- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിക്കറ്റ് സർവകലാശാലയിൽ പട്ടികജാതി അദ്ധ്യാപികയ്ക്ക് ഊരുവിലക്ക്; സിപിഎം സിൻഡിക്കേറ്റ് അംഗത്തിന്റെ നിർദ്ദേശത്തിന് വിസി വഴങ്ങി; അദ്ധ്യാപികയ്ക്ക് വകുപ്പ് മേധാവി സ്ഥാനം നിഷേധിച്ചു; അപേക്ഷ നേരിട്ട് സമർപ്പിച്ചതിന് അച്ചടക്ക നടപടിയുടെ ഭാഗമായി അദ്ധ്യാപികയോട് വിശദീകരണം ചോദിക്കാനും സിൻഡിക്കേറ്റ് തീരുമാനം; സർവകലാശാലയുടെ ചട്ടവിരുദ്ധനടപടി റദ്ദാക്കാൻ ഗവർണർക്ക് നിവേദനം
തിരുവനന്തപുരം: അദ്ധ്യാപക നിയമനങ്ങളിൽ സംവരണ തത്വങ്ങൾ അട്ടിമറിച്ചതായ ആരോപണങ്ങൾക്ക് പിന്നാലെകാലിക്കറ്റ് സർവകലാശാലയിലെ പട്ടികജാതിയിൽ പെട്ട അദ്ധ്യാപികയ്ക്ക് വകുപ്പ് മേധാവി സ്ഥാനത്തിന് ഊര് വിലക്ക്.
സർവ്വകലാശാല ചട്ടപ്രകാരം പഠന വകുപ്പിൽ പ്രൊഫസ്സറുടെയോ, അസോസിയേറ്റ് പ്രൊഫസ്സറുടെയോ അഭാവത്തിൽ സീനിയറായ അസിസ്റ്റന്റ് പ്രൊഫസ്സറെ വകുപ്പ് മേധാവിയായി നാമ നിർദ്ദേശം ചെയ്യേണ്ടതാണ്. താരതമ്യ സാഹിത്യ പഠനവകുപ്പിൽ സീനിയറായിട്ടുള്ള ഡോ: കെ.ദിവ്യ മേധാവിസ്ഥാനം സ്വീകരിക്കാൻ തയ്യാറാണെന്ന് കാണിച്ച് അപേക്ഷിച്ചിരുന്നു. പട്ടികജാതി വിഭാഗത്തിലുള്ള അദ്ധ്യാപികയാണ് ഡോ:ദിവ്യ. മറ്റുപഠന വകുപ്പുകളിൽ സമാന രീതിയിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാർക്ക് വകുപ്പ് മേധാവിസ്ഥാനം നൽകിയിരിക്കുമ്പോൾ ദിവ്യയെ ബോധപൂർവം ഒഴിവാക്കുന്നതിന് വേണ്ടി അഞ്ചുവർഷം സർവീസ് പൂർത്തിയാവാതെ വകുപ്പ് മേധാവി സ്ഥാനം നൽകേണ്ടതില്ലെന്ന് സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി സിൻഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾതന്നെ മറ്റ് പഠനവകുപ്പുകളിൽ അഞ്ചുവർഷം സർവീസ് പൂർത്തിയാകാത്ത അസിസ്റ്റന്റ് പ്രൊഫസ്സർമാരെ വകുപ്പ് മേധാവിമാരായി നിയമിച്ചിട്ടുമുണ്ട്. മറ്റൊരു വകുപ്പിലെ അദ്ധ്യാപകന് ഈ വകുപ്പിന്റെ അധിക ചുമതല തുടർന്നും നൽകാനും സിൻഡിക്കേറ്റ് തീരുമാനിച്ചിരിക്കുകയാണ്.
എറണാകുളത്തെ ഒരു യുവ സിപിഎം മുൻ എംഎൽഎയുടെ സ്വാധീനത്തിൽ നിയമനം ലഭിച്ച ഈ വകുപ്പിലെതന്നെ മറ്റൊരു വനിതാ അദ്ധ്യാപികയുടെ സമ്മർദ്ദത്തിന് വഴങ്ങി സിൻഡിക്കേറ്റിലെ ഒരു സിപിഎം അംഗം മുൻകൈയെടുത്താണ് പട്ടിജാതിക്കാരിയായ അദ്ധ്യാപികയെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്നും ഒഴിവാക്കിയതെന്ന് ആരോപണമുണ്ട്. മാത്രമല്ല വകുപ്പ് മേധാവി സ്ഥാനം സ്വീകരിക്കാനുള്ള അപേക്ഷ നേരിട്ട് സമർപ്പിച്ചതിന് അച്ചടക്ക നടപടിയുടെ ഭാഗമായി ഡോ:ദിവ്യയോട് വിശദീകരണം ചോദിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചിരിക്കുകയാണ്.
ഒരു പട്ടികജാതി അദ്ധ്യാപികയ്ക്ക് ചട്ടവിരുദ്ധമായി വകുപ്പ് മേധാവിസ്ഥാനംനിരസിച്ച സർവ്വകലാശാല അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും, പട്ടിക ജാതി വകുപ്പ് മന്ത്രിക്കും, സംസ്ഥാന പട്ടികജാതി /പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാനും നിവേദനം നൽകി.
മറുനാടന് മലയാളി ബ്യൂറോ