കൊച്ചി: ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടു പോകില്ലെന്ന സർക്കാർ പ്രഖ്യാപനത്തിന് പുല്ലുവില നൽകി കൊച്ചി കോർപ്പറേഷൻ. നഗരത്തിൽ കെട്ടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം ശനിയാഴ്ച പുലർച്ചെ പൊലീസ് സംരക്ഷണയോടെ ബ്രഹ്‌മപുരത്തുകൊണ്ടുപോയി തള്ളി. ഇതോടെ സർക്കാർ പ്രഖ്യാപനങ്ങളെ എങ്ങനെ വിശ്വസിക്കുമെന്ന അവസ്ഥയിലാണ് നാട്ടുകാർ. സിപിഎമ്മാണ് കോർപ്പറേഷൻ ഭരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് കോർപ്പറേഷൻ കേട്ടില്ല. പിണറായിസം അവസാനിക്കുന്നുവെന്ന ചർച്ചകൾക്കിടെയാണ് ഇതും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്രയ്ക്കിടെയാണ് ഇതെല്ലാം.

40-ലധികം ലോഡ് മാലിന്യമാണ് ബ്രഹ്‌മപുരത്തെത്തിച്ചത്. ഒരാഴ്ചയായി കെട്ടിക്കിടക്കുന്ന മാലിന്യം ഒറ്റരാത്രികൊണ്ട് നീക്കാനാണ് കോർപ്പറേഷൻ ശ്രമിച്ചത്. ബ്രഹ്‌മപുരത്ത് കോൺഗ്രസ് പ്രവർത്തകർ മാലിന്യ ലോറികൾ തടഞ്ഞുവെങ്കിലും പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി. അതുകൊണ്ട് തന്നെ സർക്കാരിനും ഇതിൽ നിന്നും മാറി നിൽക്കാൻ കഴിയില്ല. കൊച്ചി സർവ്വത്ര പ്രതിസന്ധിയിലാണെന്നതിന്റെ സൂചനയാണ് ഇതെല്ലാം. രാത്രി 1 മണി കഴിഞ്ഞതോടെയാണ് 40 ലധികം ലോറികൾ കോർപ്പറേഷൻ ഓഫീസിന് മുന്നിലെത്തിച്ചത്. അവിടെനിന്നാണ് പൊലീസ് സംരക്ഷണത്തോടെ വാഹനങ്ങൾ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോയത്. മാലിന്യ വണ്ടികൾ ബ്രഹ്‌മപുരത്ത് എത്തിതോടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പൊലീസ് ഇടപെട്ടു. പത്താം നാളും കൊച്ചിക്ക് ശ്വാസംമുട്ടുമ്പോഴാണ് പുകയുന്ന തീക്കൂനയിലേക്ക് കോർപ്പറേഷൻ വീണ്ടും മാലിന്യം തള്ളുന്നത്.

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് ഉമ തോമസ് എംഎൽഎ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്. എറണാകുളത്തും സമീപ പ്രദേശങ്ങളിലും വസിക്കുന്നവരുടെ ജീവനെ ബാധിക്കുന്ന വിഷയമാണെങ്കിലും സംസ്ഥാന സർക്കാരും കോർപ്പറേഷനും ഈ ഗുരുതര സാഹചര്യം നേരിടുന്നതിൽ പൂർണ പരാജയമാണെന്ന് എംഎൽഎ പറഞ്ഞു. നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് (2005) പ്രകാരം പ്രദേശത്ത് ദുരന്ത നിവാരണ ടീമിനെ അടിയന്തരമായി നിയോഗിക്കണമെന്ന് ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കടമ്പ്ര ആറ്റിലേക്ക് ചിലർ മലിനജലം ഒഴുക്കുന്നതായും ഉമ തോമസ് ഹൈക്കോടതിയെ അറിയിച്ചു.

അതിനിടെ ബ്രഹ്‌മപുരത്ത് അഴിമതി ആരോപണങ്ങൾ ഉയരുന്ന ജൈവമാലിന്യ സംസ്‌കരണ ടെൻഡറിൽ കഴിഞ്ഞ വർഷം കരാർ ലഭിച്ചത് സിപിഎം നേതാവിന്റെ കമ്പനിക്ക് എന്ന വിവരവും പുറത്തു വരുന്നു. സ്റ്റാർ കൺസ്ട്രക്ഷൻസിന്റെ രണ്ട് പങ്കാളികളിൽ ഒരാൾ കളമശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സക്കീർ ബാബുവാണ്. ടെൻഡറിൽ അട്ടിമറി നടന്നു എന്ന പരാതിയിൽ വിജിലൻസ് അന്വേഷണവും കമ്പനി നേരിടുകയാണ്. കൊച്ചി കോർപ്പറേഷനിൽ പ്രതിദിന മാലിന്യ സംസ്‌കരണത്തിൽ ഏറ്റവും ഒടുവിൽ കരാർ നേടിയ കമ്പനി സ്റ്റാർ കൺസ്ട്രക്ഷൻസാണ്. തീപിടുത്തം ഉണ്ടായ മാർച്ച് രണ്ടിനാണ് കരാർ അവസാനിച്ചത്.

സക്കീർ ബാബു സിപിഎം ബ്രാഞ്ച് സെക്രട്ടറി, വിവാദ സിപിഎം നേതാവ് സക്കീർ ഹുസൈൻ നേതൃത്വം നൽകിയ സംഘടനയിലെ വൈസ് പ്രസിഡന്റ് സേവി ജോസഫ് എന്നീ രണ്ട് പേരാണ് കമ്പനി ഉടമകൾ. കോർപ്പറേഷൻ ടെൻഡർ ക്ഷണിക്കുന്നത് 2021 ഏപ്രിൽ 21നാണ്. മാലിന്യ സംസ്‌കരണത്തിൽ ഒരു മുൻപരിചയവും സ്റ്റാർ കൺസ്ട്രക്ഷൻസിനില്ല. എന്നാൽ ടെക്‌നോഗ്രൂപ്പ് എന്ന മറ്റൊരു കമ്പനിയുമായി ചേർന്ന് കരാർ സ്വന്തമാക്കിയത് മുതൽ അടിമുടി ദുരൂഹതകളാണ്. പ്രതിദിനം 250 ടൺ മാലിന്യ സംസ്‌കരിച്ചുള്ള പ്രവൃത്തി പരിചയം വേണമെന്നതാണ് പ്രധാന നിബന്ധന.

100 ടൺ പോലും പ്രതിദിന സംസ്‌കരണം നടക്കാത്ത ഒറ്റപ്പാലത്തെയും മലപ്പുറത്തെയും പ്രവൃത്തി പരിചയം കാട്ടി ടെക്‌നിക്കൽ ബിഡ് വിജയിച്ചതാണ് പ്രധാന ആരോപണം. സ്റ്റാർകൺട്രക്ഷൻസിന്റെ കരാർ കാലാവധി അവസാനിക്കാൻ രണ്ട് മാസം ബാക്കി നിൽക്കെ പുതിയ ടെൻഡർ ക്ഷണിക്കണമെന്ന ചട്ടം നിലനിൽക്കെ കോർപ്പറേഷൻ ഇതും അവഗണിച്ചു. ഒടുവിൽ തീ കത്തി വിവാദമായതിന് പിന്നിലാണ് ആരോപണങ്ങൾക്ക് പിന്നാലെ പുതിയ ടെൻഡർ ക്ഷണിച്ചത്.

പ്രതിദിന മാലിന്യ സംസ്‌കരണ കരാർ നേടിയെടുത്തതിലെ അഴിമതി ആരോപണങ്ങൾ സ്റ്റാർ കൺസ്ട്രക്ഷൻ്‌സ് വിജിലൻസ് അന്വേഷണം നേരിടുകയാണ്.