കൊച്ചി: കൊച്ചിയിൽ വായുമലിനീകരണത്തിന്റെ തോസ് അഞ്ചിരട്ടി അധികം. ബ്രഹ്‌മപുരത്തെ മാലിന്യം കത്തിക്കലാണ് ഇതിന് കാരണം. മാലിന്യക്കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്നു വെള്ളം സ്‌പ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. വ്യോമസേനയുടെ സൊലൂർ സ്റ്റേഷനിൽ നിന്നുള്ള ഹെലികോപ്റ്ററുകളാണ് മുകളിൽനിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് ഉപയോഗിക്കുക. വൈറ്റില, കുണ്ടന്നൂർ ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നും പുകയുണ്ട്. ഇത് വിഷപുകയാണ്. വൈറ്റലയിലെ സ്ഥിതി അനാരോഗ്യകരമായ അവസ്ഥയിലാണ്.

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് മാലിന്യത്തിന്റെ അടിയിൽനിന്ന് പുക ഉയരുന്ന സാഹചര്യത്തിന് ഇപ്പോഴും മാറ്റമില്ല. ഇത് ശമിപ്പിക്കുന്നതിന് നാലു മീറ്റർ വരെ താഴ്ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തീപിടിത്തത്തെ തുടർന്ന് ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി ഇന്നും സ്‌കൂളുകൾക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രഹ്‌മപുരത്തെ തീ അണച്ചുവെന്ന് സർക്കാർ പറയുന്നു. എന്നാൽ പുകയ്ക്ക് ശമനവുമില്ല.

ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്. വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികൾ, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അവധിയായിരിക്കും. പരീക്ഷകൾക്ക് മാറ്റമില്ല.

രാസബാഷ്പ കണികാമാലിന്യം (പിഎം 2.5) തുടർച്ചയായി ശ്വസിക്കാൻ ഇടവരുന്നതു പുരുഷന്മാർക്കും സ്ത്രീകൾക്കും താൽക്കാലിക വന്ധ്യതയുണ്ടാക്കുമെന്നു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പഠന റിപ്പോർട്ട്. രാസബാഷ്പ കണികാമാലിന്യത്തിന്റെ (പിഎം 2.5) അളവ് ഒരു ദിവസത്തെ ശരാശരി കണക്കിലെടുക്കുമ്പോൾ 50 പോയിന്റിൽ കുറവായിരിക്കണം. എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും ശരാശരി നൂറിനും നൂറ്റിയൻപതിനും ഇടയിലാണു ശരാശരി രാസബാഷ്പ മാലിന്യത്തിന്റെ അളവ്. രാത്രി കൊച്ചി നഗരത്തിനും ചുറ്റുവട്ടത്തും ഇതിന്റെ അളവ് പലദിവസങ്ങളിലും 300 കടക്കുന്നുണ്ട്.

തുടർച്ചയായി പിഎം 2.5 രാസമാലിന്യം വായുവിലൂടെ ശ്വാസകോശത്തിലെത്തുന്നത് പുരുഷന്മാരുടെ ബീജത്തിന്റെ ചലനശേഷിയെ പ്രതികൂലമായി ബാധിക്കും. സ്ത്രീകളിൽ 2 മാസം തികയും മുൻപ് ഗർഭം അലസുന്നതിനും രാസമാലിന്യം കാരണമാവും. ഈ സാഹചര്യം മറികടന്നു മാസം തികയാതെ ജനിക്കുന്ന കുട്ടികളിൽ ആജീവനാന്ത ആരോഗ്യപ്രശ്‌നങ്ങൾക്കും രാസമാലിന്യം ഇടയാക്കുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പു നൽകുന്നു.

ആധുനിക കാലത്ത് പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതാ നിരക്കു വർധിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്. മുൻകാലങ്ങളിൽ ജനിതക കാരണങ്ങളും ജീവിതശൈലിയും വന്ധ്യതയ്ക്കു വഴിയൊരുക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.എന്നാൽ ഏറ്റവും പുതിയ ചില പഠനങ്ങൾ നഗരവൽക്കരണവും അന്തരീക്ഷ മലിനീകരണവും വന്ധ്യതയ്ക്കു കാരണമാവുന്നതായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഗർഭം അലസുന്നതിനും മാസം തികയാതെയുള്ള പ്രസവത്തിനും കുട്ടികളുടെ ബുദ്ധിവികാസ കുറവിനും വായുമലിനീകരണം കാരണമാവുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗർഭകാലത്ത് വായുമലിനീകരണം കുറഞ്ഞ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരിൽ അതിന്റെ ഗുണഫലങ്ങളും കാണാൻ കഴിയുന്നുണ്ട്.