- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ സർവ്വെ നമ്പറിലുള്ള ഭൂമി ബഫർസോണിന് അകത്തും പുറത്തും; സർവേ നമ്പർ ചേർത്ത പുതിയ ഭൂപടത്തിലും പിഴവ്; ആശയക്കുഴപ്പം; സൈലന്റ് വാലിയുടെ കൃത്യമായ ഭൂപടം അപ്‌ഡേറ്റ് ചെയ്തു; പരാതി കിട്ടുന്ന മുറയ്ക്ക് പരിഹരിക്കാമെന്ന് അധികൃതർ; അടുത്ത മാസം ഏഴിനുള്ളിൽ പരാതി നൽകാൻ നിർദ്ദേശം
തിരുവനന്തപുരം: സർവേ നമ്പർ ചേർത്ത് വനംവകുപ്പ് പ്രസിദ്ധീകരിച്ച പുതിയ ബഫർ സോൺ ഭൂപടത്തിലും പിഴവുകളെന്ന് ആക്ഷേപം. ഒരേ സർവ്വെ നമ്പറിലെ പ്രദേശങ്ങൾ ബഫർസോണിന് അകത്തും പുറത്തും വന്നതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. അതേസമയം, സൈലന്റ് വാലിയുടെ കൃത്യമായ ഭൂപടം അപ്‌ഡേറ്റ് ചെയ്തു. ഭൂപടത്തിൽ നൽകിയിരുന്നത് തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ പടമായിരുന്നു.
ഭൂപടത്തിന്മേലുള്ള പരാതികളിൽ അതിവേഗം പരിശോധന പൂർത്തിയാക്കി സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകുകയാണ് സംസ്ഥാനത്തിന് മുന്നിലെ വെല്ലുവിളി. ഭൂപടത്തിൽ അവ്യക്തതയോ, പിഴവുകളോ കണ്ടെത്തുകയാണെങ്കിൽ അടുത്ത മാസം ഏഴിനുള്ളിൽ പരാതി നൽകാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെയാണ് കരട് ഭൂപടം പുറത്തിറക്കിയത്. ഇതിൽ അപാകതകൾ ഉണ്ടെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവേ നമ്പർ ചേർത്ത ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചത്.
ബഫർസോൺ ആശയക്കുഴപ്പം കടുക്കുന്നതിനിടെയാണ് അടുത്ത ഭൂപടം പ്രസിദ്ധീകരിച്ചത്. 2021ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർസോൺ റിപ്പോർട്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. ഈ ഭൂപടത്തിൽ സർവ്വെ നമ്പർ കൂടി ചേർത്താണ് പുതിയ ഭൂപടം. സർവ്വെ നമ്പർ നോക്കി ജനവാസകേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള വ്യക്തമായി അറിയുകയായിരുന്നു ലക്ഷ്യം.
പക്ഷെ പുതിയ ഭൂപടം ആശയക്കുഴപ്പം തീർക്കുന്നില്ലെന്ന് മാത്രമല്ല സംശയങ്ങൾ കൂട്ടുകയാണ് ചെയ്യുന്നത്. ഭൂപടത്തിൽ മാർക്ക് ചെയ്ത് ഒരെ സർവ്വെ നമ്പറിലെ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ ബഫർസോണിനകത്തുള്ളപ്പോൾ ചിലത് പുറത്താണ്. ഈ സ്ഥലങ്ങളിലെ പരാതികൾ എങ്ങിനെ തീർക്കുമെന്നാണ് പ്രശ്‌നം.
അതേ സമയം ഒരു സർവ്വെ നമ്പറിൽ തന്നെ കൂടുതൽ ഭൂമി ഉള്ള സാഹചര്യത്തിലാണിതെന്നും പരാതി കിട്ടുന്ന മുറക്ക് പരിഹരിക്കാമെന്നുമാണ് ഉറപ്പ്. ആദ്യം വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച ഭൂപടത്തിൽ സൈലന്റ് വാലിക്ക് പകരം തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ മാപ്പായിരുന്നു ഉള്ളത്. തെറ്റ് മനസ്സിലായതോടെ അത് പരിഹരിച്ചു. ജനവാസമേഖല കുറഞ്ഞ സൈലന്റ് വാലി ബഫർസോണിൽ ജനവാസകേന്ദ്രങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.
ജനവാസമേഖല കൂടിയ പെരിങ്ങോട്ടുകുറിശ്ശിയിൽ ഇങ്ങിനെ കൃത്യമായി വേർതിരിച്ച് അടയാളപ്പെടുത്തിയിട്ടില്ല. സൈലന്റ് വാലിയുമായി അതിർത്തി പങ്കിടാത്ത മണ്ണാർക്കാട് നഗരസഭ നേരത്തെയുള്ള മാപ്പിൽ ബഫർസോൺ പരിധിയിലായിരുന്നു. പുതിയതിൽ പക്ഷെ അതൊഴിവാക്കി. പരാതികൾ ജനുവരി 7 വരെ നൽകാം. പക്ഷെ അതിനുള്ളിൽ പരാതികളിൽ പരിശോധന പൂർത്തിയാക്കി ജനുവരി 11ന് സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ കേരളത്തിന് പുതിയ റിപ്പോർട്ട് നൽകാനാകുമോ എന്നുള്ളതാണ് ആശങ്ക.
അതിനിടെ, വിദഗ്ധ സമിതിയുടെ കാലാവധി നീട്ടി. 2023 ഫെബ്രുവരി 28 വരെയാണ് കാലാവധി നീട്ടി നൽകിയത്. 2022 ഡിസംബർ വരെയായിരുന്നു സമിതിയുടെ കാലാവധി. ബഫർസോണുകളിൽ നേരിട്ടുള്ള പരിശോധന പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കാലാവധി നീട്ടിയത്.
വിദഗ്ധ സമിതിയുടെ കാലാവധി നീട്ടാൻ സർക്കാർ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ബഫർ സോണിന്റെ ആഘാതം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് വിദഗ്ധ സമിതിക്ക് രൂപം നൽകിയത്. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം വനംവകുപ്പ് തയ്യാറാക്കിയ ഉപഗ്രഹ സർവ്വേയിൽ കടന്നുകൂടിയിരിക്കുന്ന പാകപ്പിഴകൾ ചൂണ്ടിക്കാണിക്കുക എന്നതാണ് വിദഗ്ധ സമിതിയുടെ കർത്തവ്യം.
സർവേ നമ്പർ ചേർത്ത ഭൂപടത്തിലും അവ്യക്തതയെന്ന് ആക്ഷേപം ഉയരുന്നതിനിടെ ആരും ആശങ്ക പരത്തരുതെന്ന് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു. കാര്യങ്ങൾ ഭംഗിയായി നടക്കുന്നുണ്ട്. തദേശ, റവന്യു, വനം വകുപ്പുകൾ ഏകോപനത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയിൽ പരിസ്ഥിതി വകുപ്പ് അഡി.ചീഫ് സെക്രട്ടറി, തദേശ വകുപ്പ് അഡി.ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ്) എന്നിവർ അംഗങ്ങളാണ്
മറുനാടന് മലയാളി ബ്യൂറോ