- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇരട്ടി അയ്യൻ കുന്ന് ജൈവ പ്രാധാന്യമുള്ള മേഖല; സർവേ നടത്താൻ ചീഫ് സെക്രട്ടറിയുടെ അനുമതി വേണം'; കേന്ദ്ര ഏജൻസിയുടെ സർവെ തടഞ്ഞ് ജില്ലാ കലക്ടർ; നാട്ടുകാരുടെ ആശങ്കയ്ക്ക് വിരാമം
ഇരിട്ടി: ഇരിട്ടി അയ്യൻ കുന്നിൽ സർവ്വേ നടത്താൻ കേന്ദ്ര ഏജൻസിക്ക് അനുമതിയില്ലെന്ന് വ്യക്തമാക്കി ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ. കണ്ണൂർ കലക്ടറുടെ ചേംബറിൽ ബന്ധപെട്ട കേന്ദ്ര സർവ്വേ ഏജൻസി ഉദ്യോഗസ്ഥരെ ചൊവ്വാഴ്‌ച്ച രാവിലെ പതിനൊന്നു മണിയോടെ വിളിച്ചു വരുത്തിയാണ് കലക്ടർ ഈ കാര്യം അറിയിച്ചത്.
കേന്ദ്ര ജിയോളജിക്കൽ വകുപ്പിന്റെ നിർദ്ദേശപ്രകാരമായിരുന്നു സർവ്വേ എന്നാണ് ഇവർ നൽകിയ വിശദീകരണം. ധാതു സമ്പത്തിനെക്കുറിച്ച് ആണ് പഠനം നടത്തുന്നത് എന്നാണ് ഇവർ പറയുന്നത്. കൂടുതൽ രേഖകൾ കലക്ടർ എന്ന് പരിശോധിച്ച ശേഷം ഈ സർവ്വേ നിർത്തി വയ്ക്കാനാണ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
കേരള - കർണാടക അതിർത്തി പ്രദേശമായ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനു ഒരു കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുത്ത അയ്യൻ കുന്ന് ജൈവ പ്രാധാന്യമുള്ള മേഖലയാണെന്നും ഇവിടെ സർവ്വേ നടത്തണമെങ്കിൽ ചീഫ് സെക്രട്ടറിയോട് അനുമതി വാങ്ങണമെന്നും കലക്ടർ അറിയിച്ചു. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങളിൽ ധാതുലവണങ്ങളുടെ സാന്നിധ്യമറിയുന്നതിനാണ് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ കേന്ദ്ര സർക്കാർ ഏജൻസി ഒരു മാസക്കാലമായി സർവ്വേ നടത്തുന്നത്.
കലക്ടർ നൽകിയ നിർദ്ദേശപ്രകാരം ഇവർക്ക് തുടർ സർവ്വേ ഇനി നടത്താൻ കഴിയില്ല. ഇത് നടത്തണമെങ്കിൽ ചീഫ് സെക്രട്ടറിതലത്തിൽ നിന്നുകൊണ്ട് അനുമതിപത്രം വാങ്ങേണ്ട ആവശ്യമുണ്ട്. ഈ അനുമതിപത്രം വാങ്ങിച്ചു കലക്ടറെ കാണിച്ച ശേഷം മാത്രമേ ഇനി തുടർ നടപടികൾ ഇവർക്ക് ചെയ്യാൻ കഴിയുകയുള്ളൂ. ഇത് ലംഘിച്ച് ഇവർ സർവ്വേ തുടങ്ങുകയാണെങ്കിൽ ഇവർക്കെതിരെ കേസ് എടുക്കാനും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്കയ്ക്കു വിരാമമിട്ടു കൊണ്ടു അയ്യൻ കുന്ന് പഞ്ചായത്തിലെ നാലു വാർഡുകളിലെ 12 ഇടങ്ങളിൽ അടയാളപ്പെടുത്തിയത് കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരല്ലെന്ന് സ്ഥീരികരിച്ചത് കണ്ണൂരിലെ മലയും മേഖലയിൽ ആശ്വാസം പകർന്നിട്ടുണ്ട്. സർവ്വേക്കാർ അടയാളപ്പെടുത്തിയത് ബഫർ സോണിനല്ലെന്നത് വൈകിയെങ്കിലും വ്യക്തമായതാണ് ജില്ലാ ഭരണകൂടത്തിനും പൊലിസിനും ആശ്വാസമായത്.
ധാതു സമ്പത്തിനെ കുറിച്ച് പഠിക്കാൻ കേന്ദ്ര നിർദ്ദേശ പ്രകാരം എത്തിയ സ്വകാര്യ ഏജൻസിയാണ് അടയാളപ്പെടുത്തൽ നടത്തിയത്. സർവ്വേ നടത്തിയ സ്വകാര്യ ഏജൻസി ജില്ലാ ഭരണകൂടത്തെ അറിയിക്കാതെ എത്തിയതാണ് ആശങ്കയ്ക്ക് കാരണമായത്. ഉദ്യോഗസ്ഥർ ഇന്നും പയ്യാവൂർ മേഖലയിൽ മാർക്കിങ് നടത്താനെത്തിയതിനെ തുടർന്നാണ് ഈ കാര്യം വ്യക്തമായത്
ഇവർ പയ്യാവൂരിലും എത്തിയതോടെ നാട്ടുകാർ സമയോചിതമായി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പയ്യാവൂർപൊലിസെത്തി സംഘത്തെ കലക്ട്രേറ്റിൽ എത്തിച്ചു. മുംബൈയിൽ നിന്ന് എത്തിയ സംഘം എഡിഎമ്മുമായി കൂടിക്കാഴ്ച നടത്തിയാണ് മടങ്ങിയത്. അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലാണ് കഴിഞ്ഞ ദിവസം ചുവന്ന അടയാളം കണ്ടെത്തിയിരുന്നത്.
അയ്യൻ കുന്ന് പഞ്ചായത്തിലെ ഭാഗങ്ങൾ കർണാടകയുടെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെട്ടതായി ആശങ്ക നിലനിൽക്കുന്നതിനിടെയാണ് പഞ്ചായത്തിലെ 16 ഇടങ്ങളിൽ മാർക്കിങ് കണ്ടെത്തിയത്. ഇത് കർണാടക വനം വകുപ്പിന്റേതാകാമെന്ന സംശയവും നിലനിന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഇത് ധാതു സർവ്വേയുമായി ബന്ധപ്പെട്ട രേഖകളാണ് ഈ മേഖലയിൽ പതിപ്പിച്ചത് എന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ പയ്യാവൂർ മേഖലയിൽ ഇതുപോലെ മാർക്ക് പതിപ്പിക്കാനായി എത്തിയ ഇവരെ നാട്ടുകാർ തടഞ്ഞു വച്ച് പൊലീസ് ഏൽപ്പിക്കുകയായിരുന്നു.
മാക്കൂട്ടം, ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ പുതിയ ബഫർ സോൺ പരിധിയിൽ കേരളത്തിലെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കർണാടകയിൽ നിന്നുള്ള മാപ്പ് ലഭ്യമാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കർണ്ണാടകയുടെ നടപടി സംബന്ധിച്ച് കേരള സർക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ വിവരം ലഭിച്ചിരുന്നില്ല. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ അടയാളപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂർ ഡിഎഫ്ഒ വ്യക്തമാക്കിയിരുന്നു. മടിക്കേരി, കൂർഗ് ഡിഎഫ്ഒമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്ന കർണാടക വനം വകുപ്പിന്റെ വിശദീകരണം കിട്ടിയതോടെ അന്വേഷണത്തിനായി ജില്ല കളക്ടർ എഡിഎമ്മിനെ ചുമതലപ്പെടുത്തുകയായിരുന്നു. എഡിഎം ഡിസംബർ 30ന് സ്ഥലത്തെത്തി പരിശോധനയും നടത്തിയിരുന്നു. കർണാടക കേരളത്തിന്റെ പ്രദേശങ്ങളിൽ കടന്നു കയറി മാർക്കു ചെയ്തുവെന്നു ആരോപിച്ചു യുത്ത് കോൺഗ്രസ് ഉൾപെടെയുള്ള സംഘടനകൾ പ്രതിഷേധ സമരം നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ