- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് ലോറി മാലിന്യം ബ്രഹ്‌മപുരത്തേക്ക് അയച്ച് നൂറ് ലോറിയാക്കി കാണിച്ച് പണം തട്ടണം; അന്ന് ഗുഡ്‌നൈറ്റ് മോഹൻ നല്ലൊരു മാലിന്യ സംസ്കരണ പദ്ധതി മുന്നോട്ടുവച്ചെങ്കിലും കൊച്ചി നഗരസഭ കയ്യോടെ തള്ളി; അതിന് പിന്നിൽ അഴിമതി സ്നേഹം മാത്രം; ദുരനുഭവം തുറന്നുപറഞ്ഞ് ശ്രീനിവാസൻ
കൊച്ചി: ബ്രഹ്‌മപുരം പ്ലാന്റിലെ വിഷപ്പുക ശ്വസിച്ച് കൊച്ചിക്കാർ പൊറുതിമുട്ടിയതിന്റെ സങ്കടകഥകളാണ് എല്ലായിടത്തും നിറയുന്നത്. എന്നാൽ, ഈ സങ്കടവും, നിസ്സഹായാവസ്ഥയും വിവിധ ഭരണതലങ്ങളിലെ അനാസ്ഥയും അഴിമതിയും ആണെന്നാണ് പുറത്തുവരുന്നത്. ഇക്കാര്യത്തിൽ, കൊച്ചയിൽ താമസിക്കുന്ന ചലച്ചിത്ര രംഗത്തെ പ്രമുഖരും അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പ്രശ്‌നങ്ങൾക്കു കാരണം ചിലരുടെ അഴിമതിയോടുള്ള സ്‌നേഹമാണെന്ന് നടൻ ശ്രീനിവാസൻ കുറ്റപ്പെടുത്തി. മനോരമ ന്യൂസിന്റെ പരിപാടിയിലാണ് നടൻ ഇക്കാര്യം തുറന്നടിച്ചത്.
മാലിന്യ സംസ്‌കരണത്തിന് പദ്ധതി മുന്നോട്ടുവച്ച തന്റെ സുഹൃത്തും നിർമ്മാതാവുമായ ഗുഡ്‌നൈറ്റ് മോഹന് ഉണ്ടായ അനുഭവമാണ് ശ്രീനിവാസൻ തുറന്നുപറഞ്ഞത്. വിദേശത്തു നിന്നു മെഷിനറി ഇറക്കി മാലിന്യം സംസ്‌കരിക്കാമെന്നും അതിന്റെ ബൈ പ്രോഡക്റ്റ് മാത്രം തന്നാൽ മതിയെന്നുമാണ് ഗുഡ്നെറ്റ് മോഹൻ നിർദ്ദേശം മുന്നോട്ടുവച്ചത്. എന്നാൽ ആ നിർദ്ദേശം തള്ളിയതിന് പിന്നിൽ ഇത്തരം അഴിമതി സ്‌നേഹമാണെന്നും ശ്രീനിവാസൻ പറഞ്ഞു.
'വിദേശത്തുനിന്നു മെഷിനറി ഇറക്കുമതി ചെയ്ത് ചെലവ് നടത്തി മാലിന്യ സംസ്‌കരിക്കാമെന്നും അതിന്റെ ബൈപ്രോഡക്ട് മാത്രം തന്നാൽ മതിയെന്നുമായിരുന്നു ഗുഡ്‌നൈറ്റ് മോഹൻ മുന്നോട്ടുവെച്ച നിർദ്ദേശം. എന്നാൽ പത്ത് ലോറി മാലിന്യം ബ്രഹ്‌മപുരത്തേക്ക് അയച്ച് നൂറ് ലോറിയാക്കി കാണിച്ച് പണം തട്ടേണ്ടതിനാൽ നഗരസഭ ഇത് അംഗീകരിച്ചില്ല. വർഷങ്ങൾക്ക് മുൻപാണ് നഗരസഭയ്ക്ക് മുന്നിൽ ഗുഡ്‌നൈറ്റ് മോഹൻ ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്',ശ്രീനിവാസൻ പറഞ്ഞു.
അതേസമയം, ബ്രഹ്‌മപുരത്ത് അധികൃതർക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കർ പറഞ്ഞഴ. ഇത്രയധികം മാലിന്യം സംഭരിച്ചുവെക്കുന്നത് കുറ്റകൃത്യം ആണെന്നും കൊച്ചി വിട്ടുപോകാൻ ഇടമില്ലാത്തവർ എന്ത് ചെയ്യുമെന്നും അദ്ദേഹം ടെലിവിഷൻ ചാനലിനോട് പറഞ്ഞു.
നഗരത്തിലെ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മേയർക്കോ മന്ത്രിമാർക്കോ ഉദ്യോഗസ്ഥർക്കോ അറിയില്ലെന്ന് നടി രഞ്ജിനി അഭിപ്രായപ്പെട്ടു. മാലിന്യം വേർതിരിച്ച് നൽകിയാലും കൊച്ചി നഗരസഭ ഖര-ജൈവ മാലിന്യങ്ങൾ ഒരുമിച്ചാണ് തള്ളുന്നത്. ഇത് വേസ്റ്റ് മാനേജ്‌മെന്റല്ല, മിസ് മാനേജ്‌മെന്റാണ്. ഗ്രീൻ കൊച്ചി, ക്ലീൻ കൊച്ചിയെന്ന മുദ്രാവാക്യം മാറി ഗാർബേജ് കൊച്ചിയായെന്നും വളരെ ലജ്ജാകരമായ അവസ്ഥയാണെന്നും രഞ്ജിനി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ