- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി ബോർഡിൽ ബി അശോകിന്റെ സത്ഭരണം തുണയായി; വൈദ്യുതി വിതരണ രംഗത്തെ പ്രകടന മികവ് തുണയായതോടെ കേരളത്തിന് 4,060 കോടി അധികം കടമെടുക്കാം; കേന്ദ്രം പച്ചക്കൊടി കാട്ടിയത് കാലിയായ ഖജനാവു നോക്കിയിരിക്കുന്ന മന്ത്രി ബി ബാലഗോപാലിന് ആശ്വാസമായി; ആശങ്ക ഒരു സ്മാർട്ട് മീറ്റർപോലും സ്ഥാപിക്കാത്ത കെടുകാര്യസ്ഥതയും
തിരുവനന്തപുരം: സംസ്ഥാനത്തെ ചില സ്ഥാപനങ്ങൾ ഭരിക്കുന്നത് മികച്ച കഴിവുള്ളവർ ആകുമ്പോൾ അവർ പല താൽപ്പര്യങ്ങളും വകവെക്കാതെ മുന്നോട്ടു പോകും. വൈദ്യുതി ബോർഡിനെ കുറച്ചുകാലം മുമ്പ് വരെ ഭരിച്ചത് ബി അശോക് എന്ന മിടുക്കനായ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് നടന്ന പ്രവർത്തനങ്ങൾ പ്രയായം ഉണ്ടാക്കിയത് അവിടുത്തെ തൊഴിലാളി യൂണിയനുകൾക്കായിരുന്നു. ഇവരുമായി നിരന്തരം കലഹിച്ചെങ്കിലും ബി അശോകിന്റെ നല്ലപ്രവർത്തനങ്ങൾ സർക്കാറിന് അപകട ഘട്ടത്തിൾ ആശ്വാസമായി മാറുന്ന അവസ്ഥയുണ്ടാക്കി. കേരളത്തിന് കൂടുതൽ പണം കടമെടുക്കാൻ അവസരം ഉണ്ടാക്കിയത് ബി അശോകിന്റെ വൈദ്യുതി ബോർഡിലെ ഭരണമായിരുന്നു.
കേരളത്തിന് ഈ വർഷം കടമെടുക്കാവുന്ന തുകയിൽ 4,060 കോടി രൂപ കൂടി കേന്ദ്രസർക്കാർ അനുവദിച്ചത് വൈദ്യുതി ബോർഡിന്റെ പ്രവർത്തന മികവ് പരിഗണിച്ചാണ്. വൈദ്യുതി വിതരണ രംഗത്തു കാഴ്ചവച്ച മെച്ചപ്പെട്ട പ്രകടനം കണക്കിലെടുത്തു കഴിഞ്ഞ ഒക്ടോബറിൽത്തന്നെ തുക നൽകാൻ കേന്ദ്രം തീരുമാനിച്ചതാണ്. എന്നാൽ, ഈ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്രമന്ത്രി നിർമല സീതാരാമന് കത്തു നൽകിയിരുന്നു.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 0.45% തുകയാണ് വൈദ്യുതി രംഗത്തെ മെച്ചപ്പെട്ട പ്രകടനത്തിന് കേന്ദ്രം അനുവദിക്കുന്നത്. കേരളം ഈ നേട്ടം കൈവരിച്ചതായി കേന്ദ്ര ഊർജ മന്ത്രാലയം അറിയിച്ചതിനെതുടർന്ന് ധനമന്ത്രാലയം അധിക തുക കടമെടുക്കാൻ അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു.
2000 കോടി രൂപ മാത്രമാണ് ഈ വർഷം കടമെടുക്കാൻ ബാക്കിയുണ്ടായിരുന്നത്. ഈ തുക കൊണ്ട് ഇനിയുള്ള 4 മാസം എങ്ങനെ പിടിച്ചുനിൽക്കുമെന്ന് ആശങ്കപ്പെട്ടിരിക്കെ, 4000 കോടി അനുവദിച്ചത് ആശ്വാസമായി. അതേസമയം, കടമെടുപ്പ് പരിധിയിൽനിന്ന് 12,500 കോടി വെട്ടിക്കുറച്ച ശേഷം 4,000 കോടി അനുവദിച്ചത് പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.
അതിനിടെ അശോക് പോയതിന് ശേഷം കെ.എസ്.ഇ.ബിയിലെ ആധുനികവൽക്കണ നീക്കത്തിന് പാരവെച്ച് ഇടതു യൂണിയനുകൾ രംഗത്തുണ്ട്. ഇത് ഭാവിയിൽ ബോർഡിന് ആശങ്കയാകും. കെ.എസ്.ഇ.ബിയുടെ വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതിക്കെതിരെ ഇടതു തൊഴിലാളി യൂണിയനുകൾ തുടക്കം മുതൽ പ്രതിഷേധത്തിലാണ്. എന്നാൽ, പുതിയ രീതി സ്വകാര്യവൽക്കരണത്തിലേക്ക് നയിക്കുമെന്നാണ് സിപിഎം തൊഴിലാളി സംഘടനകളുടെ നിലപാട്. അതുകൊണ്ട് തന്നെ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിൽ മുന്നോട്ടു പോകാനും കെഎസ്ഇബിക്ക് സാധിച്ചിട്ടില്ല.
എത്ര സ്മാര്ട്ട് മീറ്റർ സ്ഥാപിച്ചു എന്നത് സംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പികേണ്ടതുണ്ട്. ഒരെണ്ണം പോലും സ്ഥാപിക്കാനായില്ലെന്ന റിപ്പോർട്ടിൽ കേന്ദ്രം എടുക്കുന്ന നടപടി എന്തായിരിക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. തൊഴിലാളികളുടെ ഉടക്കു കൊണ്ട തന്നെ ബോർഡ് വലിയ പ്രഹരം ഏൽക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. അതേസമയം സ്മാർട്ട് മീറ്റർ നടപ്പിലാക്കാത്തതിൽ സർക്കാരിന് സിഎജിയുടെ വിമർശ അടക്കം നേരിടേണ്ടി വന്നിട്ടുണ്ട.
വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇത് നടപ്പിലാക്കിയപ്പോൾ കൃത്യമായ പ്രവർത്തന പദ്ധതിയുടെ അഭാവം കാരണം സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പ് വരുത്താൻ സംസ്ഥാനത്തിനായില്ലെന്ന് സിഎജി കണ്ടെത്തി. കെ.എസ്.ഇ.ബിയുടെ വരുമാനം വർധിപ്പിക്കാൻ പദ്ധതി നടപ്പിലാക്കുന്നത് പരിഗണിക്കണമെന്നും ശിപാർശയുണ്ട്.
കേന്ദ്ര സർക്കാരുമായി 2017ൽ കേരളം ഉദയ് ധാരണാ പത്രം ഒപ്പിട്ടു. 2019 ഡിസംബർ 31 നകം 200 മീറ്ററിന് മുകളിൽ വൈദ്യുതി ഉപഭോഗമുള്ള ഉപഭോക്താക്കൾക്ക് കെഎസ്ഇബി സ്മാർട്ട് മീറ്റർ സ്ഥാപിക്കണമെന്നാതായിരുന്നു കരാർ. പദ്ധതിക്കായി ടെൻഡറിൽ പങ്കെടുത്ത എക ലേലക്കാരൻ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കെ.എസ്.ഇ.ബി വീണ്ടും ടെൻഡർ വിളിക്കാൻ തീരുമാനിച്ചു. പീന്നീട് കരാർ സമയപരിധി നീട്ടി നൽകിയിട്ടും കെഎസ്ഇബി ടെൻഡർ നടപടി ആരംഭിച്ചില്ലെന്ന് സിഎജി കണ്ടെത്തി.
2021 ഡിസംബർ വരെ 22 സംസ്ഥാനങ്ങൾ-കേന്ദ്ര ഭരണ പ്രദേശങ്ങളിലായി 34.25 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചു. ഇതിലൂടെ വരുമാനത്തിൽ 20ശതമാനം വർധനവും ബില്ലിങ് കാര്യക്ഷമതയിൽ 21 ശതമാനം വർധനവും വിതരണ നഷ്ടത്തിൽ 11 മുതൽ 36 ശതമാനം വരെ കുറവിനും കാരണമായി. കേരള സർക്കാർ വസ്തുതകൾ സ്ഥിരീകരിച്ചെങ്കിലും സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഭാവി പദ്ധതികൾ ഉള്ളതായി വ്യക്തമാക്കിയില്ല. പദ്ധതി വഴി ലഭിക്കുമായിരുന്ന നേട്ടങ്ങളെല്ലാം കെ.എസ്.ഇ.ബി നഷ്ടപ്പെടുത്തിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ 63 പട്ടണങ്ങളിൽ പ്രതിമാസം 200 യൂണിറ്റിനുമുകളിൽ ഉപയോഗിക്കുന്നവർക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ 2018-ൽ കേന്ദ്രസഹായത്തോടെ 241 കോടിയുടെ പദ്ധതി അനുവദിച്ചിരുന്നു. എന്നാൽ, ഇതുവരെ യാഥാർഥ്യമായില്ല. പലവട്ടം ടെൻഡർ വിളിച്ചപ്പോഴും മീറ്ററൊന്നിന് പതിനായിരം രൂപവരെ കമ്പനികൾ ആവശ്യപ്പെട്ടതിനാലാണ് ഇത് നടപ്പാക്കാനാകാതെ പോയത്. സ്മാർട്ട് മീറ്റർ നടപ്പാക്കുന്നതിൽ കെ.എസ്.ഇ.ബി. മാനേജ്‌മെന്റും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ വൈദ്യുതി മന്ത്രി ഇടപെട്ടിട്ടും പരിഹരിക്കാൻ സാധിച്ചിട്ടില്ല.
കേരളത്തിൽ ടെൻഡർവിളിപോലും പൂർത്തിയായിട്ടില്ല. പദ്ധതി ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ വിതരണ മേഖലയിലെ നഷ്ടം നികത്താനും നവീകരണത്തിനുമായി കെഎസ്ഇബിക്ക് നൽകിയ കോടികളുടെ സഹായധനം തിരിച്ചെടുക്കേണ്ടിവരുമെന്നാണ് ഊർജ മന്ത്രാലയം നൽകിയ മുന്നറിയിപ്പ്. ടെൻഡർ നൽകുന്നത് ഇനിയും വൈകിയാൽ കേന്ദ്രം മുൻകൂറായി നൽകിയ 67 കോടി തിരിച്ചുപിടിക്കുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ