- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനം വകുപ്പിന്റെ ഭൂപടമാണ് അടിസ്ഥാന രേഖയെന്നു മുഖ്യമന്ത്രി; സുപ്രീംകോടതി നിർദ്ദേശിച്ചത് സർക്കാർ ഏജൻസിയുടെ സഹായത്തോടെ ജനവാസ മേഖലകൾ നിർണയിച്ച് 3 മാസത്തിനകം റിപ്പോർട്ട് നൽകാൻ; സുപ്രീംകോടതിയിൽ മൂന്ന് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതും തിരിച്ചടിയായേക്കും; ബഫർസോണിൽ സർവ്വത്ര ആശയക്കുഴപ്പം; സമയമില്ലാത്തതും തിരിച്ചടിയാകും; കേരളത്തിന്റെ മലയോരം ആശങ്കയിൽ
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖല അടയാളപ്പെടുത്തുന്ന വനംവകുപ്പ് കരടുഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചതുണ്ടാക്കുന്നത് വൻ ആശയക്കുഴപ്പം. ജനവാസമേഖലകളെ ഒഴിവാക്കിയാണ് (സീറോ ബഫർസോൺ) കരടുഭൂപടം തയാറാക്കിയതെന്ന വനം വകുപ്പിന്റെ വാദം പൊളിയുകയാണ് എന്നതാണ് വസ്തുത. സർക്കാർ വെബ്‌സൈറ്റിലൂടെ ഭൂപടം പുറത്തു വിട്ട് രണ്ടാം ദിവസവും ആശങ്കകളും അവ്യക്തതകളും സങ്കീർണ്ണതകളിലേക്ക് കടക്കുകയാണ്.
സർവേ നമ്പറുകൾ ഏതൊക്കെയാണെന്നു വനം വകുപ്പ് ഭൂപടത്തിൽ ഇല്ലാത്തതിനാൽ ബഫർസോണിൽ നിന്നു പ്രദേശങ്ങൾ ഒഴിവായിട്ടുണ്ടോ, കൂടുതൽ ജനവാസകേന്ദ്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അവ്യക്തതയായി നിലനിൽക്കുന്നു.
ബഫർ സോൺ ആശങ്കയിൽ പലയിടത്തും ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. ഉപഗ്രഹ സർവേയിലും കരടു ഭൂപടത്തിലും കോട്ടയം എരുമേലി പഞ്ചായത്തിലെ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ ഉൾപ്പെട്ടതോടെ നാട്ടുകാർ വനംവകുപ്പ് ഓഫിസിലേക്കു മാർച്ച് നടത്തി. പ്രതിഷേധക്കാർ കുളങ്ങരപ്പടിയിൽ വനം വകുപ്പ് സ്ഥാപിച്ചിരുന്ന ബോർഡ് പിഴുത് എഴുകുമൺ വനംവകുപ്പ് ഓഫിസിനു മുന്നിലെത്തിച്ച് കരി ഓയിൽ ഒഴിച്ചു. ഇടുക്കി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
വനം വകുപ്പിന്റെ ഭൂപടമാണ് അടിസ്ഥാന രേഖയെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഉപഗ്രഹ സർവേ പ്രകാരമുള്ള പരാതികളും വെറുതെയാകുമോ എന്ന സംശയം ശക്തമാണ്. വ്യാഴാഴ്ച വരെ 12,500 പരാതികളാണ് വനം വകുപ്പിന് ലഭിച്ചത്. ഇതെല്ലാം ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ഉൾപ്പെടുത്താതെ പോയ നിർമ്മിതികളെക്കുറിച്ചും മറ്റുമുള്ള പരാതികളായിരുന്നു. വനം വകുപ്പിന്റെ റിപ്പോർട്ട് പുറത്തു വന്നതോടെ കൂടുതൽ പരാതികൾ വന്നേക്കും. ഇതുവരെ ലഭിച്ച പരാതികളിൽ 3000 എണ്ണം വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് അയച്ചു കൊടുത്തു.
ക്രിസ്മസ് അവധിയിലാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും. നേരിട്ടുള്ള സ്ഥല പരിശോധനയെ ഇതു ബാധിക്കുമോയെന്ന ആശങ്കയും ഉണ്ട്. അവധിയുടെ പേരിൽ ദിവസങ്ങൾ നഷ്ടമായാൽ നിശ്ചിത സമയത്തിനകം സ്ഥലപരിശോധന പൂർത്തിയാക്കാൻ കഴിയില്ല. ഹെൽപ് ഡെസ്‌ക് സജ്ജമാക്കുന്നതിനും സ്ഥലപരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ടും കഴിഞ്ഞ ദിവസം തദ്ദേശറവന്യുവനം മന്ത്രിമാർ വിളിച്ച യോഗത്തിൽ 87 പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണ് പങ്കെടുത്തത്. ഈ പഞ്ചായത്തുകളിലെ പരിസ്ഥിതിലോല മേഖലകളിലെല്ലാം പരിശോധന നടത്തേണ്ടതുണ്ട്. ഇതിനാണ് അവധി തടസ്സമാകുന്നത്.
പരാതികൾ എത്രയും വേഗം തരംതിരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറിയശേഷം നേരിട്ടു സ്ഥലപരിശോധന തുടങ്ങാനാണു തീരുമാനം. ഇടുക്കി ഉൾപ്പെടെയുള്ള ചില ജില്ലകളിൽ ഇന്നലെ സ്ഥലപരിശോധന ആരംഭിച്ചു. വനം വകുപ്പ് ഭൂപടത്തിന്മേൽ പരാതികൾ നൽകാൻ അനുവദിച്ചിരിക്കുന്ന സമയം ജനുവരി 7 വരെയാണ്. ജനുവരി 11 ന് അകം നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സുപ്രീംകോടതിക്കു കൈമാറുമെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. ഇത് അസാധ്യമാണ്. പരിസ്ഥിതിലോല വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ 3 റിപ്പോർട്ടുകൾ സമർപ്പിക്കാനാണ് സർക്കാർ തീരുമാനം.
കേരളത്തിന്റെ വാദങ്ങൾ കോടതി തള്ളിയാൽ പിന്നെയെന്ത് എന്നതും ചോദ്യമാണ്. 3 മാസത്തിനകം ഉപഗ്രഹ സർവേ റിപ്പോർട്ട് നൽകാനാണു സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്നാൽ, കേരളം നൽകാനൊരുങ്ങുന്നത് 3 റിപ്പോർട്ടുകളാണ് ഉപഗ്രഹ സർവേ റിപ്പോർട്ട്, വനം വകുപ്പ് 202021 ൽ തയാറാക്കിയ ഭൂപടം, നേരിട്ടുള്ള സ്ഥലപരിശോധന റിപ്പോർട്ട് എന്നിവ. വനം വകുപ്പിന്റെ ഭൂപടം നേരത്തേ കേന്ദ്ര എംപവേഡ് കമ്മിറ്റിക്കും സുപ്രീം കോടതിക്കും സമർപ്പിച്ചിരുന്നു. 3 റിപ്പോർട്ടുകൾ കോടതി അംഗീകരിക്കുമോയെന്നതാണ് നിർണ്ണായകം.
സർക്കാർ ഏജൻസിയുടെ സഹായത്തോടെ ജനവാസ മേഖലകൾ നിർണയിച്ച് 3 മാസത്തിനകം റിപ്പോർട്ട് നൽകാനാണു സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും സുപ്രീം കോടതി നിർദേശിച്ചത്. ഇതു പാലിക്കുന്നതിനു പകരം, 202021 ൽ തയാറാക്കിയ ഭൂപടം അടിസ്ഥാനമാക്കണമെന്നു കേരളം ആവശ്യപ്പെട്ടാൽ കോടതി അംഗീകരിക്കുമോയെന്നു വ്യക്തമല്ല.
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ പരിശോധിക്കുന്നത് തദ്ദേശറവന്യുവനം വകുപ്പുകളുടെ നേതൃത്വത്തിലാണ്. വനം വകുപ്പിൽ ലഭിച്ച പരാതികൾ തരംതിരിച്ച് തദ്ദേശ സ്ഥാപനങ്ങൾക്കു കൈമാറിയ ശേഷം നേരിട്ടു സ്ഥലപരിശോധന തുടങ്ങാനാണ് തീരുമാനം. പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്‌ക്കുകൾ ആരംഭിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസം തന്നെ ഹെൽപ് ഡെസ്‌ക്കുകൾ ആരംഭിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ