കണ്ണൂർ: കേരളത്തിന്റെ ജനവാസ കേന്ദ്രത്തിലേക്കു കടന്ന് കർണാടക പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്താൻ തുടങ്ങിയത് വിവാദത്തിൽ. ഇത് അയ്യൻകുന്ന് പഞ്ചായത്തിന്റെ രണ്ടു വാർഡുകളിലെ ജനങ്ങളെ ആശങ്കയിലാക്കി. കർണാടകയുടെ വനാതിർത്തി പങ്കിടുന്ന പാലത്തിൻകടവ് മുതൽ കളിതട്ടുംപാറ വരെയുള്ള 9 കിലോമീറ്ററോളം നീളത്തിലാണ് ആറിടങ്ങളിലായി കർണാടക അടയാളപ്പെടുത്തൽ നടത്തിയത്. ഈ പ്രദേശത്ത് താമസിക്കുന്ന മുന്നൂറോളം കുടുംബങ്ങളാണ് പരാതിയുമായി ഉള്ളത്. ഈ മേഖലയിൽ ചുവപ്പ് പെയിന്റടിച്ച് അക്ഷരവും നമ്പറും രേഖപ്പെടുത്തി.

കേരളത്തിന്റെ ബാരാപോൾ ജലവൈദ്യുത പദ്ധതിയും പവർ ഹൗസും കെഎസ്ടിപി റീ ബിൽഡ് കേരള റോഡും പഞ്ചായത്ത് റോഡുകളും ഉൾപ്പെടെ 100 കണക്കിന് ഏക്കർ സ്ഥലം പരിസ്ഥിതിലോല മേഖലയ്ക്ക് ഉള്ളിലാണ്. ഇത് പുതിയ അതിർത്തി പ്രശ്‌നമായി മാറും. അധികാരമില്ലാത്ത പ്രവർത്തിയാണ് കർണ്ണാടകം ചെയ്തത്. വനാതിർത്തിയിൽ നിന്ന് ഏതാണ്ട് 5 കിലോമീറ്ററോളം കേരളത്തിന്റെ അകത്തേക്ക് കടന്നാണ് അടയാളപ്പെടുത്തുന്നത്. കേരള സർക്കാരിനെയോ, വനംറവന്യു വകുപ്പുകളെയോ അറിയിക്കാതെയാണു നടപടി. അടയാളപ്പെടുത്തലിന് എത്തിയവരും എന്തിനാണ് രേഖപ്പെടുത്തൽ നടത്തുന്നതെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നൽകുന്നില്ല. രണ്ടാംകടവ് വാർഡിലെ കളിതട്ടുംപാറയിൽ പഞ്ചായത്ത് റോഡിൽ എഴുതിയ അക്ഷരങ്ങൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു മായ്ച്ചു.

കേരളത്തിന്റെ ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കർണാടകയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എംഎൽഎ മന്ത്രി എ.കെ.ശശീന്ദ്രനെയും കലക്ടർ എസ്.ചന്ദ്രശേഖറെയും ഫോണിൽ ബന്ധപ്പെട്ടു. ഇതിനൊപ്പം കേരളത്തിലും ബഫർ സോണിൽ വിവാദം തുടരുകയാണ്. കരുതൽമേഖലാപ്രശ്‌നത്തിന് പരിഹാരംകാണാൻ സർക്കാർ പുറത്തിറക്കിയ മൂന്നാമത്തെ ഭൂപടത്തിലും പിഴവുകളും ആശയക്കുഴപ്പവും അണുള്ളത്. ജനവാസമേഖലയിലും വനത്തിലും ഒരേ സർവേനമ്പർ, വനത്തിന്റെ അതിർത്തിമാത്രം രേഖപ്പെടുത്തി കരുതൽമേഖല അടയാളപ്പെടുത്താത്ത പ്രദേശങ്ങൾ എന്നിവയാണ് കർഷകരിൽ ആശങ്കയുണ്ടാക്കുന്നത്. വനാതിർത്തിയും കരുതൽ മേഖലയുടെ അതിർത്തിയും വേർതിരിച്ച് കാണിക്കണമെന്നാണ് ആവശ്യം.

കരുതൽമേഖലയിൽ ഉൾപ്പെടാൻ സാധ്യതയുള്ള കൃഷിയിടങ്ങൾ, ജനവാസകേന്ദ്രങ്ങൾ, നിർമ്മിതികൾ എന്നിവയെക്കുറിച്ച് വ്യക്തമായ അടയാളപ്പെടുത്തൽ പുതിയ ഭൂപടത്തിലുമില്ല. ചിലയിടങ്ങളിൽ കരുതൽമേഖലയിലെ പഞ്ചായത്ത് പ്രദേശത്ത് പുറത്തുള്ള സ്ഥലങ്ങളുടെ പേരുചേർക്കപ്പെട്ടു. കരുതൽമേഖലയും വനവും പഞ്ചായത്ത് അതിർത്തിയും സംഗമിക്കുന്നിടത്ത് പഞ്ചായത്തിന്റെ അതിർത്തി വ്യക്തമാകുന്നില്ല. വ്യത്യസ്തഭൂപടങ്ങൾ പുറത്തുവിട്ട് ആശയക്കുഴപ്പം വഷളാക്കുകയാണ് സർക്കാരെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) ചെയർമാൻ അലക്‌സ് ഒഴുകയിൽ കുറ്റപ്പെടുത്തി. മൂന്നാമത്തെ ഭൂപടത്തിൽ പരാതി അയയ്ക്കാൻ നൽകിയ eszforest@kerala.gov.in എന്ന ഇ-മെയിൽ വിലാസംപോലും പ്രവർത്തനരഹിതം. ഇതിനിടെയാണ് കർണ്ണാടകത്തിന്റെ കടന്നു കയറ്റവും.

ജനുവരി ഏഴുവരെ പരാതി നൽകാമെന്നാണ് സർക്കാർ പറയുന്നത്. സർവേനമ്പർ വ്യക്തമല്ലാതിരിക്കെ ആധാരവുമായി ഒത്തുനോക്കാൻപോലുമാവാത്തതിനാൽ ഇത് എളുപ്പമല്ല. ഹെൽപ്പ്‌ െഡസ്‌കുകൾ എല്ലായിടത്തും തുടങ്ങിയിട്ടുമില്ല. സുപ്രീംകോടതി കേസ് പരിഗണിക്കുന്നത് ജനുവരി പതിനൊന്നിനാണ്. അതിനകം പരാതികൾ സ്വീകരിച്ച്, റിപ്പോർട്ട് തയ്യാറാക്കൽ എളുപ്പമല്ലെന്നതാണ് വസ്തുത. പത്തനംതിട്ടയിൽ പഞ്ചായത്തുകൾ വരെമാറിയാണ് പല സ്ഥലനാമങ്ങളും മൂന്നാമത്തെ ഭൂപടത്തിൽ രേഖപ്പെടുത്തിയത്. പൂർണമായും പെരിയാർ കടുവസങ്കേതത്തിൽ ഉൾപ്പെടുന്ന ശബരിമലയുംമറ്റും സീതത്തോട് പഞ്ചായത്തിൽ ഉൾപ്പെടുത്തി. പെരിയാർ കടുവസങ്കേതവുമായി ഒരു ബന്ധവുമില്ലാത്ത ചിറ്റാർ പഞ്ചായത്തും ഭൂപടത്തിലുമുണ്ട്.

കോട്ടയം എരുമേലി പഞ്ചായത്തിലെ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ വനഭൂമിയായി തുടരുന്നു. പഞ്ചായത്തിന്റെ പൂർണചിത്രവുമില്ല. എയ്ഞ്ചൽവാലി സ്‌കൂളെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ആ പ്രദേശം ഒരു പഞ്ചായത്തിന്റെയും പരിധിയിലല്ല. ഇടുക്കി മാങ്കുളം പഞ്ചായത്തുതന്നെ കാണാനില്ല. എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിന്റെ അതിർത്തിയായി ഭൂപടത്തിൽ കൊടുത്തിരിക്കുന്നത് ഇടമലക്കുടി പഞ്ചായത്താണ്. വനവും കരുതൽ മേഖലയും എവിടെ തുടങ്ങുന്നു, തീരുന്നുവെന്ന് വ്യക്തമല്ല. കൊല്ലത്ത് കുളത്തൂപ്പുഴ, തെന്മല പഞ്ചായത്തുകളിലെ സർവേ നമ്പറുകളൊന്നും വന്നിട്ടില്ല. കോഴിക്കോട് ചക്കിട്ടപാറ, കൂരാച്ചുണ്ട്, കട്ടിപ്പാറ, പുതുപ്പാടി പഞ്ചായത്തുകൾ മലബാർ വന്യജീവിസങ്കേതത്തിന്റെ കരുതൽമേഖല പരിധിയിലാണ്. സർവേനമ്പർ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലേത് മാത്രമാണ് ഉൾപ്പെടുത്തിയത്.