- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര ബജറ്റിൽ കേരളത്തിന് എന്തുകിട്ടും? വന്ദേഭാരത് തീവണ്ടി സർവീസുകളും എയിംസും പ്രതീക്ഷ; സിൽവർ ലൈൻ പദ്ധതിയിൽ പച്ചക്കൊടി കാട്ടുമോ എന്നതിലും ആകാംക്ഷ; തൊഴിലുറപ്പ് പദ്ധതിക്ക് പ്രത്യേകസഹായവും കണ്ണൂരിലേക്ക് കൂടുതൽ വിദേശവിമാനങ്ങൾ വരാൻ പോയന്റ് ഓഫ് കാൾ അംഗീകാരവും വേണമെന്ന് സംസ്ഥാനത്തിന്റെ ആവശ്യം
തിരുവനന്തപുരം: കേന്ദ്രബജറ്റ് അടുത്തിരിക്കവേ കേരളത്തിന് എന്തുകിട്ടുമെന്ന ചോദ്യം ഉയർന്നു തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഗതാഗത ആവശ്യങ്ങളിൽ അടക്കം കൂടുതൽ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ കേരളം വെച്ചിട്ടുണ്ട്. എന്നാൽ, ഏതൊക്കെ കാര്യത്തിൽ കേന്ദ്രം പരിഗണന നൽകുമെന്നതാണ്ഇനി അറിയേണ്ടത്.
കേന്ദ്രബജറ്റിൽ സിൽവർലൈൻ പദ്ധതിക്കുള്ള കേന്ദ്രാനുമതി, വന്ദേഭാരത് തീവണ്ടി സർവീസുകൾ, എയിംസ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളിൽ അനുകൂല നിലപാട് പ്രതീക്ഷിച്ചിരിക്കയാണ് കേരളം. ഏറെക്കാലത്തെ ആവശ്യമായ എയിംസ് ഇത്തവണ പരിഗണിക്കപ്പെടുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.
കോവിഡ് കാലത്ത് മടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണമെന്നും ബജറ്റിനു മുന്നോടിയായുള്ള ചർച്ചയിൽ കേരളം ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികപ്രതിസന്ധി അതിജീവിക്കാൻ ജി.എസ്.ടി. വരുമാനം 40:60 എന്ന അനുപാതത്തിൽ പങ്കിടണമെന്നാണ് മറ്റൊരു ആവശ്യം.
സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാണിച്ചിട്ടില്ല. ഈ ആവശ്യം ആവർത്തിക്കുന്നതിനൊപ്പം കേന്ദ്രം നേരത്തേ പ്രഖ്യാപിച്ച വന്ദേഭാരത് വണ്ടികൾക്കുവേണ്ടിയും വാദിച്ചിരിക്കുകയാണ് കേരളം. ഇതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, നിപ പോലുള്ള പകർച്ചവ്യാധികൾക്കുള്ള വാക്‌സിൻ തുടങ്ങിയവയ്ക്കുള്ള ഘടകങ്ങൾ ഉത്പാദിപ്പിക്കാനുള്ള അത്യാധുനിക നിർമ്മാണ യൂണിറ്റുകൾ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം, മലബാർ കാൻസർ സെന്ററിനെ കേന്ദ്ര രാഷ്ട്രീയ ആരോഗ്യനിധി പരിപാടിയിൽ ഉൾപ്പെടുത്തൽ എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. കിഫ്ബിക്കും പെൻഷൻ കമ്പനിക്കും വായ്പയെടുക്കാനുള്ള സർക്കാർ ഗാരന്റി പൊതുകടബാധ്യതയായി കണക്കാക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിക്ക് പ്രത്യേകസഹായം, കശുവണ്ടി, കൃഷി, ഹാൻഡ്ലൂം, പരമ്പരാഗത വ്യവസായം എന്നിവയ്ക്കായി പ്രത്യേക പദ്ധതികൾ, കണ്ണൂരിലേക്ക് കൂടുതൽ വിദേശവിമാനങ്ങൾ വരാൻ പോയന്റ് ഓഫ് കാൾ അംഗീകാരം, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാനദണ്ഡം സംസ്ഥാനങ്ങളുടെ സാഹചര്യമനുസരിച്ച് പരിഷ്‌കരിക്കൽ തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ.
നേരത്തെ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്ു. പദ്ധതിക്ക് പ്രാഥമിക അനുമതി ലഭിച്ചു. ഡിപിആർ അന്തിമ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് സിൽവർ ലൈൻ വേണമെന്നും ഗവർണർ കൂട്ടിച്ചേർത്തു. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ നേട്ടങ്ങൾ അക്കമിട്ടുനിരത്തുന്നതായിരുന്നു ഗവർണറുടെ നയപ്രഖ്യാപനം.
മറുനാടന്‍ മലയാളി ബ്യൂറോ