- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഖമില്ലാത്ത ആളാണ്, സഹായിക്കണേ എന്ന് അഭ്യർത്ഥിച്ചപ്പോൾ അതൊന്നും എന്റെ പണിയല്ലെന്ന് ധാർഷ്ട്യത്തോടെ എയർഹോസ്റ്റസിന്റെ മറുപടി; കാബിനിൽ ഹാൻഡ് ബാഗ് വച്ചില്ലെന്ന കാരണം പറഞ്ഞ് അർബുദ രോഗിയായ യാത്രക്കാരിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു; റിപ്പോർട്ട് തേടി ഡിജിസിഎ
ന്യൂഡൽഹി: അർബുദ രോഗിയായ യാത്രക്കാരിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന പരാതിയിൽ ഡിജിസിഎ റിപ്പോർട്ട് തേടി. ന്യൂഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് അമേരിക്കൻ എയർലൈൻസിൽ പറക്കാനിരുന്ന മീനാക്ഷി സെൻഗുപ്തയെയാണ് ഇറക്കി വിട്ടത്.
മുകളിലുള്ള കാബിനിൽ ഹാൻഡ് ബാഗ് വയ്ക്കാനുള്ള വിമാന ജീവനക്കാരുടെ നിർദ്ദേശം പാലിക്കാതിരുന്നതിനെ തുടർന്നാണ് മീനാക്ഷിയെ ഇറക്കി വിട്ടതെന്നാണ് പരാതി. അടുത്തിടെ അർബുദത്തിന് ശസ്ത്രക്രിയ കഴിഞ്ഞയാളാണ് യാത്രക്കാരി. അതുകൊണ്ട് ഭാരമുള്ള ബാഗ് മുകളിൽ വയ്ക്കാൻ സഹായം തേടി. എന്നാൽ, ആരും സഹായിച്ചില്ലെന്നും വിമാനത്തിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടെന്നും മീനാക്ഷി പറയുന്നു. യുവതിയോട് മോശമായി പെരുമാറിയതിനും, പുറത്തിറക്കി വിട്ടതിനും പൊലീസിൽ പരാതി നൽകിയിരുന്നു.
ഈ പ്രശ്‌നത്തിൽ അമേരിക്കൻ എയർലൈൻസിന്റെ വിശദീകരണം ഇങ്ങനെ:' ജനുവരി 30 ന് അമേരിക്കൻ എയർലൈൻസ് ഫ്‌ളൈറ്റ് 293 ഡൽഹി-ന്യൂയോർക്ക്(ജെഎഫ്‌കെ) വിമാനത്തിൽ നിന്ന് ജീവനക്കാരുടെ നിർദ്ദേശങ്ങൾ പാലിക്കാത്ത യാത്രക്കാരിയെ ഇറക്കി വിട്ടിരുന്നു. ടിക്കറ്റിന്റെ പണം റീഫണ്ട് ചെയ്യാൻ വേണ്ടി ഞങ്ങളുടെ കസ്റ്റമർ റിലേഷൻസ് ടീം അവരെ ബന്ധപ്പെട്ടിരുന്നു'. അതേസമയം, ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും റിപ്പോർട്ട് തേടുമെന്നും വ്യോമയാന ഡയറക്ടർ ജനറൽ അരുൺ കുമാർ അറിയിച്ചു.
യുഎസിൽ നിന്ന് നാട്ടിൽ അവധിക്ക് വന്നപ്പോഴാണ് മീനാക്ഷി സെൻഗുപ്തയ്ക്ക് അർബുദം കണ്ടെത്തിയത്. തുടർന്ന് സർജറിക്ക് ശേഷം അമേരിക്കയ്ക്ക് മടങ്ങുകയായിരുന്നു. ഈ സംഭവത്തിന് ശേഷം മറ്റൊരു എയർലൈനിൽ ടിക്കറ്റെടുത്ത് മീനാക്ഷി യുഎസിലേക്ക് പോയി. അവിടെ അർബുദ ചികിത്സ തുടരാൻ ഡോക്ടറുടെ അപ്പോയ്ന്റ്‌മെന്റ് എടുത്തിട്ടുണ്ടായിരുന്നു.
മീനാക്ഷിയുടെ മകൾ അമ്മയുടെ അനുഭവം വിശദീകരിച്ച് അമേരിക്കൻ എയർലൈൻസിനെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ സംഭവം വിവരിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ, ഗ്രൗണ്ട സ്റ്റാഫ് വളരെയേറെ തന്നെ സഹായിച്ചെന്നും, വിമാനത്തിൽ കയറാനും, സീറ്റിന്റെ സൈഡിൽ ഹാൻഡ് ബാഗ് വയ്ക്കാനും കൈത്താങ്ങായെന്നും മീനാക്ഷി പറയുന്നു. വിമാനത്തിലെ സീറ്റിൽ ഇരുന്ന ശേഷം എയർഹോസ്റ്റസിനോട് തന്റെ ആരോഗ്യനിലയെ കുറിച്ച് സംസാരിച്ചു. ഫ്‌ളൈറ്റ് അറ്റന്റുമാർ ആരും തന്നെ ഹാൻഡ്ബാഗ് മുകളിൽ വയ്ക്കുന്ന കാര്യം പറഞ്ഞില്ല. എന്നാൽ, ലൈറ്റ് ഡിം ചെയ്ത്, വിമാനം പുറപ്പെടാറായതോടെ, ഫ്‌ളൈറ്റ് അറ്റന്റന്റ് വന്ന് ബാഗ് മുകളിൽ വയ്ക്കാൻ പറഞ്ഞു. സഹായം തേടിയപ്പോൾ, അത് തന്റെ ജോലി അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു.
പലവട്ടം സഹായം ആവശ്യപ്പെട്ടപ്പോൾ, വിമാനജീവനക്കാർ തന്നെ വിമാനത്തിൽ നിന്ന് പുറത്താക്കുകയാണെന്ന് അറിയിച്ചു. വിമാനത്തിന്റെ ക്യാപ്റ്റനും തീരുമാനം എടുത്തുകഴിഞ്ഞെന്ന് പറഞ്ഞ് സഹായിക്കാൻ തയ്യാറായില്ല. 'എന്റെ ബാഗുകൾ ഞാൻ തന്നെ ചുമക്കണമെന്നും, എല്ലാകാര്യവും സ്വയം കൈകാര്യം ചെയ്യണമെന്നും' ജീവനക്കാർ പറഞ്ഞു. പ്രത്യേക ആവശ്യങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ള യാത്രക്കാരെ സഹായിക്കേണ്ടത് അവരുടെ ജോലിയല്ലെന്നും പറഞ്ഞു. തനിക്ക് അത്രമേൽ അസൗകര്യമെങ്കിൽ, വിമാനത്തിൽ നിന്ന് ഇറങ്ങിക്കോളാനും. ഇക്കാര്യത്തിൽ അവരെല്ലാം ഒറ്റക്കെട്ടായിരുന്നുവെന്നും മീനാക്ഷി സെൻഗുപ്ത പറയുന്നു.
'പ്രകോപനം ഒന്നുമില്ലാതെയാണ് എന്നെ പുറത്താക്കുമെന്ന് ഫളൈറ്റ് അറ്റന്റന്റ് മുന്നറിയിപ്പ് നൽകിയത്. വളരെ അനാദരവോടെയാണ് അവർ പെരുമാറിയത്. പിറ്റേ ദിവസം എനിക്ക് പറക്കാൻ കഴിഞ്ഞില്ല. മറ്റൊരു എയർലൈനിൽ അറ്റ്‌ലാന്റയിലേക്ക് പറന്ന് അവിടെ നിന്ന് റോഡ് മാർഗ്ഗമാണ് പിന്നീട് ലക്ഷ്യസ്ഥാനത്ത് എത്തിയത'്, മീനാക്ഷി സെൻഗുപത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ