തിരുവവനന്തപുരം: സിപിഎം സിൻഡിക്കേറ്റ്അംഗത്തിന്റെ ഭാര്യയെ നിയമിക്കാൻ 33 വർഷം മുമ്പ് യുജിസി അനുവദിച്ച കാലഹരണപ്പെട്ട തസ്തിക പൊടി തട്ടിയെടുത്ത് കാലിക്കറ്റിൽ അസോസിയേറ്റ് പ്രൊഫസ്സർ നിയമനം നൽകിയെന്ന് ആരോപണം. 97 ൽ സർവീസിൽ നിന്ന് വിരമിച്ച ഒരു അദ്ധ്യാപകൻ 2004 ൽ വിരമിച്ചതായും സംവരണ റോസ്റ്റർ പട്ടികയിൽ വ്യാജമായി രേഖപെടുത്തിയിട്ടുണ്ട്. ഇതോടെ സംവരണം അട്ടിമറിക്കാനാണ് റോസ്റ്റർ പ്രസിദ്ധീകരിക്കാത്തതെന്ന ആക്ഷേപം ബലപെടുകയാണ്

സിപിഎം സംഘടനാ നേതാവും കാലിക്കറ്റ് സിന്റിക്കേറ്റ് അംഗവും സ്റ്റാറ്റിസ്റ്റിക്‌സ് പഠന വകുപ്പിൽ പ്രൊഫസറുമായ ഡോ. എം.മനോഹരന്റെ ഭാര്യ ഡോ. കൃഷ്ണ റാണിയെ അതേവകുപ്പിൽ നിയമിക്കാനാണ് ഇല്ലാത്ത തസ്തികകളുടെ വ്യാജ രേഖകൾ ചമച്ചതെന്നാണ് ആരോപണം. അദ്ധ്യാപക നിയമനത്തിനുള്ള ഒഴിവുകൾ കണ്ടെത്താൻ നിയോഗിച്ച സിൻഡിക്കേറ്റ് ഉപസമിതി അംഗം തന്നെയാണ് ഭാര്യയ്ക്ക് വേണ്ടി ഇല്ലാത്ത തസ്തിക കണ്ടെത്തിയത്.

33 വർഷം മുമ്പ് 1989 ൽ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന് യൂജിസി അനുവദിച്ച ഒരു തസ്തിക നികത്തിയിട്ടില്ലെന്നാണ് സിൻഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തൽ. എന്നാൽ തസ്തിക അനുവദിച്ച് അഞ്ച് വർഷം കഴിഞ്ഞാൽ നിയമനം നടന്നില്ലെങ്കിൽ പ്രസ്തുത തസ്തിക അസാധുവാകും. യുജിസി. ഫണ്ടും ലഭിക്കില്ല. പിന്നീട് തസ്തിക സൃഷ്ടിക്കണമെങ്കിൽ സർക്കാറിന്റെയും ധനവകുപ്പിന്റെയും മുൻകൂർ അനുമതി ആവശ്യമാണ്. ഇതൊന്നുമില്ലാതെയാണ് തസ്തിക നിലവിലുണ്ടെന്ന സർവകലാശാലയുടെ കണ്ടെത്തൽ.

ആദ്യ തസ്തിക ചട്ട പ്രകാരം അംഗപരിമതർക്ക് നീക്കിവെക്കേണ്ടതുള്ളതുകൊണ്ട് സ്റ്റാറ്റിസ്റ്റിക്‌സിൽ മറ്റൊരു ഇല്ലാ തസ്തിക സൃഷ്ടിച്ച് ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്യാൻ മാറ്റിവച്ചിട്ടുള്ളതായും റോസ്റ്ററിൽ രേഖപെടുത്തിയിട്ടുണ്ട്. ഇതിനായി 1997 ൽ സർവീസിൽ നിന്നും വിരമിച്ച ഡോ.കെ. കുമാരൻകുട്ടി എന്ന അദ്ധ്യാപകൻ 2004 ൽ വിരമിച്ചതായി കാണിച്ച് അംഗപരിമിതർക്കായി നീക്കിവെച്ചിരിക്കുകയാണ്. തസ്തികകൾ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയതോടെ കാലിക്കറ്റ് സർവകലാശാല നിയമിച്ച 16 അസോസിയേറ്റ് പ്രൊഫസർമാരുടെയും ഭാവി അനിശ്ചിതത്തിലാകും.

സംവരണ തസ്തികകളിലും മാറ്റമുണ്ടാവും. സംവരണ റോസ്റ്റർ മറച്ചു വെച്ച് കാലിക്കറ്റ് സർവകലാശാല അദ്ധ്യാപക നിയമനങ്ങൾ അട്ടിമറിക്കുകയാണെന്നുള്ള പരാതി ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തായ റോസ്റ്റർ രേഖകൾ. തസ്തികകൾ വിജ്ഞാപനം ചെയ്യുമ്പോൾ തന്നെ സംവരണ തസ്തികകൾ പ്രത്യേകം രേഖപെടുത്തണമെന്ന യൂജിസി നിർദ്ദേശം കാലിക്കറ്റ് ഒഴിച്ച് എല്ലാ സർവ്വകലാശാലകളും പാലിക്കുന്നുവെങ്കിലും സംവരണം അട്ടിമറിച്ച് വേണ്ടപ്പെട്ടവരുടെ നിയമനങ്ങൾ നടത്താനാണ് കാലിക്കറ്റ് സംവരണ തസ്തികകൾ കാലേ പരസ്യപെടുത്താ തെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നു..

ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് രേഖകൾ നൽകിയപ്പോഴാണ് കള്ളി പുറത്തായത്. കാലിക്കട്ടിൽ വ്യാജ അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചും സംവരണം അട്ടിമറിച്ചും നടത്തിയ എല്ലാ അദ്ധ്യാപക നിയമനങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. ഇതും ഗവർണ്ണർ പരിശോധിക്കും. ഇതോടെ സർവ്വകലാശാലയിലെ മറ്റൊരു നിയമന അഴിമതി കൂടി ചർച്ചകളിലേക്ക വരികയാണ്.