ന്യൂഡൽഹി: സമ്പൂർണ്ണ നിയന്ത്രണങ്ങൾ നീക്കി ബഫർ സോൺ വിധിയിൽ ഇളവ് വരുത്തി സുപ്രീംകോടതി. മുൻ ഉത്തരവിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ജന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ബഫർ സോൺ ബാധകമാവുക എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ബഫർസോണിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവ് ഭേദഗതി ചെയ്ത സുപ്രീം കോടതി നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തി. അതേസമയം, ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരുമെന്നും കോടതി വ്യക്തമാക്കി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ചാണ് ജസ്റ്റിസ് ബിആർ ഗവായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.

രാജ്യത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ നിശ്ചയിക്കുമ്പോൾ, അവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കു സമ്പൂർണ നിരോധനം പറ്റില്ലെന്നു സുപ്രീം കോടതി കഴിഞ്ഞ മാസം വാദം കേൾക്കുന്നതിനിടെ വാക്കാൽ നിരീക്ഷിച്ചിരുന്നു. ബഫർസോണിൽ പുതിയ നിർമ്മാണം വിലക്കുന്ന പരാമർശം കഴിഞ്ഞ ജൂണിൽ കോടതി പുറപ്പെടുവിച്ച ഉത്തരവിലുണ്ടെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസ് ബി.ആർ.ഗവായ് ഉൾപ്പെട്ട ബെഞ്ചിന്റെ പ്രതികരണം.

നിരോധിക്കേണ്ടത് നിരോധിക്കണം, നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണമെന്ന് അമിക്കസ്‌ക്യൂറി പറഞ്ഞു. സമ്പൂർണവിലക്ക് ഏർപെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. അന്തിമ, കരട് വിജ്ഞാപനങ്ങൾ വന്ന മേഖലയെ വിലക്കിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

തുടർന്ന്,സമ്പൂർണനിയന്ത്രണം പ്രായോഗികമല്ലെന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണമല്ല ഉദ്ദേശിച്ചതെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു.

ഒരു കിലോമീറ്റർ ബഫർസോൺ നിർബന്ധമാക്കിയ 2022 ജൂൺ മൂന്നിലെ വിധി ആ പ്രദേശങ്ങളിലുള്ളവർക്കു വായ്പ കിട്ടാത്ത സ്ഥിതിയുണ്ടാക്കിയെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച്, സംരക്ഷിത ഉദ്യാനങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിൽ ബഫർ സോൺ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിർമ്മാണ പ്രവർത്തനം ഉൾപ്പെടെ തടഞ്ഞിരുന്നു. വിധിയിൽ വ്യക്തത നേടി മഹാരാഷ്ട്രയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്.

ബഫർ സോണിൽ താമസിക്കുന്നവരുടെ തൊഴിൽ, ടൂറിസം എന്നിവയെ ബാധിക്കുമെന്നും നിർമ്മാണ നിരോധനം പ്രായോഗികമല്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. ഖനനം പോലെ ഈ മേഖലയിൽ നിരോധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു മാത്രമാണ് ബഫർസോൺ വിധിയിലൂടെ ലക്ഷ്യമിട്ടതെന്നു കോടതി പറഞ്ഞു.

കേരളത്തിന്റെ ആശങ്കകളോടു യോജിച്ച കേന്ദ്ര സർക്കാരും കേസിലെ അമിക്കസ് ക്യൂറി കെ. പരമേശ്വറും വിധി സൃഷ്ടിച്ച ആശയക്കുഴപ്പം അക്കമിട്ടു നിരത്തി. ഇതിനോടു കോടതിയും യോജിച്ചതോടെ വിധി പരിഷ്‌കരിക്കുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. കേരളത്തിനു വേണ്ടി ജയദീപ് ഗുപ്ത, സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ, വിവിധ കക്ഷികൾക്കായി പി.എൻ.രവീന്ദ്രൻ, ഉഷ നന്ദിനി, വി.കെ ബിജു, വിൽസ് മാത്യൂസ്, ദീപക് പ്രകാശ് എന്നിവർ ഹാജരായി. കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും 6 ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫർസോൺ സംബന്ധിച്ച ശുപാർശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.