- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധനത്തിന്റെ പേരിൽ വീട്ടിൽനിന്ന് ഇറക്കിവിട്ടു; യുവതിയും കുഞ്ഞും 21 മണിക്കൂർ കഴിച്ചുകൂട്ടിയത് സിറ്റൗട്ടിൽ; ഭർത്താവിനും അമ്മയ്ക്കും സഹോദരിക്കും കേസെടുത്ത് പൊലീസ്; സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ്
കൊല്ലം: കൊല്ലം തഴുത്തലയിൽ അമ്മയേയും കുഞ്ഞിനെയും ഭർതൃമാതാവ് വീട്ടിൽനിന്ന് ഇറക്കിവിട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. ഭർത്താവ് പ്രതീഷ് ലാൽ, ഭർതൃമാതാവ് അജിതകുമാരി, ഭർതൃസഹോദരി പ്രസീത എന്നിവർക്കെതിരെയാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. സ്ത്രീധന പീഡനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കൊട്ടിയം പൊലീസ് കേസെടുത്തത്.
തഴുത്തല സ്വദേശിനി അതുല്യ, അഞ്ചു വയസ്സുകാരനായ മകൻ എന്നിവരെയാണ് ഭർതൃവീട്ടുകാർ കഴിഞ്ഞദിവസം പുറത്താക്കിയത്. ഇതിനെതിരെ നാട്ടുകാർ ഒന്നാകെ രോഷാകുലരായതോടെയാണ് പൊലീസ് ഇടപെട്ടത്. എന്നിട്ടും അതുല്യയെയും കുഞ്ഞിനെയും വീടിനുള്ളിൽ കയറ്റാൻ ഭർതൃമാതാവ് അനുവദിച്ചിരുന്നില്ല. ജനപ്രതിനിധികളും പൊലീസും ഏറെ പരിശ്രമിച്ചാണ് വീടിന്റെ വാതിൽ തുറന്നത്.
കഴിഞ്ഞ ദിവസം സ്‌കൂളിൽ നിന്ന് മകനെ വിളിക്കാനായി അതുല്യ പുറത്തിറങ്ങിയപ്പോൾ വീട്ടുകാർ ഗേറ്റ് പൂട്ടുകയായിരുന്നു. വിവാഹം കഴിഞ്ഞ നാൾ മുതൽ പീഡനം സഹിക്കുകയാണെന്നും സ്ത്രീധനം കുറഞ്ഞുപോയി, വണ്ടി നൽകിയില്ല എന്നെല്ലാം പറഞ്ഞ് എല്ലാ ദിവസവും പരാതിയാണെന്നും അതുല്യ വ്യക്തമാക്കിയിരുന്നു.
സ്‌കൂളിൽ നിന്ന് കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ രണ്ട് ഗെയിറ്റും പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ് കണ്ടത്. അടുത്തുള്ള കൊട്ടിയം സ്റ്റേഷനിൽ വിവരമറിയിച്ചു. കൊല്ലം സിറ്റി കമ്മീഷണറെ നേരിട്ട് വിളിക്കുകയും ചെയ്തു. ശിശുക്ഷേമ വകുപ്പിലും അറിയിച്ചു. ഇന്നലെ രാത്രി 11:30 വരെ ഗെയിറ്റിന് മുന്നിൽ ഇരുന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ അകത്തു കടന്ന് വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു.
പലവട്ടം കതക് തുറക്കാൻ അമ്മായിഅമ്മയോട് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. തന്റെ മകളുടെ പേരിലുള്ള വീടാണെന്നും അതുല്യ വീട്ടിൽ കയറരുതെന്ന കോടതിയുടെ ഉത്തരവുണ്ടെന്നുമാണ് ഭർതൃമാതാവായ അജിത കുമാരി വാദിച്ചത്.
വീടിനു പുറത്തായതോടെ 21 മണിക്കൂറിലേറെ അതുല്യയും മകനും വീടിന്റെ സിറ്റൗട്ടിലാണ് കഴിച്ചുകൂട്ടിയത്. സ്ത്രീധനത്തിന്റെ പേരിൽ തുടരുന്ന പീഡനത്തിന്റെ തുടർച്ചയായാണ് വീട്ടിൽനിന്ന് ഇറക്കവിട്ടതെന്ന് അതുല്യ പറഞ്ഞു. ഗുജറാത്തിലുള്ള ഭർത്താവ് പ്രതീഷ് കുമാർ പ്രശ്‌നത്തിൽ ഇടപെട്ടിട്ടില്ലെന്ന് അതുല്യ പറഞ്ഞിരുന്നു. സമാന അനുഭവം ഉണ്ടായെന്ന പരാതിയുമായി മൂത്ത മരുമകൾ വിമിയും രംഗത്തെത്തിയിരുന്നു.
അകത്ത് കടക്കാൻ കഴിയാതായതോടെ യുവതി സിഡബ്ല്യുസിയേയും പൊലീസിനെയും വിവരം അറിയിച്ചു. പക്ഷേ നടപടി ഉണ്ടായില്ല. നാട്ടുകാർ മാത്രമാണ് സഹായത്തിന് ആകെ കൂടെ ഉണ്ടായിരുന്നത്. വിഷയം വലിയ വാർത്തയായതിന് പിന്നാലെയാണ് പൊലീസ് ഇടപെട്ടത്.
പിന്നാലെ ചാത്തന്നൂർ എ സി പി ഗോപകുമാർ, സിഡബ്ല്യുസി ജില്ലാ ചെയർമാൻ സനിൽ വെള്ളിമണ്ണ്, വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ എന്നിവർ ഭർതൃ മാതാവുമായി ചർച്ച നടത്തി. അതുല്യയ്ക്കും കുഞ്ഞിനും വീടിനുള്ളിൽ കഴിയാമെന്ന് അമ്മായിയമ്മ ചർച്ചക്കൊടുവിൽ സമ്മതിച്ചു.
കുട്ടിയെ പുറത്ത് നിർത്തിയതിന് ഭർതൃ മാതാവിനെതിരെ നിയമ നടപടി ഉണ്ടാകുമെന്നും സിഡബ്ല്യുസി വ്യക്തമാക്കി. സ്ത്രീധനത്തിന്റെ പേരിൽ പീഡനമുണ്ടായെന്ന് രണ്ട് മരുമക്കളും പരാതി പറഞ്ഞതിനെത്തുടർന്ന് വനിതാ കമ്മീഷനും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഒടുവിൽ തൊട്ടടുത്ത വീട്ടിലേക്ക് അജിത മാറുകയും അതുല്യയെ വീട്ടിലേക്ക് കയറ്റുകയുമായിരുന്നു. അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം ഉറപ്പു വരുത്താൻ മന്ത്രി വീണാ ജോർജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്കു നിർദ്ദേശം നൽകിയിരുന്നു. നേരത്തെ വിഷയത്തിൽ ദേശീയ, സംസ്ഥാന വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ