- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജല അഥോറിറ്റിയുടെ ശുദ്ധജല പൈപ്പുകളിൽ ചോർച്ച സംഭവിച്ചാൽ പാലത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കോൺക്രീറ്റ് ബീമുകൾ ദ്രവിക്കുമെന്നും പൊതുമരാമത്ത് വകുപ്പിന്റെ വിചിത്ര ന്യായം; പൊന്നാനി കുണ്ടുകടവിൽ മരാമത്ത് പാലത്തിനു സമാന്തരമായി ജല അഥോറിറ്റിയുടെ മറ്റൊരു പാലവും; വികസനത്തിൽ ഏകോപനമില്ല; കേരളത്തെ മുടിക്കാൻ തലതിരിഞ്ഞ നയമെത്തുമ്പോൾ
മലപ്പുറം: പൊന്നാനി കുണ്ടുകടവിൽ മരാമത്ത് വകുപ്പ് നിർമ്മിക്കുന്ന പാലത്തിനു സമാന്തരമായി ജല അഥോറിറ്റിയുടെ മറ്റൊരു പാലവും വരുന്നതിലൂടെ തെളിയുന്നത് സർക്കാർ വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മ. സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് 5 മീറ്റർ വ്യത്യാസത്തിൽ 2 പാലങ്ങളാണ് പണിയുന്നത്. ജല അഥോറിറ്റിയുടെ ശുദ്ധജല പൈപ്പുകളിൽ ചോർച്ച സംഭവിച്ചാൽ പാലത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കോൺക്രീറ്റ് ബീമുകൾ ദ്രവിച്ചു തുടങ്ങുമെന്നും പറഞ്ഞാണ് മരാമത്ത് വകുപ്പിന്റെ ഈ കാടൻ തീരുമാനം.
ജല ജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കാനാണ് പുതിയ പാലം നിർമ്മിക്കുന്നത്. മരാമത്ത് വകുപ്പ് നിർമ്മിക്കുന്ന പാലത്തിലൂടെ പൈപ്പ് കൊണ്ടുപോകാൻ വകുപ്പ് അനുമതി നൽകാത്തതിനെത്തുടർന്നാണ് ജല അഥോറിറ്റി മറ്റൊരു പാലം നിർമ്മിക്കാൻ തയാറായിരിക്കുന്നത്. തീർത്തും വിചിത്രവും നാണക്കേടുമാണ് ഈ നിലപാട്. രാജ്യത്തുടനീളം പൈപ്പ് കൊണ്ടു പോകാനുള്ള അനുമതികൾ പാലത്തോട് ചേർന്ന് കൊടുക്കാറുണ്ട്. എന്നാൽ ഇത് കുണ്ടുകടവിൽ മാത്രം നടക്കുന്നില്ല. ഇതോടെയാണ് പുതിയ പാലം നിർമ്മിക്കുന്നത്.
പൈപ്പിന് ചോർച്ചയുണ്ടായാൽ അത് നിരീക്ഷിക്കാൻ സംവിധാനങ്ങളുണ്ട്. ഉടൻ ചോർച്ച അടയ്ക്കുകയും ചെയ്യാം. ഇതാണ് സാധാരണ നടക്കുന്നത്. പൊതുമരാമത്തിന്റെ പുതിയ നയം അനുസരിച്ചാണ് ജല പൈപ്പുകളൊന്നും പൊതുമരാമത്ത് പാലത്തിലൂടെ കൊണ്ടു പോകാൻ ഇനി അനുവദിക്കില്ല. അങ്ങനെ വ്ന്നാൽ കേരളത്തിൽ ഉടനീളം ഇനി രണ്ടു പാലങ്ങൾ പണിയേണ്ട ഗതികേട് വരും. നാടിന്റെ മുക്കിലും മൂലയിലും ജല വിതരണ പൈപ്പുകൾ ഉണ്ടെന്നതാണ് ഇതിന് കാരണം. പൈപ്പ് പൊട്ടി റോഡുകളും തകരാറിലാകുന്ന സംഭവങ്ങളുണ്ട്. ഇതിന്റെ പേരിൽ പൈപ്പിടാൻ പുതിയ റോഡ് എന്ന നയം പൊതുമരാമത്ത് എടുത്താൽ അതും പ്രതിസന്ധിയായി മാറും.
തലതിരിഞ്ഞ നയങ്ങളാണ് എല്ലാത്തിനും കാരണം. രണ്ട് പാലം കെട്ടുമ്പോൾ കോളടിക്കുന്നത് കോൺട്രാക്ടർമാർക്ക് മാത്രമാണ്. മരാമത്ത് വകുപ്പിന്റെ പുതിയ നയത്തിൽ സർക്കാരിന് കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്. ഗതാഗതത്തിനായി ഒരു പാലവും ശുദ്ധജല പൈപ്പ് കൊണ്ടുപോകുന്നതിനായി മറ്റൊരു പാലവും. 3.2 കോടി രൂപയാണ് ജല അഥോറിറ്റിയുടെ പാലത്തിനായി ചെലവഴിക്കേണ്ടി വരുന്നത്. ഗതാഗതത്തിനായി നിർമ്മിക്കുന്ന പാലത്തിന്റെ അതേ വലുപ്പത്തിലും ഉറപ്പിലുമാണ് പൈപ്പ് കൊണ്ടുപോകുന്നതിനായുള്ള പൈലിങ് ഉൾപ്പെടെയുള്ള പണികൾ പൂർത്തിയാക്കുക.
വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണെന്നും ഡിസൈൻ പുതുക്കി പൈപ്പ് ഒരു പാലത്തിൽ തന്നെ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പി.നന്ദകുമാർ എംഎൽഎ മുൻകയ്യെടുത്ത് ഉദ്യോഗസ്ഥ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മരാമത്ത് വകുപ്പ് പുതിയ നയത്തിൽ ഉറച്ച് നിൽക്കുകാണ്.
കുണ്ടുകടവിൽ 2 പാലങ്ങളുടെയും നിർമ്മാണം ഉടൻ തുടങ്ങും. ഗതാഗതത്തിനായി നിർമ്മിക്കുന്ന പാലത്തിന്റെ പൈലിങിൽ നിന്നും 5 മീറ്റർ മാറിയാണ് ജല അഥോറിറ്റിയുടെ പാലം നിർമ്മിക്കുക. കുണ്ടുകടവിൽ നിന്ന് പെരുമ്പടപ്പ് വരെയാണ് ആദ്യഘട്ടത്തിൽ ശുദ്ധജല പൈപ്പ് സ്ഥാപിക്കുന്നത്. പൊന്നാനി നരിപ്പറമ്പ് മുതൽ ചമ്രവട്ടം ജംക്ഷൻ വരെയുള്ള പൈപ്പ് സ്ഥാപിക്കൽ പണികളും തുടങ്ങും. ശുദ്ധജല വിതരണത്തിന് പെപ്പ് പണി അടിയന്തരമാണ്.
മറുനാടന് മലയാളി ബ്യൂറോ