- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്മപുരത്ത് ഇന്ന് തന്നെ തീ അണക്കുമെന്ന് ജില്ലാ കളക്ടർ; തീ നിയന്ത്രണ വിധേയമെന്ന് മേയർ; തീ അണച്ചെന്ന് മന്ത്രി എംബി രാജേഷും; തീ പിടിച്ചതിൽ ദുരൂഹതയെന്ന് നാട്ടുകാർ; പ്രദേശത്ത് വൻതോതിൽ പുക വ്യാപിക്കുന്നു; കൂനയായി കിടക്കുന്ന മാലിന്യം ഇളക്കി തീയണയ്ക്കാൻ ശ്രമം; പ്രതിഷേധം ശക്തം
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം ഉണ്ടായതിൽ ദുരൂഹതയെന്ന് നാട്ടുകാർ. വീണ്ടും തീപിടിത്തം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. അഗ്‌നിശമന യൂണിറ്റുകൾ സ്ഥലത്തെ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സെക്ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. ജെസിബി ഉപയോഗിച്ച് മാലിന്യം ഇളക്കി മാറ്റുന്നു. പ്രദേശത്ത് വലിയ തോതിൽ പുക ഉയരുന്നുണ്ട്. രണ്ട് ഫയർ യൂണിറ്റുകളാണ് തീ അണയ്ക്കാനുള്ള പരിശ്രമം തുടരുന്നത്.
ഉറപ്പുകൾ ലംഘിച്ച് വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രദേശത്ത് തള്ളുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യങ്ങൾ ഇളക്കി മാറ്റുകയാണ് ചെയ്യുന്നത്. പ്രദേശത്ത് വൻതോതിൽ പുക ഉയരുന്നുണ്ട്. പ്രദേശവാസികൾ പുക ഉയരുന്നതിന്റെ ബുദ്ധിമുട്ടുകൾ അറിയിച്ച് പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
സെക്ടർ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. ബ്രഹ്മപുരത്ത് തുടർന്നിരുന്ന അഗ്‌നിരക്ഷാസേനയുടെ യൂണിറ്റുകൾക്കു പുറമേ ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. അഗ്‌നിശമന സേനയുടെ കൂടുതൽ യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തുന്നു. പ്രദേശത്ത് വ്യാപകമായി പുക നിറഞ്ഞിട്ടുണ്ട്.
കൂനയായി കിടക്കുന്ന മാലിന്യം ഇളക്കിയിട്ട് തീയണയ്ക്കാനാണ് ശ്രമിക്കുന്നത്. പ്രദേശത്ത് കനത്ത പുകയാണ് ഉയരുന്നത്. തീപിടിച്ച പ്രദേശത്തെ മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി നനയ്ക്കുകയാണ്. കഴിഞ്ഞതവണയുണ്ടായ തീപിടിത്തത്തിൽ ഏറ്റവും അവസാനം തീയണച്ച മേഖലയാണ് സെക്ടർ ഏഴ്.പ്ലാസ്റ്റിക്ക് കൂട്ടിയിട്ടിരുന്നതിൽനിന്നുമാണ് തീ കത്തിയതെന്നാണ് നിഗമനം.
തീ എത്രയും പെട്ടെന്ന് നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്ന് കലക്ടർ എൻ.എസ്.കെ.ഉമേഷ് അറിയിച്ചു. റീജനൽ ഫയർ ഓഫിസറുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു. അഗ്‌നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തുണ്ടെന്നും കലക്ടർ അറിയിച്ചു.
ആശങ്ക വേണ്ടെന്നും ഇന്ന് തന്നെ പൂർണ്ണമായും തീ അണക്കുമെന്നും ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു. തീ നിയന്ത്രണവിധേയമെന്ന് ഫയർ ഫോഴ്‌സ് അറിയിച്ചതായി മേയർ പറഞ്ഞു. തീ ഉടൻ അണക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പി വി ശ്രീനിജൻ എംഎൽഎയും അറിയിച്ചു. അതേ സമയം ബ്രഹ്മപുരത്തെ തീ അണച്ചെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇനി അവശേഷിക്കുന്നത് പുക മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.
ദിവസങ്ങളോളം നീണ്ടുനിന്ന തീയും പുകയും ശമിച്ചിട്ട് 12 ദിവസം കഴിയുമ്പോഴാണ് വീണ്ടും അഗ്‌നിബാധ. സെക്ടർ ഒന്നിലാണ് തീപ്പിടിത്തം ഉണ്ടായത്. തീപ്പിടിത്തത്തിന് പിന്നാലെ ശക്തിയായ പുകയും ചൂടുമാണ് പ്രദേശത്തുനിന്ന് ഉയരുന്നത്.
ബ്രഹ്മപുരത്ത് തീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഫയർഫോഴ്സ് യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീ കത്തി തുടങ്ങിയപ്പോൾ തന്നെ തീയണക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് മാലിന്യങ്ങൾ നീക്കി തീ അണക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.
പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതിൽ നിന്നുമാണ് തീ കത്തിയത്. പുകഞ്ഞ് കത്തി മാലിന്യകൂനക്ക് മുകളിലേക്ക് എത്തുമ്പോഴാണ് ഇത് അറിയാൻ സാധിക്കുക. അതുകൊണ്ട് തന്നെ തീ അണക്കുന്നത് ശ്രമകരമായ ജോലിയാണ്.
മാർച്ച് ഒന്നിന് വൈകിട്ട് നാലേകാലിന് ആരംഭിച്ച തീപിടിത്തം മാർച്ച് 13ന് പൂർണമായും അണച്ചിരുന്നു. കൊച്ചിയെയും സമീപപ്രദേശങ്ങളെയും മൂടിയ പുകയും മലിനീകരണവും മൂലം ജനങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായി.
110 ഏക്കറിലാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റ് പ്രവർത്തിക്കുന്നത്. ബ്രഹ്മപുരത്തുണ്ടായ ആദ്യ തീപ്പിടിത്തം ദേശീയ മാധ്യമങ്ങൾപോലും വാർത്തായാക്കിയിരുന്നു. നേരത്തെയുണ്ടായ തീപ്പിടത്തത്തിൽ 12 ദിവസങ്ങൾക്ക് ശേഷമാണ് തീയണയ്ക്കാൻ സാധിച്ചത്. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ആദ്യഘട്ടത്തിൽ കോർപ്പറേഷനും കളക്ടർക്കുമെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. പിന്നാലെ നൂറ് കോടി രൂപ ദേശീയ ഹരിത ട്രിബ്യൂണൽ കൊച്ചി കോർപ്പറേഷന് പിഴയിട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ