തിരുവനന്തപുരം: എ ഐ ക്യാമറാ പദ്ധതിക്കെതിരെ അഴിമതി ആരോപണം ഉയർന്നതോടെ പ്രതിരോധിച്ചു കൊണ്ട് കെൽട്രോൺ എംഡി രംഗത്തുവന്നു. എഐ ക്യാമറ പദ്ധതി സുതാര്യമാണെന്നും ഒരു ക്യാമറ സിസ്റ്റത്തിന്റെ വില 35 ലക്ഷം രൂപയാണെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ക്യാമറയുടെ വില 9.5 ലക്ഷം മാത്രമാണെന്നും കെൽട്രോൺ സിഎംഡി എൻ.നാരായണ മൂർത്തി വ്യക്തമാക്കി.

74 കോടി രൂപയാണ് ക്യാമറയ്ക്കായി ചെലവാക്കിയത്. ബാക്കി സാങ്കേതിക സംവിധാനം, സെർവർ റൂം, പലിശ എന്നിവയ്ക്കു വേണ്ടിയാണ്. പദ്ധതിയുടെ ഉപകരാറുകൾ സ്രിറ്റ് എന്ന കമ്പനിയാണ് നൽകിയത്. ഇതിൽ കെൽട്രോണിന് ഒരു പങ്കുമില്ല, ബാധ്യതയുമില്ല. ഉപകരാർ കൊടുക്കുന്നത് കെൽട്രോൺ അറിയണമെന്നില്ലെന്നും നാരായണ മൂർത്തി പറഞ്ഞു. മുൻപരിചയമുള്ള കമ്പനിയാണ് സ്രിറ്റ്. മൂന്നു മാസം കൂടുമ്പോൾ കെൽട്രോൺ ബിൽ സമർപ്പിക്കും, റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്നാണ് കരാരെനന്ും അദ്ദേഹം പറഞ്ഞു.

പദ്ധതിത്തുക ആദ്യം മുതൽ തന്നെ 235 കോടി രൂപായിരുന്നു. പല തവണ ചർച്ച നടത്തിയ ശേഷം ഇത് 232 കോടിയാക്കി. 5 വർഷത്തെ പ്രവർത്തനച്ചെലവും ചേർത്താണ് 232 കോടി രൂപ. പദ്ധതി തുകയിൽ 151 കോടിയാണ് സ്രിറ്റ് എന്ന കമ്പനിക്ക് ഉപകരാർ നൽകിയത്. ബാക്കി തുക കൺട്രോൾ സംവിധാനത്തിനും ചലാൻ അയയ്ക്കാനും കെൽട്രോണിന്റെ ചെലവിനുമായി വിനിയോഗിക്കുന്നതിനാണ്. സ്രിറ്റ് എന്ന സ്ഥാപനം മികച്ച പ്രവർത്തനമാണ് നടത്തിയത്. സർക്കാർ ഇതുവരെ തുക മുടക്കിയിട്ടില്ല. സ്രിറ്റാണ് തുക ചെലവാക്കിയത്. പദ്ധതിത്തുക 232 കോടിയായി കെൽട്രോൺ ഉയർത്തിയെന്നത് തെറ്റിദ്ധാരണയാണ്. ഒരാൾക്കും തെറ്റായി പിഴ ചുമത്താതിരിക്കാനാണ് കൺട്രോൾ റൂമിലെ ജീവനക്കാർ പരിശോധിക്കുന്നതെന്നും സിഎംഡി പറഞ്ഞു.

ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 2018ലാണ് കെൽട്രോണും മോട്ടർ വാഹന വകുപ്പും ചർച്ച നടത്തിയത്. ശുപാർശ സമർപ്പിച്ചപ്പോൾ 6000 ക്യാമറകൾ സ്ഥാപിക്കണമെന്നു പറഞ്ഞു. 2019ൽ സർക്കാരിന് റിപ്പോർട്ട് നൽകി, പിറ്റേ വർഷം സർക്കാർ ഉത്തരവിറക്കി. കെൽട്രോൺ കൺസൽറ്റന്റായി പ്രവർത്തിക്കണമെന്നാണു പറഞ്ഞത്.

2020ൽ തന്നെ ഗതാഗത കമ്മിഷണറുമായി കരാർ ഒപ്പുവച്ചു. ഈ ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തിലാണ് ടെൻഡർ വിളിച്ചത്. സ്രിറ്റ് ആണ് കുറഞ്ഞ തുക ക്വോട്ട് ചെയ്തത് 121 കോടി. ആകെ തുക നികുതി ഉൾപ്പെടെ 235 കോടി എന്ന് 2020 ൽ തന്നെ കരാർ ഒപ്പിട്ടു. കെൽട്രോൺ 6 കോടി ചെലവാക്കി. 95 % പ്രവർത്തനക്ഷമത ക്യാമറകൾക്കുണ്ട്. എഐ എന്നാൽ ക്യാമറ മാത്രമല്ല, ഒരു സംവിധാനമാണ്. ലോകോത്തര നിലവാരമുള്ള എഐ സാങ്കേതിക വിദ്യയാണ് സ്ഥാപിച്ചത്. ഇതിൽ സംശയം വേണ്ടസിഎംഡി പറഞ്ഞു.

കരാറുകളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് പ്രതിപക്ഷം തെളിവ് സഹിതം ആരോപണമുന്നയിച്ചതിന് പിന്നാലെ 'എ.ഐ കാമറ പദ്ധതി സ്വന്തം പദ്ധതിയാണെ'ന്ന കഴിഞ്ഞ ദിവസത്തെ നിലപാടിൽനിന്ന് കെൽട്രോൺ മലക്കം മറിയുകയായിരുന്നു. ആരോപണങ്ങൾക്ക് കട്ടികൂടുമ്പോഴും സർക്കാർ മറുപടി പറയുന്നില്ലെന്ന് മാത്രമല്ല, 'പ്രതികരിക്കേണ്ടത് കെൽട്രോണെന്ന്' പറഞ്ഞ് ഗതാഗതമന്ത്രി ആന്റണി രാജു കൈയൊഴിയുക കൂടി ചെയ്തതോടെ ദുരൂഹതയുടെ ആഴവും പരപ്പും വർധിക്കുകയാണ്. ആളുകളുടെ പോക്കറ്റടിക്കുമെന്ന സാധാരണക്കാരന്റെ ആശങ്കകൾക്കപ്പുറം കോടികൾ ചെലവഴിക്കുന്ന പദ്ധതിയിലെ ഇടപാടുകളെ കുറിച്ചും ചൂടേറിയ ചോദ്യങ്ങളുയരുകയാണ്.

നിർമ്മിത ബുദ്ധി കാമറ ഇടപാടുകളിലെ സുതാര്യതയെ കുറിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംശയവും ആരോപണവുമുന്നയിച്ചത് തുടക്കത്തിൽതന്നെ മോട്ടോർ വാഹനവകുപ്പിന് കല്ലുകടിയായതിനു പിന്നാലെയാണ് പ്രഹരമായി കരാർ രേഖകളടക്കം വെളിപ്പെടുത്തിയുള്ള രമേശ് ചെന്നിത്തലയുടെ വാർത്തസമ്മേളനം. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻപരിചയമില്ലാത്ത കമ്പനിക്കാണ് കെൽട്രോൺ കരാർ നൽകിയതെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഈ കരാർ നൽകിയ ടെൻഡറിലും അവ്യക്തതയുണ്ട്. 151.22 കോടിക്കാണ് കെൽട്രോൺ എസ്.ആർ.ഐ.ടി എന്ന കമ്പനിക്കുള്ള കരാർ നൽകിയത്. എന്നാൽ, കോഴിക്കോട് മലാപ്പറമ്പിലെയും തിരുവനന്തപുരം നാലാഞ്ചിറയിലെയും രണ്ട് കമ്പനികൾക്ക് വീണ്ടും ഉപകരാർ നൽകുകയായിരുന്നു.

75 കോടിക്ക് കമ്പനികൾ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതിക്ക് സർക്കാർ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്. ഇപ്പോൾ 232 കോടിയായി. 81 കോടി രൂപ അധികം വന്നെന്നും ചെന്നിത്തല ആരോപിക്കുന്നു. തങ്ങളുടെ സ്വന്തം പദ്ധതിയാണ് എ.ഐ കാമറ എന്ന് കഴിഞ്ഞ ദിവസം വിശദീകരിച്ച കെൽട്രോൺ പക്ഷേ, തങ്ങൾ ചട്ടപ്രകാരം കരാർ നൽകിയിട്ടുണ്ടെന്ന് തിങ്കളാഴ്ച സമ്മതിച്ചു.