്കാട്ടെ കാണാതാകലില്‍ ആശങ്ക കൂടുന്നത്.

നാലു പേരാണ് സംഘത്തിലുള്ളത്. ഇതില്‍ വനിതാ എസ് എഫ് ഒയും. ഇവര്‍ വന്യമൃഗങ്ങളെ കണ്ട് മാറി നില്‍ക്കാനും സാധ്യതയുണ്ട്. കടുവയുടെ കണക്കെടുപ്പാണെങ്കിലും ഫലത്തില്‍ സമഗ്ര വനനിരീക്ഷണമാണ് കേരളത്തില്‍ നടക്കുന്നത്. എം സ്ട്രൈപ്സ് എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ച് അപ്പപ്പോള്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയാണ് നിരീക്ഷണം. വനംവകുപ്പ് ജീവനക്കാരും വാച്ചര്‍മാരും ഉള്‍പ്പെടെയുള്ള വലിയ ടീമിന് ഇതിനുള്ള പരിശീലനങ്ങള്‍ നല്‍കിയിരുന്നു. വനംവകുപ്പ് അനുവദിക്കുന്ന സന്നദ്ധപ്രവര്‍ത്തകരെയും പങ്കെടുപ്പിക്കുന്നുണ്ട്. ഇത്തരമൊരു സംഘത്തിലെ മൂന്ന് പേരെയാണ് കാണാതായത്. പോലീസിനും വിവരം ലഭിച്ചിട്ടുണ്ട്. വിതുര പോലീസും അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്.

ഡിസംബര്‍ ഒന്നുമുതല്‍ ഏപ്രില്‍ വരെയാണ് രാജ്യത്ത് വനമേഖലയില്‍ കടുവകളുടെ കണക്കെടുപ്പ്. ഇത് ആറാമത്തെ കണക്കെടുപ്പാണ്. 2022ല്‍ ദേശീയതലത്തില്‍ നടത്തിയ അഞ്ചാം കടുവ സെന്‍സസില്‍ 2018ലെ നാലാം കണക്കെടുപ്പിലേതിനെക്കാള്‍ 24 ശതമാനം കടുവകള്‍ കൂടിയതായി കണ്ടെത്തിയിരുന്നു. 2022ലെ കണക്കനുസരിച്ച് കേരളത്തില്‍ 213 കടുവകളാണുള്ളത്. പെരിയാര്‍, പറമ്പിക്കുളം കടുവസങ്കേതങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 37 വനം ഡിവിഷനുകളിലായുള്ള 673 ബ്ലോക്കുകളിലും ഒരേസമയം കണക്കെടുപ്പ് നടത്തുന്നുണ്ട്. കടുവകളുടെ സഞ്ചാരപാതകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ സഞ്ചരിച്ച് കടുവകളുടെയും മറ്റു വന്യമൃഗങ്ങളുടെയും സാന്നിധ്യം നിരീക്ഷിച്ച് രേഖപ്പെടുത്തും.

ആദ്യഘട്ട നിരീക്ഷണത്തിലെ വിവരങ്ങളുടെ സമഗ്ര വിശകലനമാണ് രണ്ടാംഘട്ടത്തില്‍. മൂന്നാംഘട്ടത്തില്‍ മുഴുവന്‍ വനപ്രദേശത്തെയും രണ്ടു ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഗ്രിഡുകളായി തിരിച്ച് ക്യാമറകള്‍ സ്ഥാപിച്ച് കണക്കെടുപ്പ് നടത്തും. ഇങ്ങനെയുള്ള 1860 ഗ്രിഡുകളിലാണ് കേരളത്തില്‍ കണക്കെടുക്കുക. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കടുവകളുണ്ട്. പഞ്ചാബ്, ഹരിയാണ തുടങ്ങി ഏറ്റവും വടക്കന്‍ മേഖലയിലുള്ള ചില സംസ്ഥാനങ്ങള്‍, ഗുജറാത്ത് എന്നിവിടങ്ങളിലും അസം ഒഴികെയുള്ള കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് കടുവകള്‍ ഇല്ലാത്തത്.