കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ഹരിത ട്രിബ്യൂണൽ വിധിയുടെ പേരിൽ മുൻ ഭരണകൂടത്തെ വിമർശിക്കുകയാണ് കൊച്ചി മേയർ അനിൽകുമാർ. തങ്ങളുടെ കാലത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മുൻ ഭരണസമിതിയുടെ കാലത്താണ് പ്രശ്‌നങ്ങളെന്നുമാണ് മേയർ അനിൽകുമാർ വാദിക്കുന്നത്. ഈ തുക അടയ്ക്കാൻ കഴിയില്ലെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.

ഈ വിധി നടപ്പാക്കേണ്ടി വന്നാൽ കോർപറേഷന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് മേയർ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കോർപറേഷന്റെ വാദം കേൾക്കാതെയും കോർപറേഷനുണ്ടായ നഷ്ടം കണക്കാക്കാതെയുമാണ് ട്രിബ്യൂണൽ പിഴ ചുമത്തിയതെന്നും മേയർ ആരോപിച്ചു. ബ്രഹ്മപുരത്ത് സംഭവിച്ചതിനെല്ലാം കാരണം കഴിഞ്ഞ ഭരണകാലത്തുണ്ടായ പിഴവുകളാണെന്നും മേയർ വാദിച്ചു. താൻ ഇത്രയും ദിവസം മിണ്ടാതിരുന്നത്, ഏതെങ്കിലുമൊരു സമയത്ത് സത്യം പുറത്തു വരുമെന്നുള്ളതുകൊണ്ടാണെന്നും മേയർ പറഞ്ഞു.

''നിയമവിദഗ്ധരുമായി ആലോചിച്ച് വിധിക്കെതിരെ അപ്പീൽ നൽകും. നീതി കിട്ടണമെന്നുള്ളതുകൊണ്ടാണ് സ്റ്റേയ്ക്ക് പോകുന്നത്. ട്രിബ്യൂണൽ ഉന്നയിച്ച പ്രധാനപ്പെട്ട ചില കാര്യങ്ങളെ ഗൗരവമായി കാണുന്നു. പരിസ്ഥിതിക്കു സംഭവിച്ച ആഘാതത്തെക്കുറിച്ച് തീർച്ചയായും കൊച്ചി നഗരസഭ പഠിക്കും' മേയർ പറഞ്ഞു. അതേസമയം സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ബ്രഹ്മപുരം വിഷയത്തിൽ ഉണ്ടായിരുന്നത്.

ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപറേഷൻ 100 കോടി രൂപ ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറി മുൻപാകെ കെട്ടിവയ്ക്കണമെന്നാണ് ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശിച്ചത്. ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ തുക ഉപയോഗിക്കണം. വായുവിൽ മാരക വിഷപദാർഥങ്ങൾ കണ്ടെത്തിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശിച്ചിട്ടുണ്ട്.

കൂടാതെ ഖര മാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കുന്നതിലും, സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതിലും കേരള സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ കുറ്റപ്പെടുത്തി. പരാജയത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി അവർക്കെതിരെ നടപടി സ്വീകരിക്കാത്ത മനോഭാവം നിയമ വാഴ്ചയ്ക്ക് ഭീഷണിയാണ്. സംസ്ഥാന പൊലീസ് മേധാവിയും, ചീഫ് സെക്രട്ടറിയും കുറ്റക്കാർക്കെതിരെ നിയമപരമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദേശീയ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കി.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങൾ സർക്കാർ ദീർഘകാലമായി അവഗണിക്കുകയാണ്. പരിസ്ഥിതിക്കും, ജനങ്ങളുടെ ആരോഗ്യത്തിനും ദോഷകരമായി ബാധിക്കുന്ന ഈ പ്രശ്നത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നും ട്രിബ്യൂണൽ കുറ്റപ്പെടുത്തി. പരാജയത്തിന് ഉത്തരവാദികളെ കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നില്ല. ഒരു സീനിയർ ഉദ്യോഗസ്ഥനെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. ഭാവി പദ്ധതികളെ കുറിച്ച് പറയുന്നതല്ലാതെ കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നൽകുന്നതിനെ കുറിച്ച് ഇപ്പോൾ പോലും പറയാത്ത സർക്കാർ നടപടി തികച്ചും ഖേദകരമാണെന്നും ട്രിബ്യൂണൽ വിധിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷ നിയമത്തിന്റെ അടിസ്ഥാനത്തിലോ, പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലോ കുറ്റക്കാർക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. സർക്കാർ സംവിധാനങ്ങളുടെ ഇത്തരം മനോഭാവം നിയമ വാഴ്ചയ്ക്ക് ഭീഷണിയാണ്. ആത്മ പരിശോധന അനിവാര്യമാണ്. കുറ്റക്കാരെ കണ്ടെത്താൻ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ഹരിത ട്രിബ്യൂണൽ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയും, ചീഫ് സെക്രട്ടറിയും നിയമപരമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ബ്രഹ്മപുരത്ത് ഖര മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് 2018 ൽ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നതായി ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതു ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നതിനാൽ ഇതിൽ സ്വീകരിക്കേണ്ട നടപടികളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ആവർത്തിച്ച് വീഴ്ച വരുത്തിയതിനാൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം നൽകാനോ, നിർദേശങ്ങൾ നടപ്പിലാക്കാനോ ബന്ധപ്പെട്ട സംവിധാനങ്ങൾ തയ്യാറായില്ലെന്ന് ട്രിബ്യൂണൽ തങ്ങളുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.