തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഉറപ്പുകളെല്ലാം കണ്ണിൽ പൊടിയിടാൻേ വേണ്ടി. ലക്ഷങ്ങൾ മുടക്കി ഏരിയൽ സർവേ നടത്തി സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കവേ അത് ബഫർസോൺ മേഖലയിലുള്ളവരെ കാര്യമായി തന്നെ ബാധിച്ചേക്കുമെന്നാണ് സൂചനകൾ. കാരണം അപാകതകൾ നിറഞ്ഞ റിപ്പോർട്ടാണ് സുപ്രീം കോടതിയൽ നൽകുക. ഇക്കാര്യത്തിൽ ഇന്നലെ രാവിലെ പറഞ്ഞ കാര്യത്തിൽ നിന്നും മന്ത്രി മലക്കം മറിഞ്ഞു. ഇത്രയും സുപ്രധാനമായ വിഷയത്തിൽ പോലും സർക്കാർ എങ്ങനെയാണ് നിരുത്തരവാദിത്തത്തോട പെരുമാറുന്നത് എന്നതിന്റെ തെളിവായി മാറുകയാണ് ബഫർസോൺ വിഷയം.

ജനവാസ പ്രദേശങ്ങൾ സംബന്ധിച്ച് ഇപ്പോൾ പുറത്തുവന്ന ഉപഗ്രഹ സർവേ റിപ്പോർട്ടല്ല സുപ്രീം കോടതിയിൽ സമർപ്പിക്കുകയെന്ന് ഇന്നലെ രാവിലെ കോഴിക്കോട്ടു വിശദീകരിച്ച വനം മന്ത്രി എ.കെ.ശശീന്ദ്രൻ, പിന്നീടു മലക്കംമറിഞ്ഞു. റിപ്പോർട്ട് കോടതിയിൽ നൽകാതിരിക്കാൻ കഴിയില്ലെന്ന നിലപാടിലേക്കാണ് മന്ത്രി മാറിയത്. ''ജനുവരി രണ്ടാം വാരം കേസ് സുപ്രീം കോടതിയിൽ വരികയാണ്. ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്ന തിരുത്തലുകളോടെ അതിനകം പുതിയ റിപ്പോർട്ട് തയാറാക്കുക സാധ്യമല്ല. അപാകതകളുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതു സംബന്ധിച്ചു കർഷക സംഘടനകൾക്കും ജനങ്ങൾക്കും ആശങ്കയുണ്ട്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുബന്ധമായി സമർപ്പിക്കാൻ സുപ്രീം കോടതിയോടു സാവകാശം തേടാനാണു കേരളം ഉദ്ദേശിക്കുന്നത്'' മന്ത്രി അറിയിച്ചു.

കോടതി ഉത്തരവു പാലിച്ച് ഒരു റിപ്പോർട്ട് നൽകേണ്ടതുണ്ടെന്നും അതു വേഗത്തിലാക്കാനാണ് ഉപഗ്രഹ സർവേ നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു. ഈ റിപ്പോർട്ട് അന്തിമ രേഖയല്ലെന്നും റിപ്പോർട്ട് കുറ്റമറ്റതാക്കാനുള്ള ശ്രമത്തിലാണു സർക്കാരെന്നും പറഞ്ഞു. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ വിട്ടുപോയ നിർമ്മിതികളുടെയും മറ്റും വിവരങ്ങൾ ചേർക്കാനും പരാതികൾ അറിയിക്കാനുമായി ജനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി 15 ദിവസംകൂടി നീട്ടാൻ വിദഗ്ധ സമിതിയോടു വനം വകുപ്പ് ആവശ്യപ്പെട്ടു.

നാളത്തെ സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന സമയപരിധി 23 വരെയാണ്. പരാതികൾ തരംതിരിച്ച ശേഷം, പരിസ്ഥിതിലോല മേഖലയായി നിശ്ചയിച്ചിരിക്കുന്ന 115 വില്ലേജുകളിൽ രണ്ടു മാസത്തിനകം നേരിട്ടുള്ള സ്ഥലപരിശോധന നടത്തി കോടതിക്ക് അടുത്ത റിപ്പോർട്ട് നൽകാനാണു സർക്കാരിന്റെ ആലോചന. വിദഗ്ധ സമിതിയുടെ കാലാവധി രണ്ടു മാസംകൂടി നീട്ടി സർക്കാർ ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും. ഉപഗ്രഹ സഹായത്തോടെ തയാറാക്കിയതു പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും വിട്ടുപോയവ ഫീൽഡ് സർവേയിൽ കൂട്ടിച്ചേർക്കുമെന്നുമാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ വിശദീകരണം.

അതേസമയം വിഷയത്തിൽ സർക്കാർ നിയമോപദേശം തേടിയേക്കും. ഈ റിപ്പോർട്ട് അന്തിമമല്ലെന്നു ചൂണ്ടിക്കാട്ടാനും ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ ചെയർമാനായ അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുബന്ധമായി സമർപ്പിക്കാൻ കോടതിയുടെ സാവകാശം തേടാനുമാണ് കേരളത്തിന്റെ തീരുമാനം. ഇക്കാര്യത്തിലാകും നിയമോപദേശം തേടുക. ഈ രീതിയിൽ മുന്നോട്ടുപോയാലും കടുത്ത ആശങ്കകൾ ബാക്കിനിൽക്കുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ഉപഗ്രഹ സർവേ നടത്തി റിപ്പോർട്ട് തയാറാക്കാൻ സർക്കാർ തീരുമാനിച്ചത്. തെറ്റുകളും പൊരുത്തക്കേടുകളും നിറഞ്ഞ അപൂർണ റിപ്പോർട്ട് സമർപ്പിച്ച ശേഷം വിദഗ്ധ സമിതിയുടെ അനുബന്ധ റിപ്പോർട്ടിൽ അതെല്ലാം തിരുത്താമെന്ന നിലപാട് കോടതി അംഗീകരിക്കുമോ എന്നതാണ് മുന്നിലുള്ള പ്രധാന വിഷം.

രണ്ടു മാസത്തിനകം സ്ഥലപരിശോധന പൂർത്തിയാക്കാമെന്ന സർക്കാരിന്റെ കണക്കുകൂട്ടൽ പ്രായോഗികമല്ലെന്നു വിമർശനം ഉയർന്നിട്ടുണ്ട്. ജനങ്ങൾക്കു പരാതികൾ സമർപ്പിക്കാനുള്ള സമയപരിധി ഈ മാസം 23 വരെയാണ്. ഇത് 15 ദിവസംകൂടി നീട്ടും. പരാതികൾ തരംതിരിച്ച ശേഷമാകും നേരിട്ടുള്ള സ്ഥലപരിശോധന. അപ്പോഴേക്കും ജനുവരി കഴിയും. വനമേഖലകൾ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ സ്ഥലപരിശോധന ദുഷ്‌കരമായതിനാൽ കോടതിയോടു വീണ്ടും സാവകാശം തേടേണ്ടി വന്നേക്കും.

അതേസമയം അശാസ്ത്രീയവും അപാകതകൾ നിറഞ്ഞതുമെന്ന് അധികൃതർ തന്നെ തള്ളിപ്പറയുന്ന ഉപഗ്രഹ സർവേ റിപ്പോർട്ടിനായി വനം വകുപ്പ് ചെലവാക്കിയത് 68 ലക്ഷം രൂപ. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററാണ് (കെഎസ്ആർഇസി) സർവേ നടത്തിയത്. പകുതി തുക കെഎസ്ആർഇസിക്കു കൈമാറി. അന്തിമ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ബാക്കി തുക നൽകും. അതിപ്രധാനമായ വിഷയത്തിൽ വേണ്ടത്ര ഗൃഹപാഠം നടത്താതെയും വിദഗ്ധരും കർഷക സംഘടനകളും മാറ്റുമായി കൂടിയാലോചന നടത്താതെയുമുള്ള ഏകപക്ഷീയ നടപടിയിലൂടെ ഫലത്തിൽ വനം വകുപ്പ് ഇത്രയും പണം പാഴാക്കിയ മട്ടായി.

പ്രതിഷേധം ഇരമ്പുന്നു

അതേസമയം സർക്കാറിന്റെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ മലയോര മേഖലയിൽ അടക്കം പ്രതിഷേധ ഇരമ്പുകയാണ്. സർക്കാർ പ്രസിദ്ധീകരിച്ച അപൂർണവും അവ്യക്തവുമായ ഉപഗ്രഹ സർവേ റിപ്പോർട്ട് പൂർണമായി തള്ളിക്കളയണമെന്നും അബദ്ധജടിലമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചവർക്കു മാപ്പില്ലെന്നും താമരശ്ശേരി രൂപതാ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ബഫർസോൺ വിഷയത്തിൽ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാതെ മലയോരമേഖലയിലെ ജനങ്ങളെ നിശ്ശബ്ദമായി കുടിയിറക്കാൻ സർക്കാർ ശ്രമിക്കുകയാണ് കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാധ്യമ സമ്മേളനത്തിൽ ബിഷപ് പറഞ്ഞു.

ഉപഗ്രഹ സർവേ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയതിൽ ഗൂഢാലോചനയുണ്ട്. ഇന്നു കൂരാച്ചുണ്ടിൽ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കും. പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനു സമര സമിതി നേതൃത്വം കൊടുക്കും. എല്ലാം ശരിയാക്കാമെന്നു പറഞ്ഞവർ ജനങ്ങളെ കൂടുതൽ ആശങ്കയിൽ ആക്കുകയാണു ചെയ്തിരിക്കുന്നത്. റവന്യു ഭൂമിയുടെ സ്ഥിതിവിവര കണക്ക് ശേഖരിക്കുവാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തിയതു തന്നെ സർക്കാരിന്റെ തെറ്റായ നയത്തിന്റെ സൂചനയാണ്.

വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ 3 മന്ത്രിമാരെ ഈ വിഷയങ്ങൾ പഠിച്ച് ഏകോപനം നടത്തുവാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തണം. കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് സർക്കാരുകൾ ഈ വിഷയത്തിൽ ജനപക്ഷ നിലപാടു സ്വീകരിച്ച് കർഷകർക്കൊപ്പം നിന്നു. എന്നാൽ കേരളം മാത്രം കർഷക വിരുദ്ധമായ നിലപാടാണു തുടർച്ചയായി സ്വീകരിക്കുന്നത്. ബഫർ സോൺ വനത്തിനുള്ളിൽ മാത്രം പരിമിതപ്പെടുത്തുവാൻ സർക്കാർ തയാറാകണമെന്നും ബിഷപ് പറഞ്ഞു.

ഉപഗ്രഹ സർവേ അപൂർണമാണെന്നും പരിസ്ഥിതിലോല മേഖലയിൽ കണ്ടെത്തിയ നിർമ്മിതികളിൽ വിട്ടുപോയവ ചൂണ്ടിക്കാട്ടി പരാതി സമർപ്പിക്കാൻ പൊതുജനങ്ങൾക്കു നൽകിയ സമയപരിധി നീട്ടാൻ സർക്കാർ ഇടപെടണമെന്നും ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസന അധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് ആവശ്യപ്പെട്ടു.ജനുവരിയിൽ സുപ്രീം കോടതിയിൽ സമർപ്പിക്കുന്നതിനു മുന്നോടിയായി സർക്കാർ നിയമോപദേശം തേടിയേക്കും. സർവേയിൽ കണ്ടെത്തിയ മുഴുവൻ നിർമ്മിതികളുടെ വിശദാംശങ്ങളും പരിസ്ഥിതിലോല മേഖല അതിർത്തി അറിയിക്കുന്ന ജിയോ കോർഡിനേറ്റുകളും പൂർണമായും ഉടൻ പ്രസിദ്ധീകരിക്കണം. പരിസ്ഥിതിലോല മേഖലയിൽപെട്ട കൃഷിയിടങ്ങൾ നേരിട്ടു പരിശോധിച്ച് വിശദാംശങ്ങൾ ശേഖരിക്കുന്നതിനും സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തിൽ സർക്കാരിന്റെ അലംഭാവവും കെടുകാര്യസ്ഥതയും മാപ്പർഹിക്കാത്ത കുറ്റമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ബഫർസോണിൽ ജനവാസ കേന്ദ്രങ്ങളുണ്ടെന്നു സുപ്രീം കോടതിയിൽ തെളിയിക്കാൻ ഭൗതിക സർവേ നടത്തണം. സാറ്റലൈറ്റ് സർവേ റിപ്പോർട്ടുമായാണു സർക്കാർ സുപ്രീംകോടതിയിൽ പോകുന്നതെങ്കിൽ കേരളത്തിനു ഗുരുതരമായ ദോഷം സംഭവിക്കും. 20 പട്ടണങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടെ പതിനായിരക്കണക്കിന് ഹെക്ടർ സ്ഥലം ബഫർസോണിൽ ഉൾപ്പെടും.

2013ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെടുത്ത, ജനവാസമേഖലകളെ പൂർണമായി ഒഴിവാക്കണമെന്ന മന്ത്രിസഭ തീരുമാനം അട്ടിമറിച്ചു ജനവാസകേന്ദ്രങ്ങളെ ഉൾപ്പെടുത്തി ഒരു കിലോമീറ്റർ ബഫർസോൺ പ്രഖ്യാപിക്കണമെന്നു 2019ൽ പിണറായി സർക്കാർ കേന്ദ്രത്തെ അറിയിച്ചതാണു കേരളത്തെ വേട്ടയാടുന്നതെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു.