- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വില്ലകൾക്കു സമീപത്തെ കായൽവെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു; കെട്ടിടം പൊളിക്കലിനു ശേഷമെടുക്കുന്ന കായൽവെള്ളത്തിന്റെ സാംപിൾ പരിശോധിച്ച് മലിനീകരണത്തോത് കൂടിയിട്ടുണ്ടോയെന്നു വിലയിരുത്തും; കായലിനു നടുവിലെ ദ്വീപിലാണ് റിസോർട്ട് എന്നതിനാൽ അതീവ ശ്രദ്ധയോടെയാണ് പൊളിക്കൽ; കാപികോ പൊളിഞ്ഞു വീഴുമ്പോൾ
ആലപ്പുഴ: പാണാവള്ളി നെടിയതുരുത്തിൽ തീരപരിപാലന നിയമം ലംഘിച്ചതിനെത്തുടർന്ന് പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ട കാപികോ റിസോർട്ട് പൂർണ്ണമായും പൊളിച്ചു മാറ്റാൻ ആറു മാസത്തിൽ അധികം എടുക്കും. 35,900 ചതുരശ്രയടി കെട്ടിടമാണ് പൊളിക്കുന്നത്. കെട്ടിടങ്ങൾക്കും അനുബന്ധ സൗകര്യങ്ങൾക്കുമായി 320 കോടിയിലേറെ രൂപയാണ് വേമ്പനാട്ട് കായലിലെ ദ്വീപിൽ മുടക്കിയത്. തീര പരിപാലന നിയമം ലംഘിക്കൽ, ഭൂമി കയ്യേറ്റം എന്നിവയെത്തുടർന്നാണ് റിസോർട്ട് പൊളിച്ചു മാറ്റി ദ്വീപ് പഴയ രീതിയിലാക്കാൻ ഹൈക്കോടതി വിധിച്ചത്.
കായലിനു നടുവിലെ ദ്വീപിലാണ് കാപികോ റിസോർട്ട് എന്നതിനാൽ അതീവ ശ്രദ്ധയോടെയാണ് പൊളിക്കൽ. റവന്യു വകുപ്പിനാണ് മേൽനോട്ട ചുമതല. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും മേൽനോട്ടമുണ്ട്. വില്ലകൾക്കു സമീപത്തെ കായൽവെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു. കെട്ടിടം പൊളിക്കലിനു ശേഷമെടുക്കുന്ന കായൽവെള്ളത്തിന്റെ സാംപിൾ പരിശോധിച്ച് മലിനീകരണത്തോത് കൂടിയിട്ടുണ്ടോയെന്നു വിലയിരുത്തും. വായു പരിശോധനയും നിശ്ചിത ഇടവേളകളിൽ നടത്തും. ശബ്ദമലിനീകരണം കുറയ്ക്കാൻ സ്‌ഫോടനം ഒഴിവാക്കി.
35,900 ചതുരശ്രയടി കെട്ടിടമാണ് പൊളിക്കുന്നത്. 2007ൽ റിസോർട്ട് നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ പരാതി ഉയർന്നിരുന്നു. 2008ൽ ചേർത്തല മുനിസിപ്പൽ കോടതിയിൽ പരാതി നൽകിയെങ്കിലും കോടതി തള്ളി. 2013ൽ കെട്ടിടം പൊളിച്ചുനീക്കി സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. റിസോർട്ട് നടത്തിപ്പുകാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവച്ച് 2020ൽ വിധിയുണ്ടായി. കോവിഡിനെത്തുടർന്നാണ് വിധി നടപ്പാക്കാൻ കാലതാമസമുണ്ടായത്. കഴിഞ്ഞ ദിവസം കലക്ടർ സർക്കാർ സ്ഥലമായി ഏറ്റെടുക്കുകയായിരുന്നു.
54 വില്ലകളുള്ള റിസോർട്ടിൽ കയ്യേറിയ സ്ഥലത്തെ വില്ലയാണ് പൊളിച്ചു തുടങ്ങിയത്. വില്ലയിലെ ഉപകരണങ്ങൾ നീക്കിയ ശേഷം തൊഴിലാളികളെ ഉപയോഗിച്ചും മണ്ണുമാന്തി ഉപയോഗിച്ചും പൊളിക്കുകയായിരുന്നു. കെട്ടിട ഭാഗങ്ങൾ പുനരുപയോഗിക്കുന്ന വിധമുള്ള പ്ലാൻ പ്രകാരം റിസോർട്ട് നടത്തിപ്പുകാർ തന്നെയാണ് പൊളിക്കുന്നത്. റിസോർട്ടിന് പഞ്ചായത്തിൽ നിന്ന് അംഗീകാരം ലഭിക്കാനുണ്ടായ സാഹചര്യം പരിശോധിക്കാനാണ് തീരുമാനം.
ആദ്യം മതിലുകൾ, പിന്നെ മേൽക്കൂര, തുടർന്ന് വില്ല എന്നിങ്ങനെയാകും പൊളിക്കൽ. റിസോർട്ടിന്റെ റിസപ്ഷൻ, റസ്റ്ററന്റ്, ബാർ, ജിം തുടങ്ങിയവ സജ്ജീകരിക്കാനായി നിർമ്മിച്ച കെട്ടിടം അവസാനമാകും പൊളിക്കുക. 54 വില്ലകളുള്ള റിസോർട്ടാണ് പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്തിൽ കാപികോ ഗ്രൂപ്പ് പണിതത്. മുത്തൂറ്റിന്റെ നേതൃത്വത്തിലുള്ളതാണ് കാപികോ ഗ്രൂപ്പ്,
സ്റ്റാൻഡേർഡ്, ഡീലക്‌സ്, ഡബിൾ പൂൾ എന്നിവയാണ് വില്ലകൾ. സ്റ്റാൻഡേർഡിലും ഡീലക്‌സിലും ഓരോ പൂൾ വീതം . ഡബിൾ പൂളിൽ കുട്ടികൾക്കായുള്ള പൂളും പ്രത്യേകമുണ്ട്. 55,000 രൂപ വരെ പ്രതിദിന വാടക ഉദ്ദേശിച്ചിരുന്നു. സിംഗപ്പൂർ ആസ്ഥാനമായി ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ ബനിയൻ ട്രീക്കാണ് ഹോട്ടലിന്റെ നടത്തിപ്പ് നൽകിയിരുന്നത്. കമ്പനിയുടെ രാജ്യത്തെ തന്നെ ആദ്യ പദ്ധതികളിലൊന്നായിരുന്നു കാപികോ റിസോർട്ട്.
കോട്ടയം മുണ്ടക്കയത്തെ ഹിൽ റിസോർട്ടും മാരാരിക്കുളത്തെ ബീച്ച് റിസോർട്ടുമായി ചേർത്ത് മൂന്നു റിസോർട്ടുകളുടെ പാക്കേജായി നടപ്പാക്കാനായിരുന്നു ശ്രമം. ബെഡ്‌റൂം, ബാത്‌റൂം, സ്വിമ്മിങ് പൂൾ, പൂൾ ഷവർ എന്നിവ ഉൾപ്പെടുന്നതാണ് സ്റ്റാൻഡേർഡ് വില്ല. എസിയും വൈദ്യുത വിതരണ സംവിധാനങ്ങളുമടക്കം 45 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങൾ ഓരോ വില്ലയിലുമുണ്ട്. 55 ലക്ഷത്തിലധികം രൂപയാണ് ഓരോ വില്ലയുടെയും ആകെ മുടക്ക്. റിസോർട്ടിലെ എല്ലാ വില്ലകളും കായലിന് അഭിമുഖമാണ്.
24 ഏക്കർ വിസ്തൃതിയുള്ള നെടിയതുരുത്തിൽ 11 ഏക്കറോളം സ്ഥലത്താണ് നിർമ്മാണം. 3.7 ഏക്കർ സ്ഥലത്തിനു പട്ടയമുണ്ട്. ഭൂമി കയ്യേറിയത് തങ്ങളല്ലെന്നാണ് റിസോർട്ട് മാനേജ്‌മെന്റിന്റെ നിലപാട്. റിസോർട്ട് വരുന്നതിനു മുൻപ് അവിടങ്ങളിൽ താമസിച്ചവരിൽ നിന്ന് പഞ്ചായത്ത് നിരോധന കരം വാങ്ങുന്നുമുണ്ടായിരുന്നു. അവരിൽ നിന്നുള്ള ഭൂമിയും പട്ടയമുള്ള ഭൂമിയും റിസോർട്ടിനായി വാങ്ങുകയായിരുന്നു. പിന്നീട് നിരോധന കരം അടയ്ക്കാൻ അനുവദിക്കാത്ത സ്ഥിതിയായി.
സർക്കാർ ഭൂമി കയ്യേറിയതിന് ഈടാക്കുന്ന പിഴയാണ് നിരോധന കരം. പതിച്ചു നൽകാൻ കഴിയുന്ന ഭൂമിയാണെങ്കിൽ പതിച്ചു നൽകുകയോ അല്ലെങ്കിൽ ഒഴിപ്പിക്കുകയോ ചെയ്യുന്നതു വരെ നിരോധനകരം ഈടാക്കുകയാണ് ചെയ്യുന്നത്. 200708 കാലയളവിൽ ഇതു നിർത്തലാക്കി. 2008ൽ തന്നെ റിസോർട്ട് നിർമ്മാണം നിയമം ലംഘിച്ചാണെന്നു കാണിച്ച് സമീപവാസികൾ ചേർത്തല മുനിസിപ്പൽ കോടതിയെ സമീപിച്ചു. 2011ൽ തഹസിൽദാർ നിയമ ലംഘനങ്ങൾ കണ്ടെത്തി.
നിയമാനുസൃതം പ്രവർത്തിച്ചിരുന്നെങ്കിൽ പാണാവള്ളി പഞ്ചായത്തിന് നികുതിയിനത്തിൽ 18 ലക്ഷം രൂപയാണ് മാസം നൽകേണ്ടിയിരുന്നത്. കെഎസ്ഇബിക്ക് 23 ലക്ഷവും. കെഎസ്ഇബിക്ക് 8 ലക്ഷം രൂപ ഫീസ് നൽകിയിരുന്നു. 400ൽ അധികം പേർക്ക് തൊഴിലവസരം പ്രതീക്ഷിച്ചിരുന്നു. 40 പേരെ റിസോർട്ട് നടത്തിപ്പുകാരായ ബനിയൻട്രീ കമ്പനി ജോലിക്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ റിസോർട്ട് പൊളിക്കാൻ കോടതി വിധി വന്നതോടെ അത്യാവശ്യമുള്ള ജീവനക്കാരെ മാത്രമാക്കി. സെക്യൂരിറ്റി, മെയ്ന്റനൻസ് വിഭാഗക്കാർ മാത്രമാണ് നിലവിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ