- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര നേതാവ്; കത്തോലിക്ക സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല; വിഷയാധിഷ്ഠിതമാണ് പിന്തുണ; ബഫർസോൺ വിഷയം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തില്ല; വിഷയത്തിലെ ആശങ്ക നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു; കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പങ്കുവച്ച് സിബിസിഐ അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത്
ന്യൂഡൽഹി: ക്രിസ്മസിനോട് അനുബന്ധിച്ച് ക്രൈസ്തവ സമൂഹത്തോട് കൂടുതൽ അടുക്കുകയാണ് പ്രധാനമന്ത്രിയും ബിജെപിയും. രണ്ടുകേന്ദ്രമന്ത്രിമാർക്കൊപ്പം ഇന്ന് സിബിസിഐ അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ വിവരങ്ങൾ മാർ ആൻഡ്രൂസ് താഴത്ത് മാധ്യമപ്രവർത്തകരോട് പങ്കുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അന്താരാഷ്ട്ര നേതാവെന്നാണ്് ഇന്ത്യൻ കാത്തലിക് ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിക്ക് ക്രിസ്മസ് ആശംസ കൈമാറിയെന്നും മാർപ്പാപ്പയുടെ ഇന്ത്യൻ സന്ദർശനം ചർച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പ 2023 ൽ ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ലോക സമാധാനം ആഗ്രഹിക്കുന്നവരാണ് ക്രൈസ്തവരെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ബഫർ സോൺ വിഷയം ചർച്ച ചെയ്തിട്ടില്ല. ബഫർ സോൺ വിഷയത്തിൽ നേരത്തെ തന്നെ ക്രൈസ്തവ സഭ കേന്ദ്ര സർക്കാരിനെ ആശങ്ക അറിയിച്ചിട്ടുള്ളതാണ്. ഇത്തവണ അക്കാര്യം ചർച്ച ചെയ്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളും രാജ്യത്ത് സർക്കാരുകളുടെ ഭാഗമാകണമെന്നാണ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര നേതാവാണ്. ജി 20 സമ്മേളനത്തെ കുറിച്ച് പ്രധാനമന്ത്രി ചർച്ചയിൽ സംസാരിച്ചു. ക്രൈസ്തവരുമായി ബന്ധപ്പെട്ട് വിഷയങ്ങൾ സർക്കാരിനെ അറിയിക്കുക തന്നെ ചെയ്യും. കത്തോലിക്കാ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. വിഷയാധിഷ്ഠിതമാണ് പിന്തുണയെന്നും അദ്ദേഹം വ്യക്തമാക്കി. ബഫർ സോണിൽ സഭ സമരം തുടങ്ങിയിട്ടില്ലെന്ന് പറഞ്ഞ ബിഷപ്പ് ജോസഫ് മാർ തോമസ് ജനങ്ങൾ മുന്നോട്ട് വരുമ്പോൾ സഭ പങ്കാളിയാവുക മാത്രമാണ് ചെയ്യുന്നതെന്നും വിശദീകരിച്ചു.
കഴിഞ്ഞ മാസം 23ന് കേരള സന്ദർശനത്തിനിടയിൽ തൃശ്ശൂരിൽ വച്ച് ബിഷപ്പ് മാർ ആൻഡ്ര്യൂസ് താഴത്തിലുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുമായി അദ്ദേഹത്തിന്റെ കൂടിക്കാഴ്‌ച്ച നടന്നത്. അഞ്ച് ട്രില്ല്യൺ ഡോളർ എക്കോണമി എന്ന പ്രധാനമന്ത്രിയുടെ സ്വപ്നത്തിലേക്ക് ഭാരതം ചുവട് വയ്ക്കുമ്പോൾ ക്രൈസ്തവ യുവത്വം മാറി നിൽക്കരുതെന്നും, അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി വികസനത്തിൽ ഒപ്പം നിൽക്കണം എന്ന് രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ സന്ദർശനത്തിൽ പറഞ്ഞിരുന്നു.
ഡിസംബർ 30ന് താമരശ്ശേരി രൂപതയുടെ കീഴിൽ നടക്കുന്ന പരിപാടിയിലും രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് മുൻകയ്യെടുത്ത് ഇത്തരം ഒരു നീക്കം നടത്തുന്നത് ആദ്യമായാണ്. സി.വി ആനന്ദബോസിനെ ഗവർണ്ണറാക്കിയതിന് പിന്നാലെ കേരളത്തിന്റെ മുഖ്യധാര രാഷ്ട്രീയത്തിലില്ലാത്ത മറ്റൊരു മലയാളിയെ കൂടി രാഷ്ട്രീയ നീക്കങ്ങൾക്ക് പ്രധാനമന്ത്രി ഉപയോഗിക്കുകയാണ്. ഇത് കേരളത്തിലെ ബിജെപി നേതൃത്വത്തിന് വലിയ തിരിച്ചടിയുമാണ്. നേരത്തെ ഗോവാ ഗവർണ്ണറായിരുന്ന പി എസ് ശ്രീധരൻ പിള്ളയും ക്രൈസ്തവ സഭകളെ അടുപ്പിക്കാൻ രംഗത്ത് എത്തിയിരുന്നു. എന്നാൽ അത് കൃത്യമായ തീരുമാനങ്ങളിലേക്ക് എത്തിയിരുന്നില്ല.
സഭാ തർക്കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗോവാ ഗവർണ്ണറുടെ ഇടപെടൽ. ക്രൈസ്തവ സഭകളിലേക്കുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ കൂടിയാകുകയാണ് ഈ നീക്കം എന്നത് സഭാ മേലധ്യക്ഷന്മാർക്കും പുതുമയാണ്. പ്രധാനമന്ത്രിയുമായി ബിഷപ്പ് ആൻഡ്രൂസ് താഴത്ത് നടത്തിയ ചർച്ചകളിൽ കേന്ദ്രമന്ത്രി വി മുരളീധരനും പങ്കെടുത്തു. കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളും ചർച്ചയാക്കി. ക്രൈസ്തവ സഭകളുയർത്തുന്ന പ്രശ്നങ്ങളിലേക്ക് കേന്ദ്രം അനുകൂല നിലപാടുകളും എടുക്കും.
കേരളത്തിൽ വോട്ടുറപ്പിക്കാൻ ക്രൈസ്തവ സഭകളുടെ പിന്തുണ വേണമെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപി നേതാക്കളുടെ പിന്തുണയിൽ പുതിയൊരു രാഷ്ട്രീയ പാർട്ടിയും രൂപീകരിക്കാനുള്ള ശ്രമമുണ്ട്. ബഫർസോണിൽ അടക്കം നിർണ്ണായക തീരുമാനങ്ങൾ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി എടുപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടിയും. ബഫർ സോൺ വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ക്രൈസ്തവ സഭകൾ. ജനകീയ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് സിറോ മലബാർ സഭ സിനഡ് സെക്രട്ടറി ആർച്ച്ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ