- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാൻ പുണെയിൽ ആയിരുന്നു; വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ; ക്രമേണ അത് ശ്വാസംമുട്ടലായി; ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി; ഇപ്പോഴും ശ്വാസംമുട്ടലുണ്ട്; പുക സമീപ ജില്ലകൾ പിന്നിട്ട് വ്യാപിക്കുകയാണ്; വലിയ അരക്ഷിതാവസ്ഥ: ഒടുവിൽ മമ്മൂട്ടിയും സത്യം പറഞ്ഞു; കൊച്ചിയിലെ കരച്ചിൽ മാധ്യമ സൃഷ്ടിയല്ല; മെഗാതാരവും 'നാടുവിടൽ' സമ്മതിക്കുമ്പോൾ
കൊച്ചി: ബ്രഹ്‌മപുരത്ത് ഒരു പ്രശ്‌നവുമില്ലെന്നാണ് അവിടുത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പ്രതികരണം. എല്ലാം മാധ്യമ സൃഷ്ടിയാണെന്ന് സഖാവ് പ്രതികരിച്ചത് ഇന്നലെയാണ്. എല്ലാ പ്രശ്‌നവും ഇന്നലെ കൊണ്ട് തീരുമെന്ന് സർക്കാരും പറഞ്ഞു. അമേരിക്കൻ വിദഗ്ദ്ധർ പോലും തീ അണക്കലിനെ അഭിനന്ദിച്ചുവെന്ന വാർത്തയും ജില്ലാ ഭരണകൂടം പുറത്തു വിട്ടു. അങ്ങനെ ഒന്നുമില്ലെന്ന് സിപിഎമ്മും സർക്കാരും പറയുമ്പോൾ തീയും പുകയും അണഞ്ഞാലും ബ്രഹ്‌മപുരം പ്രശ്‌നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടൻ മമ്മൂട്ടി പറയുന്നു. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യ. രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി ചൂണ്ടിക്കാട്ടി. സിപിഎം നിയന്ത്രണത്തിലുള്ള ചാനലായ കൈരളി ടിവിയുടെ ചെയർമാനാണ് മമ്മൂട്ടി. സിപിഎം സഹയാത്രികൻ. ഇതോടെ ബ്രഹ്‌മപുരത്തെ ബ്രാഞ്ച് സെക്രട്ടറിയുടെ വാദങ്ങൾ പൊളിയുകയാണ്. കൊച്ചി പ്രതിസന്ധിയിലാണെന്നതിന് ഏറ്റവും തെളിവാണ് മമ്മൂട്ടിയുടെ പ്രതികരണം.
പതിമൂന്ന് ദിവസമായി പ്രതിസന്ധിയിലാണ്. സിപിഎം സഹയാത്രികരായ ബുദ്ധിജീവികളാരും ഇതുവരെ ഒന്നും പറഞ്ഞില്ല. എന്നാൽ പതിയെ എല്ലാവരും പ്രതികരിക്കുകയാണ്. ഇതിന് തെളിവാണ് മമ്മൂട്ടിയുടെ അതിരൂക്ഷ പ്രതികരണം. ''ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാൻ പുണെയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായി. ഇന്നലെ ഷൂട്ടിങ്ങിനു വയനാട്ടിലെത്തി. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോൾ വീടുവിട്ടു മാറിനിൽക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്‌നം. സമീപ ജില്ലകൾ പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിത് '' ആശങ്ക പങ്കിട്ട് മമ്മൂട്ടി പറഞ്ഞു.
ബ്രഹ്‌മപുരം പ്ലാന്റ് തുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ് അവിടത്തെ പ്രശ്‌നങ്ങളും. അതു പരിഹരിക്കേണ്ട ചുമതല ഭരണകർത്താക്കൾക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കിൽ വിദേശത്തെ വിജയകരമായ രീതികളെയോ പുറത്തുനിന്നുള്ള നല്ല മാതൃകകളോ സ്വീകരിക്കണം. എല്ലാം ഭരണകൂടത്തിന്റെ ചുമലിൽ വച്ചു മാറിനിന്ന് ആരോപണങ്ങൾ മാത്രമുന്നയിക്കുന്ന ജനസമൂഹമായി നമ്മളും മാറരുത്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തിൽ നമ്മുടെ ഉത്തരവാദിത്തങ്ങൾ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിർത്തണം. ജൈവമാലിന്യങ്ങൾ വേറിട്ട് സംഭരിച്ച് സംസ്‌കരിക്കുകയോ ഉറവിട സംസ്‌കരണ രീതിയോ ഫലപ്രദമാക്കണം. കൊച്ചി ഒരു മഹാനഗരമായി വളർന്നു കഴിഞ്ഞു. ദിനം പ്രതി അത് വളരുകയാണ്. റോഡും വെള്ളവും പോലെ തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളിലൊന്നാണ് മാലിന്യ സംസ്‌കരണവും. കൊച്ചിയെ പുകപ്പൂട്ടിലിട്ട് ഇനിയും ശ്വാസംമുട്ടിക്കരുത് അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രഹ്‌മപുരം പ്ലാന്റിലെ തീപിടിത്തം കൊച്ചിയെയും സമീപസ്ഥലങ്ങളെയും വിഷപ്പുകയിലാക്കിയിട്ടും പ്ലാന്റ് സന്ദർശിക്കാൻ മന്ത്രിമാർ പോയത് എട്ടാം ദിവസം. മറ്റൊരു മന്ത്രിയാകട്ടെ, സമീപത്തെ കലക്ടറേറ്റിലെത്തിയിട്ടും പ്ലാന്റിലേക്കു പോയില്ല. ആരോഗ്യമന്ത്രി വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ കലക്ടറേറ്റിൽ ബ്രഹ്‌മപുരം പ്ലാന്റുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുത്തെങ്കിലും തൊട്ടു ചേർന്നുള്ള പ്ലാന്റ് സന്ദർശിച്ചില്ല. പ്രതിപക്ഷ എംഎൽഎമാരും മേയറും കളക്ടറും മാത്രമാണ് പ്ലാന്റിൽ കയറുന്നത്. ആരോഗ്യ ഭയമാണ് ഇതിന് കാരണം. മമ്മൂട്ടിയെ പോലുള്ളവർക്ക് പ്രതികരിക്കേണ്ടി വരുന്നതും ഈ ഭയം കൊണ്ടാണ്. കൊച്ചിയിലെ വായു മലിനീകരണം ദിനം പ്രതി ഉയർന്ന തോതിലേക്ക് മാറുകയാണ്.
പ്രതികരിച്ച് ഗ്രേസ് ആന്റണി
ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ പരിസര മലിനീകരണത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ തനിക്കുണ്ടായെന്ന് നടി ഗ്രേസ് ആന്റണി. ബ്രഹ്‌മപുരം വിഷയത്തിൽ പ്രതികരിച്ച് പ്രമുഖരായ സിനിമാതാരങ്ങളെത്തിയതിനു പിന്നാലെയാണ് ഗ്രേസ് ആന്റണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. പുക ആരംഭിച്ച അന്ന് മുതൽ തനിക്കും കുടുംബാംഗങ്ങൾക്കും തലവേദനയും കണ്ണ് നീറ്റലും ശ്വാസം മുട്ടലും ചുമയും തുടങ്ങിയെന്നും തീയണയ്ക്കാൻ പരിശ്രമിക്കുന്ന അഗ്‌നിശമന സേനയുടെയും ബ്രഹ്‌മപുരത്തിലെ ജനങ്ങളുടെയും അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയില്ലെന്നും ഗ്രേസ് പറയുന്നു.
''കഴിഞ്ഞ 10 ദിവസമായി അനുഭവിക്കുകയാണ് ജനങ്ങൾ.ഒന്ന് ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയിൽ നമ്മളെ ഈ നിലയിൽ ആരാണ് എത്തിച്ചത് നമ്മളൊക്കെത്തന്നെ അല്ലെ ? മറ്റാരുടെയും അവസ്ഥ പറയുന്നതിലും നല്ലതു ഞാൻ എന്റെ അവസ്ഥ പറയാം.പുക ആരംഭിച്ച അന്നുമുതൽ എനിക്കും എന്റെ വീട്ടിലുള്ളവർക്കും ചുമ തുടങ്ങി പിന്നെ അത് ശ്വാസം മുട്ടലായി, കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. നീണ്ട 10 ദിവസമായി ഞങ്ങൾ അനുഭവിക്കുന്നതാണ്
അപ്പോൾ തീയണയ്ക്കാൻ പാടുപെടുന്ന അഗ്‌നിശമന സേനയുടെയും ബ്രഹ്‌മപുരത്തിനെ ചുറ്റി ജീവിക്കുന്ന ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുത്. ഒരു ദുരവസ്ഥ വന്നിട്ട് അത് പരിഹരിക്കുന്നതിലും നല്ലതു അത് വരാതെ നോക്കുന്നതല്ലേ.ലോകത്തു എന്ത് പ്രശനം ഉണ്ടായാലും പൊളിറ്റിക്കൽ കറക്ട്‌നെസ്സ് എന്ന് പറഞ്ഞു പ്രതികരിക്കുന്ന നമുക്കു എന്താ ഇതിനെ പറ്റി ഒന്നും പറയാൻ ഇല്ലേ, അതോ പുകയടിച്ചു ബോധം കെട്ടിരിക്കുയാണോ' ? ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ലന്നുള്ള ഒരു ഉറപ്പാണ്. ഇപ്പോൾ അതും പോയിക്കിട്ടി.-ഗ്രേസ് ആന്റണി പറയുന്നു.
പ്രാണവായുവിന്റെ വില അറിഞ്ഞ് അശ്വതി ശ്രീകാന്ത്
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ വിമർശനവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. മനുഷ്യൻ സകലതും വെട്ടിപ്പിടിച്ചതിന് ശേഷം മിച്ചമുണ്ടായിരുന്നത് കുറച്ചു പ്രാണവായുവായിരുന്നു. കാശ് കൊടുക്കാതെ സുലഭമായി കിട്ടിയിരുന്ന ആ അവകാശം കൂടി കൊച്ചിക്കാർക്ക് ഇല്ലാതായിരിക്കുകയാണെന്ന് അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആരുടെ അനാസ്ഥയായാലും അധികാരികൾ ഇതിന് മറുപടി പറയണമെന്നും അശ്വതി പറഞ്ഞു.
ചിലരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വില കൊടുക്കുന്നത് ലക്ഷക്കണക്കിന് മനുഷ്യരാണ്. നുണകൾക്കു മേൽ നുണകൾ നിരത്തി ഈ പുകമറയിൽ നിങ്ങൾ എത്ര നാൾ ഒളിച്ചിരിക്കും. പുക മണം തിക്കി തലവേദനിക്കുന്ന വീടകങ്ങളിൽ, എല്ലാം നിങ്ങൾ പരിഹരിക്കും എന്ന് വിശ്വസിച്ച് ഞങ്ങൾ ഉറങ്ങിയാൽ, നാളെ ഉണരും എന്ന് എന്താണുറപ്പ് - അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ