- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമതയെയും സുവേന്ദുവിനെയും ചേർത്തു നിർത്തിയ നയതന്ത്രം; മറ്റു ഗവർണർമാരെ പോലെ ധൂർത്തടിക്കാതെ ലളിത ജീവിതം; തന്റെയും ഭാര്യയുടെയും സ്വകാര്യ ആവശ്യങ്ങൾക്കായി സ്വന്തംപോക്കറ്റിൽ നിന്നും പണമെടുത്ത് ബംഗാൾ ഗവർണർ; ദന്തചികിത്സ ആവശ്യം വന്നപ്പോൾ ആശ്രയിച്ചത് സർക്കാർ ആശുപത്രിയെ; സി വി ആനന്ദബോസ് ബംഗാളുകാർക്ക് അത്ഭുതമാകുമ്പോൾ
കൊൽക്കത്ത: ബംഗാൾ ഗവർണർ സി വി ആനന്ദബോസ് ബംഗാളുകാർക്ക് ശരിക്കും ഒരു അത്ഭുതമാകുകയാണ്. ബംഗാൾ രാഷ്ട്രീയത്തിൽ രണ്ട് ചേരികളിൽ നിൽക്കുന്നവരെയും അനുനയ പാതയിൽ കൊണ്ടുവന്നാണ് ആനന്ദബോസ് ആദ്യം തന്റെ നയതന്ത്രരീതി പരീക്ഷിച്ചത്. ഇപ്പോൾ വീണ്ടും അദ്ദേഹം ബംഗാൾ മാധ്യമങ്ങളിൽ ഇടംപിടിച്ചത് സ്വന്തം ചെലവുകൾ വഹിക്കാൻ സർക്കാർ പണം വേണ്ട പോക്കറ്റിൽ നിന്നും പണം മതിയെന്ന രീതി പരീക്ഷിച്ചു കൊണ്ടാണ്. ഇതോടെ ഇങ്ങനെയും ഒരു ഗവർണറോ എന്ന ചോദ്യവും ബംഗാളിലെ നാട്ടുകാർ ചോദിച്ചു തുടങ്ങി.
സത്യപ്രതിജ്ഞാ ചടങ്ങിന് ബന്ധുക്കളും സുഹൃത്തുക്കളും അടക്കം എത്തിയപ്പോൾ പോലും അദ്ദേഹം ആ ചെലവുകൾ സർക്കാർ പണത്തിൽ നിന്നും വേണ്ടെന്ന തീരുമാനമാണ് കൈക്കൊണ്ടത്. സ്വന്തം പോക്കറ്റിൽ നിന്നു തന്നെ ഇതിനായി അദ്ദേഹം പണം മുടക്കി. ഇപ്പോൾ എല്ലാ മാസവും തന്റെയും ഭാര്യയുടെയും വ്യക്തിഗത ചെലവുകൾക്കായി സി വി ആനന്ദബോസ് പതിനായിരം രൂപ അങ്ങോട്ടു നൽകുകയാണ് ചെയ്യുന്നത. ഇത് കൂടാതെ അടുത്തിടെ മറ്റൊരു കാര്യത്തിലും അദ്ദേഹം മമത ബാനർജിയെയും ബംഗാൾ മാധ്യമങ്ങളെയും ഞെട്ടിച്ചു.
ദന്ത ചികിത്സ ആവശ്യം വന്നപ്പോൾ അതിനായി ലക്ഷങ്ങളുടെ ക്വട്ടേഷനുമായി സ്വകാര്യ ആശുപത്രി വന്നപ്പോഴും അത് വേണ്ടെന്ന് വെച്ച് സർക്കാർ ആശുപത്രിയുടെ സൗകര്യം ഉപയോഗിക്കുകയാണ് സി വി ആനന്ദബോസ് ചെയ്തത്. ഇതും ബംഗാളിൽ വലിയ വാർത്തയായി മാറുകയായിരുന്നു. തന്റെ ഔദ്യോഗിക ആവശ്യങ്ങൾ ഒഴികെയുള്ള കാര്യങ്ങൾക്കായി സ്വന്തം പോക്കറ്റിൽ നിന്നും പണം ചിലവഴിക്കാം എന്നതാണ് ആനന്ദബോസിന്റെ ലൈൻ. സുഹൃത്തുക്കൾ അടക്കമുള്ളവർ വന്നാൽ സമ്മാനം നൽകുന്നതും പോലും സ്വന്തം പോക്കറ്റിൽ നിന്നുമാണ് പണം ചെലവാക്കുന്നത്.
ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരിക്കൽ മാത്രമാണ് അദ്ദേഹം ഹെലികോപ്ടർ ഉപയോഗിച്ചതും. ഗവർണറുടെ ഭാര്യയുടെ ചെലവ് അടക്കം പൂർണമായും സ്വന്തം പോക്കറ്റിൽ നിന്നുമെടുത്താണ് ചിലവഴിക്കുന്നത്. സി വി ആനന്ദബോസിന്റെ ലളിത ജീവിതം ബംഗാളുകാർക്ക് തന്നെ അത്ഭുതമാകുകയാണ്. അനുനയവും സമന്വയവുമാണ് ബംഗാൾ ഗവർണ്ണർ സിവി ആനന്ദബോസിന്റെ പാതയെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമക്കിയിുന്നു. ജയിക്കുന്നത് ആനന്ദബോസാണ്. പക്ഷേ മമതയെ തോൽപ്പിക്കുന്നുമില്ലെന്നതാണ് അദ്ദേഹത്തിന്റെ ലൈൻ.
അടുത്തിടെ ഒരു രാഷ്ട്രീയ വിവാദവും ഗവർണർ ഇടപെട്ട് പരിഹരിച്ചിരുന്നു. തന്റെ അനുമതിയില്ലാതെ സർക്കാർ വിസിമാരുടെ കാലാവധി നീട്ടിനൽകിയതിനെയും താൽക്കാലിക വിസിമാരെ നിയമിച്ചതിനെയും മുൻ ഗവർണറും ഇപ്പോൾ ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകർ ചോദ്യം ചെയ്തിരുന്നു. പക്ഷേ മമത വഴങ്ങിയില്ല. എന്നാൽ ആനന്ദബോസ് എത്തുമ്പോൾ ഈ വിവാദം തീരുകയാണ്. ബംഗാളിലെ 20 വൈസ് ചാൻസലർമാർ ഗവർണർ സി.വി. ആനന്ദബോസിന് രാജിക്കത്ത് കൈമാറിയത് സർക്കാരിന്റെ അറിവോടെയാണ്. 6 പേരുടെയും പദവി 3 മാസത്തേക്കു കൂടി ഗവർണർ നീട്ടിനൽകുകയും ചെയ്തു. മുൻ ഗവർണറും ഇപ്പോഴത്തെ ഉപരാഷ്ട്രപതിയുമായ ധൻകറിൽനിന്നു വ്യത്യസ്തമായ നിലപാട് ആനന്ദബോസ് സ്വീകരിച്ചു. അതോടെ മമതയും വഴങ്ങി.
ഫലത്തിൽ പുതിയ വിസിമാരെ നിയമിക്കാനുള്ള അവസരം ഗവർണ്ണറിലേക്ക് വരികയായിരുന്നു. ബംഗാളിൽ വിസി നിയമനവുമായി ബന്ധപ്പെട്ടു മുൻ ഗവർണർ സംസ്ഥാനസർക്കാറുമായി ഏറ്റുമുട്ടലിലായിരുന്നു. ഇതാണ് തീരുന്നത്. വിദ്യാഭ്യാസമന്ത്രി ബ്യാത്യ ബസു കൂടി പങ്കെടുത്ത യോഗത്തിലാണ് 6 വിസിമാർ രാജി കൈമാറിയത്. കൂടുതൽ പേർ രാജി നൽകും. വിസി നിയമനത്തിനായുള്ള സെർച് കമ്മിറ്റികളുടെ രൂപീകരണവും ആരംഭിച്ചിട്ടുണ്ട്. വിസിമാർ സ്വമേധയായാണു രാജിക്കത്ത് നൽകിയതെന്നും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിലൊന്നു പ്രശ്നപരിഹാരമാണെന്നും ഗവർണർ ആനന്ദബോസ് പറഞ്ഞു.
ഇതിനിടെ കൂച്ച് ബിഹാറിൽ കേന്ദ്രമന്ത്രി നിഷിത് പ്രാമാണികിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായതിനെ സി.വി. ആനന്ദബോസ് അപലപിച്ചതോടെയാണ് സംസ്ഥാന സർക്കാരും ഗവർണറുമായി അസ്വാരസ്യം ഉണ്ടായത്. അതേസമയം അതെല്ലാം കഴിഞ്ഞകാര്യമാണെന്നും ഭരണഘടനാനുസൃതമായി നയതന്ത്രപരമായി തന്നെ കാര്യങ്ങൾ മുന്നോട്ടുപോകുമെന്നും രാജ് ഭവൻ വ്യക്തമാക്കി. ഈ അസ്വസ്ഥതകൾ നിലനിൽക്കേത്തന്നെ ഭരണഘടനാനുസൃതമായാണു ഗവർണർ പ്രവർത്തിക്കുന്നതെന്നു നിയമസഭാ സ്പീക്കർ ബിമൻ ബാനർജി പ്രസ്താവിച്ചിരുന്നു. അതിലേക്ക് നയിച്ച നയതന്ത്രവും ഗവർണറുടേതായിരുന്നു.
മുൻഗാമിയിൽനിന്നു വ്യത്യസ്തമായി ഗവർണറും സംസ്ഥാന സർക്കാരും പൂർണ സൗഹാർദ്ദത്തിൽ പോയതിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുൾപ്പടെയുള്ളവർക്കു നീരസമുണ്ടായിരുന്നു. പലഘട്ടത്തിലും അതു പരസ്യമായി അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഗവർണറെ കേന്ദ്രം ഡൽഹിയിൽ വിളിപ്പിച്ചു ശാസിച്ചതായി വാർത്തയും പ്രചരിച്ചിരുന്നു. എന്നാൽ കേന്ദ്രത്തിൽനിന്ന് ഇതിനെതിരായ പ്രതികരണമാണ് ഉണ്ടായത്. ബിജെപി സംസ്ഥാന പ്രസിഡന്റ് സുഖന്ത മജുംദാർ ഗവർണറെ അനുകൂലിച്ചാണു പ്രസ്താവനയിറക്കിയത്. അടുത്തിടെ സുവേന്ദു അധികാരിയും ഗവർണറെ സന്ദർശിച്ച് ഒരു മണിക്കൂറോളം ചർച്ച നടത്തി. ഗവർണർ വളരെ നല്ല മനുഷ്യനാണെന്നും അദ്ദേഹത്തിൽ പൂർണവിശ്വാസമുണ്ടെന്നുംവരെ സുവേന്ദു അതിനുശേഷം പറഞ്ഞു. ഇതോടെ മമതയ്ക്കൊപ്പം സുവേന്ദുവിനേയും മെരുക്ക ആനന്ദബോസ്. ഇപ്പോൾ ലളിത ജീവിതം കൊണ്ടുകൂടിയാണ് അദ്ദേഹം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.
മറുനാടന് മലയാളി ബ്യൂറോ