- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്മപുര പ്ലാന്റിലെ തീപിടുത്തം; കൊച്ചി കോർപ്പറേഷനിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം; സംഘർഷത്തിലെത്തിയത് മേയറെ തടയാനുള്ള ശ്രമം; പരിക്കേറ്റ കൗൺസിലർമാർ ആശുപത്രിയിൽ; കേന്ദ്ര ഇടപെടൽ തേടി ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തി കെ മുരളീധരൻ
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് തീപിടുത്തത്തിൽ പ്രതിഷേധം കനക്കുന്നു.നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെ കൊച്ചിയിലും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം കനത്തു.പ്രതിപക്ഷ പാർട്ടികൾ മേയറെ തടയാൻ ശ്രമിച്ചത് കൈയാങ്കളിയിലേക്കും സംഘർഷത്തിലേക്കും വഴിമാറി.
കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗം ചേരുന്നതിനിടെ മേയറുടെ ഓഫീസിന് മുന്നിലായിരുന്നു ബിജെപി, കോൺഗ്രസ് പ്രതിഷേധം.ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ദിവസങ്ങളായി മേയർക്കെതിരെ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് ഇന്നത്തെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചത്.
അടിയന്തര കൗൺസിൽ യോഗത്തിന് മുമ്പായിരുന്നു കൊച്ചി കോർപ്പറേഷന് മുന്നിൽ സംഘർഷം നടന്നത്.കനത്ത പൊലീസ് കാവലിലാണ് മേയർ യോഗത്തിനെത്തിയത്. പ്രതിഷേധക്കാർ മേയറെ തടയാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം സംഘർഷത്തിലെത്തിയത്. കൊച്ചി മേയറെ തടയാനെത്തിയ യു.ഡി.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ പൊലീസ് കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.
അതേസമയം മേയർക്ക് പിന്തുണയുമായി ഗേറ്റിന് പുറത്ത് സിപിഎം പ്രവർത്തകർ തമ്പടിച്ചിരുന്നു. കോർപ്പറേഷൻ ഓഫീസിന്റെ ഷട്ടർ താഴ്‌ത്താൻ യുഡിഎഫ് പ്രവർത്തകർ ശ്രമിച്ചു. കൗൺസിലർമാരും പൊലീസുമായി ഉന്തും തള്ളും നടന്നു.കൗൺസിലർമാർ അല്ലാത്ത യുഡിഎഫ് പ്രവർത്തകരെ പൊലീസ് ഓഫീസിൽ നിന്ന് പുറത്താക്കി.സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.പൊലീസ് ഗേറ്റ് പൂട്ടിയതാണ് ഉന്തും തള്ളിലേക്ക് നയിച്ചത്.
എന്നാൽ കോർപറേഷൻ ഓഫിസിന്റെ ഗേറ്റ് തുറന്നതോടെ സിപിഎം പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ രണ്ടുപൊലീസുകാർക്കും കൗൺസിലർമാർക്കും പരിക്കേറ്റു. പത്മദാസ്,ടിബിൻ ദേവസി എന്നീ കൗൺസിലർമാർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇതിനിടെ വനിതാ കൗൺസലർമാരെ പൊലീസ് മർദ്ദിച്ചെന്ന പരാതി ഉയർന്നു. പുരുഷ പൊലീസ് മർദിച്ചെന്ന് .കൺസിലർ ദീപ്തി മേരി വർഗീസ് ആരോപിച്ചു.പുറത്ത് സംഘർഷം നടക്കുന്നതിനിടെ യുഡിഎഫ്, ബിജെപി കൗൺസിലർമുടെ അഭാവത്തിൽ കൗൺസിൽ യോഗം ചേർന്നു. യോഗം പിരിഞ്ഞിട്ടും പ്രതിപക്ഷ കൗൺസിലർമാരും പ്രവർത്തകരും പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ല.
അതേസമയം ബ്രഹ്മപുരം തീപിടിത്തത്തിൽ കേന്ദ്ര ഇടപെടൽ തേടി കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ മുരളീധരൻ ആരോഗ്യമന്ത്രിയെ ധരിപ്പിച്ചു.
മാലിന്യ സംസ്‌കരണം സംബന്ധിച്ച ചട്ടങ്ങൾ ഒന്നും പാലിക്കാതെയുള്ള പ്ലാന്റിന്റെ പ്രവർത്തനവും അഴിമതിക്കരാറുമടക്കം വിഷയത്തിന്റെ വിവിധതലങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാതായി വി മുരളീധരൻ ഫേസ്‌ബുക്കിൽ കുറിച്ചു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മന്ത്രാലയത്തിൽനിന്നുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും വി മുരളീധരൻ ആവശ്യപെട്ടു.
ബ്രഹ്മപുരം തീപിടിത്തം ഉണ്ടായ ഉടൻ തന്നെ സഹായത്തിനായി കേന്ദ്ര ദുരന്ത നിവാരണ ഏജൻസിയെ വിളിക്കേണ്ടതായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരഭിമാനം കൊണ്ടാണ് ഇതിനു തയാറാവാതിരുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ ദുരഭിമാനത്തിനു കൊച്ചിയിലെ ജനങ്ങൾ നൽകിയ വിലയാണു ബ്രഹ്മപുരം ദുരന്തം. മാത്രമല്ല അത്തരം ഇടപെടലുണ്ടായാൽ കോടിക്കണക്കിനു രൂപയുടെ അഴിമതി പുറത്തു വരും.കേന്ദ്ര ഏജൻസികൾ തന്നെ കോടിക്കണക്കിനു രൂപയാണു കേരളത്തിലെ മാലിന്യ നിർമ്മാർജനത്തിനു വിവിധ ഏജൻസികൾ വഴി നൽകിയത്. ഇതെവിടെപ്പോയി എന്ന് അന്വേഷണവും ഓഡിറ്റും വരും. സംസ്ഥാന വ്യാപകമായി ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ