കൊച്ചി: ബ്രഹ്‌മപുരത്തെ തീ അണയ്ക്കാൻ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കൻ ഫയർ ഡിപ്പാർട്‌മെന്റിന്റെ വിദഗ്‌ധോപദേശം തേടുമ്പോഴും അനിശ്ചിതത്വം തുടരുന്നു. ന്യൂയോർക് ഫയർ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലിയുമായി ബന്ധപ്പെട്ടവർ ചർച്ച നടത്തി. നിലവിലെ തീ അണയ്ക്കൽ രീതി ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. തീ അണച്ച മേഖലകളിൽ ജാഗ്രത വേണണെന്നും നിർദ്ദേശം നൽകി. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ ( ഐ.ഐ.ടി ഗാന്ധിനഗർ) എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഓൺലൈൻ യോഗത്തിലാണ് ജോർജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ അടങ്ങിയിട്ടില്ല. ഇപ്പോഴും ചിലയിടത്ത് കത്തുന്നു. പതിനൊന്നാം ദിവസവും പുക തുടരുകയാണ്. മാലിന്യക്കൂനകളുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് വെല്ലുവിളിയായത്. ആളിപ്പടരുന്നില്ലെങ്കിലും നീറിനിൽക്കുന്ന തീ അത്ര എളുപ്പം അണയ്ക്കാൻ കഴിയുന്നില്ല. അണച്ച സ്ഥലത്ത് തീ പുകയുന്നു. കാറ്റും വലിയ വെല്ലുവിളിയാണ്. മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പ് ചെയ്താണ് പുക നിയന്ത്രണ വിധേയമാക്കുന്നത്. രാപകൽ ദൗത്യത്തിൽ ശനിയാഴ്ച 170 അഗ്‌നിശമന സേനാംഗങ്ങളും നേവിയിലെ 11 ഉദ്യോഗസ്ഥരും 150ലേറെ മറ്റു ജോലിക്കാരും പങ്കാളികളായി.

ബ്രഹ്‌മപുരത്ത് അഗ്‌നിശമനസേനയുടെ മുന്നറിയിപ്പ് ജില്ലാ ഭരണകൂടം അവഗണിച്ചുവെന്ന് രേഖകൾ പറയുന്നു. പ്ലാന്റിലെ അഗ്‌നിസുരക്ഷാ ക്രമീകരണങ്ങളിലെ അപാകതകൾ അഗ്‌നിശമനസേന 2022 ജനുവരിയിൽ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പ്ലാന്റിൽ പരിശോധന നടത്തിയ ശേഷം തൃക്കാക്കര സ്റ്റേഷൻ ഓഫീസറാണ് അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയത്. 2022 ജനുവരി അഞ്ചിനാണ് റിപ്പോർട്ട് നൽകിയത്. ഫയർ ഹൈഡ്രന്റും മോണിറ്ററും പ്രവർത്തനക്ഷമമല്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അഗ്‌നിശമന യൂണിറ്റുകൾക്ക് പ്ലാന്റിലേക്ക് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയുണ്ട്. സമീപത്തെ പുഴയിൽ നിന്ന് ജലം എടുക്കാൻ സാധിക്കുന്നില്ല. പ്ലാന്റിൽ വൈദ്യുതി കണക്ഷനില്ലെന്നതടക്കമുള്ള പോരായ്മകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മാലിന്യം ഇളക്കി മറിച്ച് വെള്ളം പമ്പ് ചെയ്യുന്ന നിലവിലെ രീതി തന്നെയാണ് ഏറ്റവും ഫലപ്രദമെന്നാണ് വിലയിരുത്തൽ. പുക അണയ്ക്കുന്നതിന് മറ്റു മാർഗങ്ങൾ യോഗം ചർച്ച ചെയ്‌തെങ്കിലും ബ്രഹ്‌മപുരത്തെ സാഹചര്യത്തിൽ ഇവ ഫലപ്രദമല്ല. പുക പൂർണമായും അണയ്ക്കുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുമുള്ള നിർദേശങ്ങളും യോഗം ചർച്ച ചെയ്തു. ഏലൂരിലും പരിസരത്തും ഇന്നു രാവിലെ പുക അനുഭവപ്പെട്ടു. പ്ലാന്റിന് സമീപത്തുള്ള ഫ്‌ളാറ്റുകളിൽ നിന്നും മറ്റും താമസക്കാരിൽ പലരും മാറിക്കഴിഞ്ഞു. കൊച്ചിയിൽ സർവ്വത്ര പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കൻ സഹകരണം തേടുന്നത്.

അതിനിടെ ബ്രഹ്‌മപുരത്തെ തീപിടിത്തത്തിലും മാലിന്യസംസ്‌കരണത്തിലും ഉത്തരവാദിത്തമില്ലെന്ന് കൈ കഴുകി സോൺട കമ്പനി. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ മാലിന്യസംസ്‌കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോൺട കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ബയോ മൈനിങ്, കാപ്പിങ് വഴി പഴയ മാലിന്യങ്ങളുടെ സംസ്‌കരണം എന്നിവ മാത്രമാണ് കമ്പനിയുടെ ഉത്തരവാദിത്തം. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണവും പ്ലാസ്റ്റിക് സംസ്‌കരണവും സോൺട കൈകാര്യം ചെയ്യേണ്ടതല്ലെന്നും കമ്പനി വിശദീകരിച്ചു.

ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന് കാരണം മാലിന്യങ്ങളിൽ നിന്നുള്ള മീഥേൻ ബഹിർഗമനവും കനത്ത ചൂടുമാണെന്നും സോൺട പറയുന്നു. 2021 സെപ്റ്റംബർ ആറിനാണ് കൊച്ചി കോർപ്പറേഷനുമായി കരാറിലെത്തിയതെന്നും 2022 ജനുവരി 21 നാണ് ആദ്യമായി സൈറ്റിൽ പ്രവർത്തനം തുടങ്ങിയതെന്നും സോൺട വ്യക്തമാക്കുന്നു. ഫെബ്രുവരിയിലും മാർച്ചിലുമായി കോർപ്പറേഷൻ അയച്ചുവെന്ന് പറയുന്ന കത്തുകൾ കിട്ടിയിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിയുന്നത്. സർക്കാരിന്റെ അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അറിയിച്ചു. പുകയുടെ സാഹചര്യത്തിൽ രോഗമുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചു. ചൊവ്വാഴ്ച മുതൽ ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി ആരോഗ്യസർവേ നടത്തും.

മന്ത്രിമാരുടെ സന്ദർശനത്തിനു പിന്നാലെ ബ്രഹ്‌മപുരത്ത് കഴിഞ്ഞ ദിവസം പുലർച്ചെ പ്ലാസ്റ്റിക് മാലിന്യം തള്ളി. പ്ലാസ്റ്റിക് മാലിന്യം ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകരുതെന്ന കോടതി നിർദ്ദേശം നിലനിൽക്കെയാണ് മാലിന്യം തള്ളിയത്. കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ബ്രഹ്‌മപുരം പാലത്തിനു സമീപം വാഹനങ്ങൾ തടഞ്ഞിട്ടു. ഇവരെ അറസ്റ്റ് ചെയ്തു നീക്കിയതിനു ശേഷമാണ് മാലിന്യം കൊണ്ടു പോയത്. കൊച്ചി നഗരത്തിൽ തടസ്സപ്പെട്ട മാലിന്യ നീക്കവും പുനരാരംഭിച്ചു.