- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുത്തഴിഞ്ഞ ജീവതം നയിക്കാനാണോ നിങ്ങൾ സ്വതന്ത്രചിന്തകൻ ആവുന്നത്? മത പുസ്തകത്തിൽ എഴുതി വെച്ചില്ലെങ്കിൽ നമുക്ക് ധാർമ്മികതയുണ്ടാവില്ലേ'; മനുഷ്യൻ ധാർമ്മിക ജീവിയോ? നാസ്തിക- ഇസ്ലാമിക സംവാദം 11 കോഴിക്കോട്ട്; മാറ്റുരക്കുന്നത് സി രവിചന്ദ്രനും ടി മുഹമ്മദ് വേളവും
കോഴിക്കോട്: കഴിഞ്ഞ കുറേക്കാലമായി നവമാധ്യമങ്ങളിലൂടെ നാസ്തികരും ഇസ്ലാമിസ്റ്റുകളും തമ്മിൽ സംവദിച്ചുവരുന്ന വിഷയമാണ് മനുഷ്യന്റെ ധാർമ്മികത. ഈ വിഷയത്തിൽ ഒരു പരസ്യ സംവാദത്തിന് വേദിയൊരുക്കുകയാണ് ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ. 'മനുഷ്യൻ ധാർമ്മിക ജീവിയോ' എന്ന വിഷയത്തിൽ മാർച്ച് 11ന് ശനിയാഴ്ച കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന സംവാദത്തിൽ, ഇസ്ലാമിക പക്ഷത്തെ പ്രതിനിധീകരിച്ച് ടി മുഹമ്മദ് വേളവും, നാസ്തിക പക്ഷത്തുനിന്ന് സി രവിചന്ദ്രനും പങ്കെടുക്കും. എഴുത്തുകാരനും പ്രഭാഷകനുമായ പി സുശീൽകുമാറാണ് സംവാദത്തിന്റെ മോഡറേറ്റർ. എസ്സൻസ് ഗ്ലോബൽ ടച്ച്സ്റ്റോൺ എന്ന പേരിൽ സംഘടിപ്പിക്കുന്ന സംവാദ പരമ്പരയുടെ ഭാഗമായാണ് പരിപാടി നടക്കുന്നത്. ഉച്ചക്ക് 2.30 മുതൽ നടക്കുന്ന സംവാദത്തിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സോഷ്യൽ മീഡിയയിൽ പതിവായി ഇസ്ലാമിസ്റ്റുകൾ പറയുന്ന കാര്യമാണ്, ധാർമ്മികതയെന്നത് മതത്തിന്റെ സംഭാവനയാണെന്നത്. കുത്തഴിഞ്ഞ ജീവിതം നയിക്കാനാണ് പലരും സ്വതന്ത്ര ചിന്തകർ ആവുന്നത് എന്നാണ് അവരുടെ വാദം. എന്നാൽ മനുഷ്യന്റെ ധാർമ്മികത സഹജമാണെന്നും, മത പുസ്തകത്തിൽ എഴുതിവെച്ചില്ലെങ്കിൽ ധാർമ്മികതയുണ്ടാവില്ലേ എന്നുമാണ് നാസ്തികർ തിരിച്ചുചോദിക്കുന്നത്. ഇത്തരം വാദങ്ങളുടെ വിപുലീകൃത രൂപം സംവാദത്തിൽ പ്രകടമാവുമെന്നാണ് സംഘാകർ പറയുന്നത്.
രവിചന്ദ്രനും വേളവും ഏറ്റുമുട്ടുന്നു
എഴുത്തുകാരൻ, പ്രഭാഷകൻ എന്ന നിലയിൽ പ്രശസ്തനായ സി രവിചന്ദ്രൻ കഴിഞ്ഞ പത്തുവർഷത്തിലേറെയായി സ്വതന്ത്ര ചിന്താ വേദികളിലെ നിറ സാന്നിധ്യമാണ്. സ്വതന്ത്രചിന്ത, നിരീശ്വരവാദം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആയിരത്തിലധികം പ്രഭാഷണങ്ങളും, ഇരുപത്തിയഞ്ചിലധികം സംവാദങ്ങളും നടത്തിയിട്ടുണ്ട്. കെ വേണു, ചിദാനന്ദപുരി, സന്ദീപാനന്ദഗിരി, രാഹുൽ ഈശ്വർ, നവാസ്ജാനെ, ജേക്കബ് വടക്കുംചേരി, ഡോ രജത്കുമാർ, എന്നിവരുമായ നടത്തിയ സംവാദങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സമാന വിഷയങ്ങളിലായി പതിനാറ് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിഖ്യാത ബ്രിട്ടീഷ് പരിണാമശാസ്ത്രജ്ഞനായ റിച്ചാർഡ് ഡോക്കിൻസിന്റെ 'ദ ഗോഡ് ഡെല്യൂഷൻ' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച 'നാസ്തികനായ ദൈവം' എന്ന പുസ്തകം ഇപ്പോഴും ബെസ്റ്റ് സെല്ലറാണ്്. ഡോക്കിൻസിന്റെ തന്നെ 'ദ ഗ്രേറ്റസ്റ്റ് ഷോ ഓൺ എർത്ത്' എന്ന പരിണാമശാസ്ത്ര ഗ്രന്ഥത്തിന്റെ വിവർത്തനമായ 'ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം', ഭഗവദ്ഗീത വിമർശനമായ 'ബുദ്ധനെ എറിഞ്ഞ കല്ല്' വാസ്തുശാസ്ത്ര വിമർശനഗ്രന്ഥമായ 'വാസ്തുലഹരി', ജ്യോതിഷ വിമർശനമായ 'പകിട 13', ജൈവകൃഷിയുടെ അശാസ്ത്രീയത വിശകലനംചെയ്യുന്ന 'കാർട്ടറുടെ കഴുകൻ' (സഹരചയിതാവ് ഡോ. കെ.എം.ശ്രീകുമാർ), പശുരാഷ്ട്രീയവും ജനക്കൂട്ട അക്രമവും പ്രമേയമാക്കി രചിച്ച 'ബീഫും ബിലീഫും', 'വിവേകാനന്ദൻ ഹിന്ദു മിശിഹയോ', ഗാന്ധിവധത്തിന്റെ രാഷ്ട്രീയ സാമൂഹിക പരിസരം പറയുന്ന 'വെടിയേറ്റ വന്മരം' തുടങ്ങിയവയാണ് പ്രധാന കൃതികൾ.
പ്രസിദ്ധ ന്യൂറോളജിസ്റ്റായ ഡോ.വിളയന്നൂർ എസ്. രാമചന്ദ്രൻ രചിച്ച 'ടെൽ ടെയിൽ ബ്രയിൻ' എന്ന ശാസ്ത്ര ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന് കേരള ശാസ്ത്ര സാഹിത്യ കൗൺസിൽ ഏർപ്പെടുത്തിയ യുവ ശാസ്ത്ര എഴുത്തുകാരനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 17 വർഷമായി കേരളത്തിലെ വിവിധ കലാലയങ്ങളിൽ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലി ചെയ്യുന്നു. നിലവിൽ കൊല്ലം എഴുകോണിലെ ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ അദ്ധ്യാപകനാണ്.
സംവാദത്തിൽ ഇസ്ലാമികപക്ഷത്തെ പ്രതിനിധീകരിക്കുന്നത് എഴുത്തുകാരനും പ്രഭാഷകനും പൊതു പ്രവർത്തകനുമായ ടി.മുഹമ്മദ് വേളമാണ്. ചാനൽ ചർച്ചകളിൽ സജീവ സാന്നിദ്ധ്യമായ അദ്ദേഹം ബൗദ്ധിക മികവുകൊണ്ടും നിലപാടുകളിലെ കൃത്യത കൊണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അടിച്ചമർത്തപ്പെട്ടവർക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും നീതി ലഭ്യമാക്കാനുള്ള നിരവധി ജനകീയ പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിക്കുകയും അനേകം സമരങ്ങളിൽ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. ലിബറലിസം, നവനാസ്തികത, കമ്യൂണിസം തുടങ്ങിയ ആശയങ്ങളെ വിമർശന വിധേയമാക്കുന്ന അദ്ദേഹത്തിന്റെ എഴുത്തുകളും പ്രഭാഷണങ്ങളും ധാരാളം ആളുകളെ ആകർഷിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ലേഖനങ്ങൾക്ക് പുറമെ, മൂന്ന് പുസ്തകങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാസ്തികരുമായി രണ്ട് തവണ പൊതുവേദിയിൽ സംവാദം നടത്തിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ സ്റ്റഡി ആൻഡ് റിസർച്ചിന്റെ (സിഎസ്ആർ കേരള) ഡയറക്ടറാണ്.
മറുനാടന് മലയാളി ബ്യൂറോ