കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ വാക്കുകൾ മലയോര കർഷകർക്ക് ആശ്വാസമാകുന്നില്ല. ഉപഗ്രഹ സർവേ മാപ്പ് അബദ്ധജഡിലമാണെന്നും അതിനാൽ അത് പിൻവലിക്കണമെന്നും താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടതിന് പിന്നാലെ, രൂപതയുടെ പ്രത്യക്ഷ സമരത്തിനും തുടക്കമായി. രൂപതയുടെ നേതൃത്വത്തിലുള്ള കർഷക അതിജീവന സംയുക്ത സമിതിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്.

കക്കയത്തു നിന്നും പൂഴിത്തോട് നിന്നും തുടങ്ങിയ ജനജാഗ്രത യാത്ര വൈകിട്ട് അഞ്ച് മണിയോടെ കൂരാച്ചുണ്ടിൽ സംഗമിക്കും. തുടർന്ന് നടത്തുന്ന പ്രതിഷേധ സംഗമം ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. ബഫർ സോൺ വിഷയത്തിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാതെ മലയോരമേഖലയിലെ ജനങ്ങളെ നിശബ്ദമായി കുടിയിറക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബിഷപ്പ് ഇന്നലെ പറഞ്ഞിരുന്നു.

കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സർക്കാരുകൾ ഈ വിഷയത്തിൽ ജനപക്ഷ നിലപാട് സ്വീകരിച്ച് കർഷകർക്കൊപ്പം നിന്നു. എന്നാൽ കേരളം മാത്രം കർഷക വിരുദ്ധമായ നിലപാടാണ് തുടർച്ചയായി സ്വീകരിക്കുന്നത്. ബഫർ സോൺ വനത്തിനുള്ളിൽ മാത്രം പരിമിതപ്പെടുത്തുവാൻ സർക്കാർ തയാറാകണം. ഈ വിഷയത്തിൽ റവന്യൂ മന്ത്രി നിശബ്ദമായിരിക്കുന്നത് ഒട്ടേറെ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതാണ്.

അബദ്ധജടിലമായ മാപ്പ് പ്രസിദ്ധീകരിച്ച് ജനങ്ങളെ ആശങ്കയിൽ ആക്കുകയാണ് സർക്കാർ ഇപ്പോൾ ചെയ്തത്. റവന്യൂ ഭൂമിയുടെ സ്ഥിതിവിവര കണക്ക് ശേഖരിക്കണ്ടേത് റവന്യുവകുപ്പാണ്. അത് വനം വകുപ്പിനെ ചുമതലപ്പെടുത്തിയത് സർക്കാരിന്റെ തെറ്റായ നയത്തിന്റെ സൂചനയാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ മറ്റു മൂന്നു മന്ത്രിമാരെ ഈ വിഷയങ്ങൾ പഠിച്ച് ഏകോപനം നടത്തുവാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തണമെന്ന് ബിഷപ് ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തായിരുന്നപ്പോൾ ഒരു നിലപാടും ഭരണപക്ഷത്ത് എത്തുമ്പോൾ മറ്റൊരു നിലപാടും എന്ന നയം ഇപ്പോഴത്തെ ഭരണാധികാരികൾക്ക് ഭൂഷണം അല്ലെന്നും ബിഷപ് വിമർശിക്കുകയും ചെയ്തു.

താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞത് പോലെ ഉപഗ്രഹ സർവേയിലെ അപാകതകളാണ് വീണ്ടും സമരത്തിലേക്ക് കർഷകരെ സമരത്തിലേക്ക് തള്ളി വിട്ടത്. 22 സംരക്ഷിത വനപ്രദേശങ്ങളുടെ കരുതൽ മേഖലയിൽ വീടും കടകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളുമടക്കം 49,324 കെട്ടിടങ്ങളുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. പ്രാദേശികമായ സ്ഥലപ്പേരുകളില്ലാതെ, അവ്യക്തമായ സർവേ നമ്പർ മാത്രമുള്ള റിപ്പോർട്ടിനെ ചൊല്ലിയാണ് ആശങ്ക.

ഇപ്പോഴത്തെ പ്രശ്‌നം ഏതൊക്കെ വീടുകളും കടകളും ഒക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതിലെ അവ്യക്തതയാണ്. ജനവാസമേഖകളെ കരുതൽ മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് ഉപഗ്രഹ സർവേക്ക് പകരം ഗ്രൗണ്ട് സർവേയും, ഗൂഗിൾ മാപ്പ് പോലെയുള്ള സംവിധാനങ്ങളും ഉപയോഗപ്പെടുത്തണമെന്നും കർഷകരും താമസക്കാരും ആവശ്യപ്പെടുന്നു.

ഉപഗ്രഹ സർവേ റിപ്പോർട്ട് പ്രകാരം, വയനാട്ടിൽ 13,581 ജനവാസ കേന്ദ്രങ്ങൾ കരുതൽ മേഖലയിൽ ഉൾപ്പെടും. കോഴിക്കോട് ജില്ലയിൽ താമസക്കാരായ 80,000-ത്തോളം പേർക്ക് റിപ്പോർട്ട് ദോഷം ചെയ്യും.

ജനങ്ങൾ ഭയക്കുന്നത് കർശന നിയന്ത്രണങ്ങൾ

സുപ്രീം കോടതി നിർദ്ദേശപ്രകാരം എല്ലാ വാണിജ്യ ഖനനങ്ങൾക്കും പുതിയതും പഴയതുമായ എല്ലാ ക്വാറികൾക്കും നിരോധനം വരും. പുതിയ വ്യവസായ സ്ഥാപനങ്ങൾക്കോ മലിനീകരണമുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ വ്യാപിപ്പിക്കലിനോ അനുമതി കിട്ടില്ല. ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണത്തിനും ഖരമാലിന്യ സംസ്‌കരണ പ്ലാന്റിനും അനുമതിയില്ല. വാണിജ്യ അടിസ്ഥാനത്തിലുള്ള കോഴിഫാം, മരമില്ലുകൾ, മര-വ്യവസായ ശാലകൾ എന്നിവ പ്രവർത്തിപ്പിക്കാനും അനുമതിയില്ല. ഇതിന് പുറമെ വെടിമരുന്നുകളുടെ ഉപയോഗവും അവ സൂക്ഷിക്കുന്നതിനും സമ്പൂർണ വിലക്കുണ്ട്. പുഴയോരങ്ങൾ കൈയേറ്റം ചെയ്യുന്നതും പ്ലാസ്റ്റിക് വസ്തുക്കൾ പുഴയിലേക്ക് ഒഴുക്കുന്നതും മണൽ വാരുന്നതിനും നിരോധനമാണ്.

ഒരു കിലോമീറ്റർ ചുറ്റളവിൽ ഹോട്ടൽ, റിസോർട്ട് എന്നിവയുടെ നിർമ്മാണവും പ്രവർത്തനവും പാടില്ല. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മലിനീകരണം ഇല്ലാത്തവ എന്ന് സാക്ഷ്യപ്പെടുത്തിയ ചെറുകിട വ്യവസായങ്ങൾക്ക് പ്രവർത്തിക്കാം. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദപ്പെട്ടവരുടെ അനുവാദമില്ലാതെ സ്വകാര്യ, സർക്കാർ, റവന്യൂ ഭൂമിയിൽ നിന്ന് മരം വെട്ടാൻ പാടില്ല. വൈദ്യുതി, വാർത്താ വിനിമയ ടവറുകൾ സ്ഥാപിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട കേബിളുകളും വയറുകളും വലിക്കുന്നതിനും നിയന്ത്രണമുണ്ട്. ഇതിന് പുറമെ നിയന്ത്രിത മേഖലകളിൽ കൂടെയുള്ള റോഡ് വികസനം, പുതിയ റോഡുകൾ ഉണ്ടാക്കുക, വാഹനങ്ങളുടെ രാത്രിയാത്ര എന്നിവയ്ക്കും കർശന നിയന്ത്രണമുണ്ടാവും. നിയമാനുസൃതമായി ഇവിടേയുള്ള പ്രാദേശവാസികൾക്ക് കൃഷി, പശു വളർത്തൽ, മത്സ്യകൃഷി എന്നിവയ്ക്കെല്ലാം അനുവാദമുണ്ടാകും. മഴക്കാല വിളവെടുപ്പ്, ജൈവകൃഷി, പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ ഉപയോഗം, പരിസ്ഥിതി സൗഹാർദയാത്ര, നഷ്ടപ്പെട്ടുപോയ വനത്തിന്റെ വീണ്ടെടുക്കൽ, പൂന്തോട്ട കൃഷി, ഔഷധ സസ്യ പരിപാലനം. പരിസ്ഥിതി ബോധവൽക്കരണം എന്നിവയെ മാത്രമാണ് ഇവിടങ്ങളിൽ പ്രോത്സാഹിപ്പിക്കുന്നത്.

തങ്ങൾ തലമുറകളായി കൈവശം വച്ചുവരുന്ന സ്ഥലവും കൃഷിയിടവും, പൊടുന്നനെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുമ്പോൾ ജീവിതം തന്നെ ഇല്ലാതാവുമെന്നാണ് കർഷകരുടെയും താമസക്കാരുടെയും ഭയം. കൃഷി ഒന്നും ചെയ്യാനാവാതെ ഇവർക്ക് ഇവിടം വിടേണ്ടി വരുമോ എന്നോർക്കുമ്പോൾ പലർക്കും ഉറക്കം തന്നെ നഷ്ടപ്പെടുന്നു.

വനം മന്ത്രി പറയുന്നത്

സുപ്രീം കോടതി നിശ്ചയിച്ച ബഫർസോൺ പ്രദേശമായ ഒരു കി.മീ പ്രദേശത്തു നിന്നും ആളുകൾ ഒഴിഞ്ഞു പോകേണ്ടി വരും എന്ന തെറ്റായ പ്രചരണം സാധാരണ ജനങ്ങളിൽ ഭീതി പരത്തുന്നതിനു വേണ്ടി മാത്രമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. അങ്ങനെയൊരു പ്രശ്‌നം യാതൊരു കാരണവശാലും ഉണ്ടാകുന്നതല്ല എന്ന് സർക്കാരിന് ഉറപ്പുനൽകാൻ സാധിക്കുന്നതാണ്.

അതുപോലെ തന്നെ ഈ പ്രദേശത്ത് വാഹനത്തിന് നിയന്ത്രണങ്ങൾ ഉണ്ടായേക്കാം, കാർഷിക പ്രവർത്തനങ്ങൾ നിരോധിക്കപ്പെടാൻ സാധ്യതയുണ്ട്, ഇത്തരം സ്ഥലങ്ങൾ പരിസ്ഥിതി ദുർബല പ്രദേശം ആകും തുടങ്ങിയ തെറ്റായ പ്രചരണങ്ങൾ നിക്ഷിപ്ത താൽപര്യക്കാർ നടത്തുന്നുണ്ട്. ഈ തെറ്റായ പ്രചരണങ്ങളിൽ മലയോര മേഖലയിൽ താമസിക്കുന്ന ജനങ്ങൾ വീഴരുതെന്നും സർക്കാർ അഭ്യർത്ഥിക്കുന്നു.

രാജ്യത്തെ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കി.മീ ഇക്കോ സെൻസിറ്റീവ് സോൺ ഉണ്ടായിരിക്കണമെന്ന സുപ്രീംകോടതിയുടെ വിധി കേരളത്തെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സംസ്ഥാനം ഇതിനോടകം തന്നെ പുനഃപരിശോധന ഹർജി ഫയൽ ചെയ്തിട്ടുണ്ട്. സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജിയിൽ സംസ്ഥാനത്തെ ജനസാന്ദ്രത, ജനവാസ കേന്ദ്രങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന സ്ഥലങ്ങൾ ബഫർ സോണിൽ ആക്കാൻ സാധിക്കില്ല എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ഈ സാഹചര്യങ്ങൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ സംരക്ഷിത പ്രദേശങ്ങളോട് ചേർന്നുള്ള ജനസാന്ദ്രതയും വിവിധ കെട്ടിടങ്ങൾ മറ്റുനിർമ്മാണപ്രവർത്തനങ്ങൾ എന്നിവയുടെ വിശദവിവരങ്ങൾ ക്രോഡീകരിച്ച് കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. ഇപ്രകാരം തയ്യാറാക്കുന്ന രേഖ പ്രസ്തുത പുനഃപരിശോധന ഹർജിയിൽ ഒരു തെളിവായി ഹാജരാക്കുന്നതിന് വേണ്ടിയാണ്. ഇത്തരത്തിലുള്ള തെളിവ് ശേഖരണങ്ങൾ റവന്യൂ വകുപ്പിന്റെയോ വനം വകുപ്പിന്റെ ആധികാരിക രേഖയായി ഉപയോഗിക്കുന്നത് യാതൊരു കാരണവശാലും അംഗീകരിക്കുന്നതല്ല.

ഉപഗ്രഹ സർവേ അന്തിമ രേഖയല്ലെന്ന് മുഖ്യമന്ത്രി

ബഫർ സോണിൽ ഉപഗ്രഹ സർവെ അന്തിമരേഖയല്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചില പ്രത്യേക നീക്കങ്ങളുടെ ഭാഗമായി വ്യക്തമായ ഉദ്ദേശത്തോടെ ചില കാര്യങ്ങൾ നടക്കുന്നുണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു. ബഫർസോണിൽ സർക്കാർ മാപ്പർഹിക്കാത്ത അംലഭാവമാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിമർശിച്ചിരുന്നു.

അതേസമയം, സർക്കാർ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ യോഗം നാളെ ചേരും. സമിതിയുടെ കാലാവധി രണ്ടു മാസത്തേക്ക് നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഉപഗ്രഹ സർവേ റിപ്പോർട്ടിലെ അപാകത പുറത്ത് വന്നതോടെ പരാതിയുടെ പരമാവധി കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് വിവരശേഖരണം നടത്താനാണ് തീരുമാനം. അതേസമയം ബഫർ സോൺ വിഷയത്തിൽ കേരളം നൽകിയ പുനപരിശോധന ഹർജി ജനുവരി പതിനൊന്നിന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.