തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു രജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത പൊലീസ് കേസുകൾ പിൻവലിക്കുന്നു. ഇതിനായി സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി.അക്രമസ്വഭാവമില്ലാത്തതും ഗുരുതരമല്ലാത്തതുമായ കേസുകൾ പിൻവലിക്കുന്നതിനാണ് സർക്കാർ ഉത്തരവിൽ നിർദ്ദേശമുള്ളത്.

കോവിഡ് കാലത്ത് സംസ്ഥാനത്ത് 1,40,000ൽ അധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്.വിഷയം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആഭ്യന്തര സെക്രട്ടറി ഡോ.വി.വേണു കൺവീനറായി രൂപവത്കരിച്ച സമിതിയുടെ ശിപാർശ സ്വീകരിച്ചാണ് തീരുമാനം.സാമൂഹിക അകലം പാലിക്കാത്തത്, മാസ്‌ക് ധരിക്കാത്തത് തുടങ്ങിയ കേസുകളാണ് അധികവും. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയാണ് കേസുകൾ പിൻവലിക്കാൻ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്.

സുപ്രീംകോടതിയുടെ വിധിയിലെ നിർദേശങ്ങൾ അനുസരിച്ചും ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെയും കേസുകൾ അടിയന്തരമായി പിൻവലിക്കാനാണ് ഡിജിപിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.ജില്ലകളിൽ പബ്ലിക് പ്രോസിക്യൂട്ടർമാർ ഇതിനു മേൽനോട്ടം വഹിക്കണം.

ഐ.പി.സി 188, 269, 290, കേരള പൊലീസ് ആക്ടിലെ 118 (ഇ), കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസിലെ വിവിധ വകുപ്പുകൾ, ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് എന്നിവ പ്രകാരം എടുത്ത കേസുകളാണ് പിൻവലിക്കുക. സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിക്കാതിരിക്കുന്നതും നിയന്ത്രണങ്ങൾ അവഗണിക്കുന്നതുമാണ് വകുപ്പ് 188 പ്രകരമുള്ള കുറ്റം. ഒരു മാസം മുതൽ ആറു മാസം വരെ തടവ് ലഭിക്കാവുന്നതോ 200 രൂപ മുതൽ 1000 രൂപ വരെ പിഴ ഈടാക്കാവുന്നതോ ആണിത്.

പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രോഗപ്പകർച്ചക്ക് കാരണമാവുന്ന വിധം അശ്രദ്ധയോടെ പെരുമാറുന്നതാണ് വകുപ്പ് 269. ആറുമാസം വരെ തടവോ പിഴയും തടവും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റമാണിത്. മനഃപൂർവം സമൂഹസുരക്ഷക്ക് വിഘാതമുണ്ടാക്കുന്ന തരത്തിലോ സമൂഹത്തിന് അപകടകരമായ തരത്തിലോ ഉള്ള പ്രവൃത്തികൾ ചെയ്യുന്നതിനെതിരെയാണ് കേരള പൊലീസ് ആക്ടിലെ വകുപ്പ് 118 (ഇ). മൂന്ന് വർഷം വരെ തടവും 10,000 രൂപ വരെ പിഴയുമാണ് ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്.

കോവിഡ് കാലത്ത് സംസ്ഥാനത്താകെ 1.40 ലക്ഷം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ സാമൂഹിക അകലം പാലിക്കാത്തത്, മാസ്‌ക് ധരിക്കാത്തത് തുടങ്ങിയവയുമായി ബന്ധപ്പെട്ടവ പിൻവലിക്കും. പി.എസ്.സി ഉദ്യോഗാർഥികൾ നടത്തിയ സമരവുമായി ബന്ധപ്പെട്ടതുൾപ്പെടെ ജനകീയ സ്വഭാവത്തിൽ പൊതുമുതൽ നശീകരണവും അക്രമവും ഇല്ലാത്ത സമരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളും പിൻവലിക്കുന്നതിൽ ഉൾപ്പെടും.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു രജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ സിആർപിസി 321 അനുസരിച്ച് പിൻവലിക്കാൻ ഒക്ടോബർ 30ന് ചേർന്ന യോഗമാണ് തീരുമാനിച്ചത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ്‌സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, ഡിജിപി എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെതാണ് തീരുമാനം.