- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്മപുരത്തെ തീയും പുകയും അടങ്ങിയെന്ന് ജില്ലാ ഭരണകൂടം; വിവാദങ്ങളിൽ മൗനം പൂണ്ട മുഖ്യമന്ത്രി മൗനം വെടിഞ്ഞത് ഫേസ്‌ബുക്കിൽ; ഇനി ക്യാപ്ടന്റെയും പിള്ളേരുടെയും വരവെന്ന് പരിഹസിച്ചു സൈബർ ലോകം; കൊച്ചിക്കാരെ വിഷപ്പുക തീറ്റിച്ചതിൽ കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര സർക്കാറും; ബ്രഹ്മപുരം കേരളത്തിന്റെ നന്ദിഗ്രാമെന്ന് തുറന്നടിച്ചു സിപിഐയും
തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിലെ തീയും വിഷപ്പുകയും അടണയുമ്പോൾ വിവാദപ്പുക ഉയർന്നു പൊങ്ങുന്നു. സംസ്ഥാന സർക്കാറിന്റെ അലംഭാവത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം രോഷം അണപൊട്ടുകയാണ്. സ്വന്തം മുന്നണിയിൽ നിന്നും ഈ വിഷയത്തിൽ സിപിഎമ്മിനെതിരെ എതിർപ്പുയരുന്നു. സർക്കാറിന്റെ തുടർവീഴ്‌ച്ചകൾ അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് മുല്ലക്കര രത്‌നാകരനെ പോലുള്ള നേതാക്കളും തുറന്നടിക്കുന്നത്. സിപിഐ യോഗത്തിൽ ഈ വിഷയം ചൂണ്ടിക്കാട്ടി മുല്ലക്കര തുറന്നടിച്ചതായുള്ള വാർത്തകളും പുറത്തുവരുന്നു. ബ്രഹ്മപുരം വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ഇത് കേരളത്തിന്റെ നന്ദിഗ്രാമാണെന്നും മുല്ലക്കര തുറന്നടിച്ചു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് മുൻ മന്ത്രി മുല്ലക്കര രത്നാകരനാണ് ആവശ്യമുന്നയിച്ചത്. ബ്രഹ്മപുരം കേരളത്തിന്റെ നന്ദിഗ്രാമാണെന്ന് മുല്ലക്കര പറഞ്ഞു. മറ്റു നേതാക്കളും വിഷയത്തിൽ ചർച്ച ആരംഭിച്ചപ്പോൾ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇടപെട്ടു. നിയമസഭ സമ്മേളനം നടക്കുന്നതിനാൽ ഇപ്പോൾ ചർച്ച വേണ്ടെന്ന് കാനം നിലപാട് സ്വീകരിക്കുകയായിരുന്നു. നേരത്തെ ബ്രഹ്മപുരം വിഷയത്തിൽ സഭയിലും സർക്കാർ അടിയന്തര പ്രമേയം അനുവദിച്ചിരുന്നില്ല.
അതേസമയം വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടായതും ശ്രദ്ധേയമായി. ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് കേരളത്തോട് റിപ്പോർട്ട് തേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. പൊതുജനാരോഗ്യം ഉറപ്പാക്കാൻ വേണ്ട സഹായങ്ങൾ നൽകുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റർ ഹാന്റിലിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ഇടപെടലാവശ്യപ്പെട്ട് വി മുരളീധരനും കോൺഗ്രസ് എംപിമാരും ആരോഗ്യമന്ത്രിയെ കണ്ടിരുന്നു.
അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും അടങ്ങിയെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങൾക്കൊടുവിൽ ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂർണമായി ശമിച്ചു എന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് വ്യക്തമാക്കി. വൈകീട്ട് അഞ്ചരയോടെ 100 ശതമാനവും പുക അണയ്ക്കാനായെന്ന് കളക്ടർ അറിയിച്ചു. തീയണച്ച സാഹചര്യത്തിൽ ഭാവിയിൽ ബ്രഹ്മപുരത്ത് തീപിടിത്തം ആവർത്തിക്കാതിരിക്കാൻ പദ്ധതികൾ അവലോകനം ചെയ്യാൻ ചേർന്ന ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീ അണയ്ക്കുന്നതിന് ശരിയായ മാർഗ്ഗം ഉപയോഗിച്ചുള്ള അഗ്നിശമന പ്രവർത്തനം നടത്തിയ കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡിപ്പാർട്ട്മെന്റിനേയും സേനാംഗങ്ങളെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചിരുന്നു. ഫയർ ഫോഴ്സിനൊപ്പം പ്രവർത്തിച്ച ഹോം ഗാർഡ്സ്, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവരുടെ ത്യാഗപൂർണമായ പ്രവർത്തനം പ്രത്യേകം അഭിനന്ദനം ആർഹിക്കുന്നു. ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്സ്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ബി പി സി എൽ, സിയാൽ, പെട്രോനെറ്റ് എൽ എൻ ജി, ജെ സി ബി പ്രവർത്തിപ്പിച്ച തൊഴിലാളികൾ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്. വിശ്രമ രഹിതമായ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെതിരെയും രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇതുവരെ മൗനം പാലിച്ച മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് അപാര ധൈര്യം തന്നെയെന്നാണ് ഉയരുന്ന വിമർശനം. ഇനി ക്യാപ്ടന്റെയും പിള്ളേരുടെയും വരവെന്ന് പരിഹസിച്ചു കൊണ്ടാണ് സൈബറിടത്തെ പ്രതികരണം. മൗനം വെടിഞ്ഞ മുഖ്യമന്ത്രിയെ പരിഹസിച്ചു യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും കമന്റിട്ടു. രാഹുലിന്റെ വാക്കുകൾ ഇങ്ങനെയാണ്: ''ബ്രഹ്മപുരം വിഷയത്തിൽ ജനം ശ്വാസം മുട്ടിയിരിക്കുമ്പോൾ മുഖ്യമന്ത്രി ഒന്നും ചെയ്തില്ല എന്ന് പറയുന്നവർക്ക് ഇതാ കിടിലൻ മറുപടി. മുഖ്യമന്ത്രി ഇതാ ഒരു പോസ്റ്റർ ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ സീയെമ്മെ.''
അതിനിടെ വിവാദം മുറുകവേ സോൻട ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ളയും രംഗത്തുവന്നു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യം കത്തിച്ചാൽ കരാറെടുത്ത കമ്പനിക്കു വൻ നഷ്ടമാണു ഫലം. പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാൻ സോൻട കരാർ എടുത്തിട്ടില്ല. മാലിന്യം കത്തിയതിൽ നഷ്ടം സംഭവിച്ചത് കമ്പനിക്കാണെന്നും രാജ്കുമാർ പറഞ്ഞു.
''നിയമാനുസൃതമാണ് ടെൻഡർ നേടിയത്. ബയോമൈനിങ്ങിൽ മുൻപരിചയമുണ്ട്. ബയോമൈനിങ് ഇതുവരെ 32% പൂർത്തിയാക്കി. ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഉത്തരവാദിത്തം കമ്പനിയിൽ ആരോപിക്കാൻ ഗൂഢാലോചന നടക്കുന്നു. ആരോപണങ്ങൾക്കു പിന്നിൽ ഇതേരംഗത്തുള്ള മറ്റു ചില കമ്പനികളാണ്. ടെൻഡർ എടുക്കാൻ മത്സരിച്ച ഒരു കമ്പനിയെ സംശയമുണ്ട്. എന്നാൽ അത് ആരെന്ന് ഇപ്പോൾ പറയുന്നില്ല'' അദ്ദേഹം പറഞ്ഞു.
തീപിടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായി പറയുന്ന രണ്ടു കത്തുകളും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ''അങ്ങനെ രണ്ടു കത്തുകൾ കിട്ടിയിട്ടില്ല. ഇല്ലാത്ത കത്ത് ഉപയോഗിച്ച് കോർപറേഷൻ വേട്ടയാടുന്നു. അഗ്‌നിശമന സംവിധാനം ഒരുക്കേണ്ടത് കരാർ കമ്പനിയല്ല. തീപിടിക്കാൻ കാരണം ജൈവമാലിന്യത്തിലെ രാസവസ്തുക്കളാണ്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ പതിന്മടങ്ങ് ജൈവമാലിന്യം ബ്രഹ്മപുരത്തുണ്ട്. ജൈവമാലിന്യം സംസ്‌കരിക്കേണ്ടത് സോൻട ഇൻഫ്രാടെക് അല്ല'' അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ