തിരുവനന്തപുരം :ബഫർസോൺ പ്രശ്‌നത്തിൽ നിൽക്കകള്ളിയില്ലാതായ സർക്കാറിന് തലവേദന കൂട്ടി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഭൂപടവും. ഉപഗ്രഹസർവ്വേ റിപ്പോർട്ട് തന്നെ ജനങ്ങളെ ആശങ്കയിലാഴ്‌ത്തുമ്പോഴാണ് കഴിഞ്ഞ ദിവസ ഭൂപടം പ്രസിദ്ധീകരിച്ചത്. ഇതോടെ ജനങ്ങളുടെ ആശങ്കയും വർദ്ധിച്ചു.ഇതിന് പിന്നാലെ പരാതി പ്രളയമാണ് ജനങ്ങളുടെ മുന്നിലേക്കെത്തുന്നത്.

12000 ലേറെ പരാതികളാണ് ഇത് വരെ കിട്ടിയത്. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും ആണ് പരാതികൾ. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫർ പരിധിയിൽ പെട്ടതിന്റെ ഫോട്ടോകൾ സഹിതമാണ് പല പരാതികളും. ജനുവരി 11 ന് സുപ്രീം കോടതി കേസ് പരിഗണിക്കും മുൻപ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പുതുക്കി നൽകണം എന്നതാണ് സർക്കാരിന് മുന്നിലെ വെല്ലുവിളി.

അതേ സമയം സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശത്തിന്റെ ആകാശ സർവേ ഭൂപടത്തിൽ പിഴവുണ്ടെന്നാണ് ഡിഎഫ്ഒ എസ്. വിനോദ് അറിയിക്കുന്നത്. സൈലന്റ് വാലിക്ക് നേരത്തെ തന്നെ ബഫർ സോൺ ഉള്ളതിനാൽ, കൂട്ടിച്ചേർക്കൽ വേണ്ടിവരില്ല. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.

ഇതിനുപുറമെ വിഷയത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവും ശക്തമാകുന്നുണ്ട്.ബഫർസോൺ വിഷയത്തിൽ വനംവകുപ്പിനെതിരെ എരുമേലിയിലും പമ്പാവാലിയിലും ജനകീയ സമരസമിതിയുടെ പ്രതിഷേധം. പമ്പാവാലിയിൽ വനം വകുപ്പ് ഓഫിസിന്റെ ബോർഡ് സമരക്കാർ പിഴുതുമാറ്റി.

ബോർഡ് കരി ഓയിൽ ഒഴിച്ച് കത്തിക്കുകയും ചെയ്തു.ഉപഗ്രഹ സർവേയിലും വനംവകുപ്പിന്റെ ഭൂപടത്തിലും രണ്ട് വാർഡുകൾ വനമായി രേഖപ്പെടുത്തിയതിനെ തുടർന്നാണ് വനംവകുപ്പിനെതിരെ നാട്ടുകാർ തിരിഞ്ഞത്. ഏയ്ഞ്ചൽവാലിയിലെ നാട്ടുകാരും പ്രതിഷേധിക്കുകയാണ്.എന്നാൽ ഈ വിഷയത്തെയും തങ്ങളുടെ പതിവ് രീതിയിൽ ജനകീയ കൺവെൻഷനിലൂടെയും മറ്റും മറികടക്കനാണ് സിപിഎമ്മിന്റെ ശ്രമം.എന്നാൽ പ്രതിപക്ഷം കെ റെയിൽ വിഷയത്തിന് സമാനമായി വിഷയത്തെ ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കുന്നുണ്ട്.

ബഫർ സോൺ യാഥാർത്ഥ്യമെന്നും ഇതംഗീകരിക്കണമെന്നും കോഴിക്കോട് കൂരാച്ചുണ്ടിൽ നടന്ന ജനകീയ കൺവെൻഷനിൽ ജോയ്‌സ് ജോർജ്ജ് പറഞ്ഞു. മലയോര മേഖലയിലെ അൻപതോളം കർഷകരാണ് കൂരാച്ചുണ്ടിൽ നടന്ന കൺവെൻഷനെത്തിയത്.ബഫർസോൺ വിഷയത്തിൽ പ്രതിരോധം തീർക്കുന്നതിന്റെ ആദ്യപടിയായാണ് ജനകീയ കൺവെൻഷൻ. ബാലുശ്ശേരി എംഎൽഎ സച്ചിൻദേവിന്റെ നേതൃത്വത്തിലാണ് കൂരാച്ചുണ്ട്, ചക്കിട്ടപാറ, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവരെയുൾക്കൊള്ളിച്ച് കൂരാച്ചുണ്ടിൽ കൺവെൻഷൻ സംഘടിപ്പിച്ചത്.

ഹൈറേഞ്ച് സമരസമിതിയുടെ അമരത്തുണ്ടായിരുന്ന ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജ്ജ് തന്നെ സർക്കാർ നിലപാട് വിശദീകരിക്കാനെത്തി. മലയോര ജനതയുടെ ആശങ്ക സ്വാഭാവികമാണ്. പക്ഷേ, ബഫർസോൺ അംഗീകരിച്ചേ പറ്റൂ എന്നും ജോയ്‌സ് ജോർജ്ജ് വിശദീകരിച്ചു. കൺവെൻഷനിൽ വിപുലമായ കർഷക പ്രാതിനിധ്യം ആദ്യഘട്ടിൽ ഉൾക്കൊള്ളിക്കാനായില്ലെങ്കിലും അടുത്ത ഘട്ടത്തിൽ രാഷ്ട്രീയ വിശദീകരണയോഗം സിപിഎം സംഘടിപ്പിക്കുന്നുണ്ട്. ഈമാസം 28 ന് ചക്കിട്ടപാറയിലാണ് പൊതുയോഗം.