എരുമേലി: ബഫർ സോൺ വിഷയത്തിൽ പ്രതിഷേധം അലയടിക്കുന്ന ഏയ്ഞ്ചൽവാലി മേഖലയിൽ ആശങ്ക പരത്തി പട്ടയ ഫോം വിതരണം. ഇടതുപക്ഷ നേതാക്കളാണ് റവന്യു വകുപ്പിന്റെ ഫോം വിതരണം ചെയ്തത്. 75 പേർക്ക് ഫോം വിതരണം ചെയ്തു. ബഫർ സോൺ ആശങ്കയ്ക്ക് പുറമെ 11, 12 വാർഡുകൾ വനമേഖലയായി മാറിയിരിക്കുകയാണ്. സർക്കാർ പുറത്തുവിട്ട മൂന്നാമത്തെ ഭൂപടത്തിലും വനഭൂമി തന്നെയാണ്. ഇതിൽ വ്യാപക പ്രതിഷേധം ആണ് അരങ്ങേറിയത്.

ഇതിനിടയിലാണ് പട്ടയം സംബന്ധിച്ച ഫോം വിതരണം നടന്നത്. ഇത് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനാണെന്ന് സമര സമിതി നേതാക്കൾ ആരോപിച്ചു. 'എനിക്കോ എന്റെ കുടുംബത്തിനോ കേരളത്തിലോ മറ്റെവിടെയെങ്കിലുമൊ ഭൂമി ഇല്ല എന്നും ഭൂമി മുകളിൽ പറഞ്ഞ ഏതു ജില്ലയിൽ അനുവദിച്ചാലും ഞാൻ സ്വീകരിക്കാൻ തയ്യാറാണെന്നും ഇതിനാൽ സമ്മതിച്ചുകൊള്ളുന്നു. മേൽ പ്രസ്താവിച്ച വിവരങ്ങൾ പൂർണ്ണവും സത്യവും ആണെന്നും ആയത് അസത്യമോ അപൂർണ്ണമോ ആണെന്ന് തെളിയിക്കുന്ന പക്ഷം എന്റെ അപേക്ഷയോ എന്റെ പേരിൽ അനുവദിക്കുന്ന പട്ടയമോ തള്ളുന്നതിനോ റദാക്കുന്നതിനോ എനിക്ക് യാതൊരു ആക്ഷേപവും ഇല്ല എന്ന് ഇതിനാൽ സാക്ഷ്യപെടുത്തുന്നു', ഇതാണ് അപേക്ഷാഫോമിലെ സത്യപ്രസ്താവന. ഭൂമി പതിച്ചു കിട്ടുന്നതിനും പാട്ടം അല്ലെങ്കിൽ ലൈസൻസിനുമുള്ള അപേക്ഷഫോമാണ്.

വർഷങ്ങളായി മേഖലയിൽ പട്ടയത്തിന് വേണ്ടി കാത്തിരിക്കുകയാണ്. കഴിഞ്ഞ യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് പട്ടയം അനുവദിച്ചിരുന്നു. അഞ്ഞൂറോളം പട്ടയങ്ങൾ വിതരണം നടത്തി. ഇനിയും 450 പട്ടയങ്ങൾ വിതരണം നടത്താനുണ്ട്.

പട്ടയം ഭൂരിഭാഗം പേർക്കും ലഭിച്ചു. ഹൈ ക്കോടതി ഉത്തരവ് പ്രകാരം കരവും അടച്ചു കഴിഞ്ഞപ്പോഴാണ് വന ഭൂമി ആണെന്ന് പറയുന്നത്.-ഇതിനിടയിൽ റവന്യു അധികൃതരുടെ സാന്നിധ്യം ഇല്ലാതെ പട്ടയം വിതരണം സംബന്ധിച്ച് ഫോം വിതരണം ചെയ്തത് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതിനാണെന്നു ആരോപണം ഉയർന്നു.

രണ്ടുതരത്തിലുള്ള പട്ടയം വിതരണം ചെയ്യുന്നതായും അതിനുള്ള ഫോം ആണെന്നുമാണ് തഹസീൽദാർ അറിയിച്ചിരിക്കുന്നത്. റവന്യു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തന്നെയാണ് ഫോം വിതരണം നടത്തിയതെന്ന് ഇടതുപക്ഷ നേതാക്കൾ അറിയിച്ചു. പട്ടയം നൽകിവരുന്നതിന്റെ തുടർ നടപടികളുടെ ഭാഗമായി ഉദ്യോഗസ്ഥർക്ക് സഹായം ചെയ്തു നൽകിയതാണെന്നാണ് ഇവരുടെ വിശദീകരണം.