കൊച്ചി: ബഫർസോൺ വിഷത്തിൽ സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി കിട്ടാനുള്ള സാധ്യതകൾ ഏറെ. ബഫർസോണിലെ ജനവാസമേഖലകളെ ഒഴിവാക്കുന്നതിനുള്ള നടപടികൾ ജനുവരി 7ന് മുമ്പ് പൂർത്തിയാക്കുക അസാദ്ധ്യം. രണ്ടാഴ്ചയിൽ താഴെ സമയം മാത്രമേ ഇതിനുള്ളൂ. 87 തദ്ദേശസ്ഥാപനങ്ങളിലെ രണ്ടുലക്ഷത്തിലേറെ വീടുകളും വാണിജ്യസ്ഥാപനങ്ങളും കൃഷിയിടങ്ങളും ബഫർസോണിൽ നിന്ന് ഒഴിവാക്കണം. ഉപഗ്രഹസർവ്വേയിൽ ഇതുസംബന്ധിച്ച് വ്യക്തതയില്ലെന്ന് സർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്. ഫീൽഡ് സർവ്വേ നടത്തി ജനങ്ങളുടെ പരാതികളും ഭൂപടത്തിനൊപ്പം സുപ്രീംകോടതിയിലും കേന്ദ്ര എംപവർ കമ്മിറ്റിക്കും നൽകാനാണ് സർക്കാർ നീക്കം.

പരാതികൾ പ്രത്യേക ഫോറത്തിൽ തയ്യാറാക്കി ജിയോടാഗ് ചെയ്ത് ഇ.മെയിലായി അറിയിക്കണം. ഇതിന് പ്രത്യേക ഹെൽപ് ഡെസ്‌ക് ചില ജില്ലകളിൽ തുടങ്ങിയെങ്കിലും ജീവനക്കാരെ കണ്ടെത്തി സാങ്കേതികപരിശീലനം നൽകണം. അവർക്ക് പ്രവർത്തിക്കാൻ സൗകര്യം ഒരുക്കുകയോ,മൊബൈൽ യൂണിറ്റ് സജ്ജമാക്കുകയോ വേണം. ഇതെല്ലാം ദിവസങ്ങൾ എടുക്കുന്ന നടപടിക്രമങ്ങളാണ്. ജനുവരി 11നാണ് കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. ജനുവരി ഏഴ് വരെ പരാതികൾ നൽകാമെങ്കിലും 11ന് മുമ്പ് എങ്ങനെ പരിഹാരം കാണുമെന്ന പ്രതിഷേധക്കാരുടെ ചോദ്യത്തിന് സർക്കാരിന് മറുപടിയില്ല. ഇതാണ് കൂടുതൽ ആശങ്കയായി മാറുന്നത്. സമയം കൂട്ടി ചോദിച്ചാൽ കോടതി നൽകാനും ഇടയില്ല.

ഏറെ ആശങ്കകളും ആശയ കുഴപ്പങ്ങളും സർക്കാരിന്റെ പുറത്തു വിട്ട മാപ്പുകളിലുണ്ട്. വ്യക്തത കുറവും പ്രശ്‌നമാണ്. തിരുവനന്തപുരം ജില്ലയിൽ വിതുര പഞ്ചായത്തിലെ ബോണക്കാട് വാർഡ് പൂർണമായി ബഫർസോണിലാണ്. തൊഴിലാളി ലയങ്ങൾ, ആരാധനാലയങ്ങൾ, സ്‌കൂളുകൾ എന്നിവയും ഉൾപ്പെടുന്നു. കരടുഭൂപടത്തിൽ സർവേ നമ്പറുകൾ പ്രസിദ്ധീകരിച്ചാൽ മാത്രമേ നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതത്തിലെ ബഫർസോണിനക്കുറിച്ച് വ്യക്തത വരികയുള്ളൂ. ഉപഗ്രഹ സർവേയിൽ പ്ലോട്ട് മാത്രമായിരുന്നു. വനംവകുപ്പു കരടുഭൂപടത്തിൽ അമ്പൂരി പഞ്ചായത്തിലെ ജനവാസ മേഖലയെ പൂർണമായി ഒഴിവാക്കുന്നു. ഒരു വാർഡ് മാത്രമായിരിക്കും ബഫർ സോണിൽ ഉൾപ്പെടുക. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ അമ്പൂരി ടൗണിന്റെ ഭൂരിഭാഗവും ലോല മേഖലയിലായിരുന്നു.

ഉപഗ്രഹ സർവ്വേയിൽ വനം വകുപ്പ് ഭൂപടത്തിൽ കുളത്തൂപ്പുഴ ടൗൺ ഒഴിവായിട്ടുണ്ട്. ആദ്യ ഭൂപടത്തിൽ ഇത് ഉൾപ്പെട്ടിരുന്നു. തെന്മല പഞ്ചായത്തിലെ മൂന്നും നാലും വാർഡുകളിലെ ജനവാസ മേഖലകൾ 2 ഭൂപടത്തിലും ഉൾപ്പെട്ടിട്ടുണ്ട്. പുതിയ ഭൂപടം അനുസരിച്ച് ആര്യങ്കാവ് പഞ്ചായത്തിലെ വനമേഖലയിൽ ചെറിയ ഭാഗം ഒഴിവായിട്ടുണ്ട്. പത്തനംതിട്ട ഉപഗ്രഹ സർവേയിൽ ഉൾപ്പെട്ട ഗവി വനം വകുപ്പ് ഭൂപടത്തിലും ഉൾപ്പെട്ടിട്ടുണ്ട്. എരുമേലി പഞ്ചായത്തിലെ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ പൂർണമായി വനമേഖലയായി. 502 ഹെക്ടർ സ്ഥലത്ത് 1200 കുടുംബങ്ങളാണുള്ളത്. ബഫർ സോൺ പരിധിയിൽ വരുന്ന മൂക്കൻപെട്ടി, കണമല വാർഡുകളിലും ഒട്ടേറെ വീടുകളും സർക്കാർ സ്ഥാപനങ്ങളും ഉണ്ട്.

കുമളി നഗരത്തെ വനം വകുപ്പിന്റെ കരടു ഭൂപടത്തിൽ ബഫർ സോണിൽ നിന്ന് ഒഴിവാക്കി. ഉപഗ്രഹ സർവേയിൽ കുമളിയിലെ 10 വാർഡുകൾ ഉൾപ്പെട്ടിരുന്നു. പാമ്പാടുംചോല ദേശീയോദ്യാനത്തിനു സമീപത്തെ 2 ബ്ലോക്കുകൾ ബഫർ സോണിലാണ്. കാന്തല്ലൂർ, പെരുമല എന്നിവിടങ്ങളിലെ ജനവാസ മേഖലകളും ബഫർ സോണിലാണ്. എറണാകുളം ജില്ലയിൽ തട്ടേക്കാട് പക്ഷി സങ്കേതത്തിലും മംഗളവനം പക്ഷി സങ്കേതത്തിലും ഉപഗ്രഹ സർവേയുടെ അടിസ്ഥാനത്തിലുള്ള ലോല മേഖലയെക്കാൾ കുറവാണ് വനം വകുപ്പിലെ കരടു ഭൂപടത്തിൽ. മംഗളവനത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ 90 % നഗരപ്രദേശമാണ്. നേര്യമംഗലം, കുട്ടമ്പുഴ പഞ്ചായത്തിലെ ഏതാനും വാർഡുകളും കുട്ടമ്പുഴയിലെ ഒരു വാർഡും ലോലമേഖലയാണ്.

തൃശൂർ ചിമ്മിനി വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള ബഫർസോണിൽ ആരാധനാലയങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, സ്‌കൂളുകൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ചൂലന്നൂർ മയിൽ സങ്കേതത്തിന്റെ ബഫർസോണിൽ തിരുവില്വാമല പഞ്ചായത്തിന്റെ വലിയൊരു ഭാഗം ഉൾപ്പെടുന്നു. പീച്ചി വാഴാനി വന്യജീവി സങ്കേതത്തിന്റെ ബഫർസോണിലും വീടുകൾ, ആരാധനാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചു പരാമർശമില്ല. ചൂലന്നൂർ സങ്കേതത്തിന്റെ ബഫർസോണിൽ തിരുവില്വാമല പഞ്ചായത്തിന്റെ വലിയൊരു ഭാഗം ഉൾപ്പെട്ടിട്ടുണ്ട്.

കണ്ണൂരിൽ കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളുടെ ഉപഗ്രഹ ഭൂപടം സർവേ നമ്പറുകൾ ഇല്ലാതെയാണ് പ്രസിദ്ധീകരിച്ചത്. കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലെ ഏതൊക്കെ പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഇതെല്ലാം പരാതിയായി മാറുന്നു. എല്ലാ ജില്ലകളിൽ നിന്നും ഇത്തരം പ്രശ്‌നങ്ങളുയരുന്നുണ്ട്. ഇതിനെല്ലാം രണ്ടാഴ്ച കൊണ്ട് പ്രശ്‌ന പരിഹാരം അസാധ്യമാണ്.