തിരുവനന്തപുരം : ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനം പരിഗണിക്കുന്ന ബിൽ പ്രസിദ്ധീകരിച്ചു. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തർക്കമാണ് എല്ലാത്തിനും കാരണം. എന്നാൽ ബില്ലിന്റെ ഉദ്ദേശമായി സർക്കാർ പറയുന്നത് മറ്റൊരു കാര്യമാണ്. ഒറ്റനോട്ടത്തിൽ ഗവർണ്ണർക്ക് അനുകൂലം.

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുന്നത് അദ്ദേഹത്തെ വിവാദങ്ങളിലേക്കോ പൊതു വിമർശനങ്ങളിലേക്കോ വലിച്ചിഴയ്ക്കുന്ന സ്ഥാനങ്ങളും അധികാരവും ഏൽപ്പിച്ച് ബുദ്ധിമുട്ടിക്കാതിരിക്കാനാണെന്ന് സർക്കാർ പറയുന്നു. ജസ്റ്റിസ് മദൻ മോഹൻ പുഞ്ചി അധ്യക്ഷനായി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിച്ച കമ്മിഷൻ ഇങ്ങനെ ശുപാർശചെയ്തിട്ടുണ്ടെന്ന് സർക്കാർ പറയുന്നു. ഗവർണർക്ക് ഭരണഘടനാപരമായ പദവികൾ സുഗമമായി വഹിക്കാൻ ഭരണഘടനാപരമല്ലാത്ത സ്റ്റാറ്റിയൂട്ട് പ്രകാരമുള്ള സാധാരണ ചുമതലകൾ അദ്ദേഹത്തെ ഏൽപ്പിക്കരുതെന്നും കമ്മിഷൻ നിരീക്ഷിച്ചിട്ടുണ്ട്. ഇതല്ല സത്യമെന്നത് പകൽ പോലെ വ്യക്തമാണ്. ഗവർണ്ണറുമായുള്ള പോരാണ് ഈ ബില്ലിലേക്ക് കാര്യങ്ങളെത്തിച്ചത്.

താത്കാലിക വൈസ് ചാൻസലറെ നിയമിക്കാനുള്ള വ്യവസ്ഥകൂടി ഉൾപ്പെടുത്തിയതാണ് ബിൽ. ചാൻസലർകൂടിയായ ഗവർണർ സാങ്കേതിക സർവകലാശാലയിൽ സ്വന്തംനിലയ്ക്ക് താത്കാലിക വി സി.യെ നിയമിച്ചത് നിയമപോരാട്ടത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം. വി സി. സ്ഥാനത്ത് താത്കാലിക ഒഴിവുണ്ടായാൽ ചാൻസലർ, പ്രോ വൈസ് ചാൻസലറെയാണ് ആ സ്ഥാനത്തേക്ക് നിയോഗിക്കേണ്ടത്.

പ്രോ വൈസ് ചാൻസലറുടെ അഭാവത്തിൽ സംസ്ഥാനനിയമംമൂലം സ്ഥാപിതമായ മറ്റേതെങ്കിലും സർവകലാശാലകളുടെ വി സി.യെ ആ ചുമതല ഏൽപ്പിക്കാം. ഗവർണർക്കുപകരം, ഓരോ സർവകലാശാലയിലും പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണനെ അല്ലെങ്കിൽ കാർഷികവും വെറ്ററിനറി ശാസ്ത്രവും ഉൾപ്പെടെയുള്ള ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, വൈദ്യശാസ്ത്രം, ഹ്യുമാനിറ്റീസ്, സാഹിത്യം, കല, സാംസ്‌കാരികം, നിയമം അല്ലെങ്കിൽ പൊതുഭരണം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ പ്രാഗല്ഭ്യമുള്ള ഒരാളെ ചാൻസലറായി നിയമിക്കണം.

ചാൻസലറെ സർക്കാർ തീരുമാനിക്കുമെന്നല്ലാതെ നിയമനരീതി വ്യക്തമാക്കുന്നില്ല. ബിൽ നിയമസഭയിൽ എന്ന് പരിഗണിക്കണമെന്ന് തിങ്കളാഴ്ചചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കും. ഈയാഴ്ചതന്നെ പരിഗണിക്കും. കരട് ബില്ലിൽ ധനകാര്യ മെമോറാണ്ടം ഇല്ലാത്തതിനാൽ ഗവർണറുടെ മുൻകൂർ അനുമതി ആവശ്യമില്ല.

അധിക സാമ്പത്തിക ബാധ്യത വന്നാൽ ബിൽ അവതരിപ്പിക്കാൻ ഗവർണറുടെ മുൻകൂർ അനുമതി വേണമായിരുന്നു. സർവകലാശാലകളുടെ തനത് ഫണ്ടിൽനിന്നാണ് ചാൻസലറുമായി ബന്ധപ്പെട്ട ചെലവ് വഹിക്കുക. ഈ വിഷയത്തിൽ നേരത്തേ സർക്കാർ ശിപാർശ ചെയ്ത ഓർഡിനൻസ് ഗവർണർ ഒപ്പിട്ടിരുന്നില്ല. ഇതിൽ തീരുമാനം വരുംമുമ്പ് നിയമസഭ വിളിച്ച് ബിൽകൊണ്ട് വരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ബില്ലിൽ ഗവർണറുടെ തീരുമാനം നിർണായകമാകും.

കേരള, മഹാത്മാഗാന്ധി, കൊച്ചി, കാലിക്കറ്റ്, കണ്ണൂർ, ശങ്കരാചാര്യ, മലയാളം, ഡിജിറ്റൽ, ഓപൺ, കാർഷികം, വെറ്ററിനറി, ഫിഷറീസ്, ആരോഗ്യം, സാങ്കേതികം എന്നീ സർവകലാശാല നിയമങ്ങളിലാണ് ഭേദഗതി വരുത്തുക. .ചാൻസലറുടെ നിയമനം അഞ്ചു വർഷത്തേക്കായിരിക്കും. അതിനു ശേഷം ഒരു തവണ കൂടി പുനർനിയമനം നൽകാം. പരമാവധി 10 വർഷം വരെ മാത്രമേ കഴിയൂ. ചാൻസലർ ഓണററി പദവിയായിരിക്കും. ചാൻസലറുമായി ബന്ധപ്പെട്ട ചെലവുകൾ സർവകലാശാലകളുടെ തനത് ഫണ്ടിൽനിന്നായിരിക്കും വിനിയോഗിക്കുക.

സർവകലാശാല ആസ്ഥാനത്തുതന്നെയാകും ചാൻസലറുടെ ഓഫിസ്. ആവശ്യമുള്ള ജീവനക്കാരെയും മറ്റു സൗകര്യങ്ങളും ലഭ്യമാക്കും. ചാൻസലർക്ക് സർക്കാറിന് കത്തുകൊടുത്ത് രാജി നൽകാം. ചാൻസലറെ സർക്കാറിന് നീക്കം ചെയ്യാനും വ്യവസ്ഥയുണ്ട്. വൈസ് ചാൻസലർ സ്ഥാനത്ത് ആളില്ലാതെ വന്നാൽ പ്രോ വി സിക്ക് ചുമതല നൽകാൻ ചാൻസലർക്ക് അധികാരമുണ്ടാകും. സമാന സ്വാഭാവമുള്ള സർവകലാശാലകൾക്കെല്ലാം കൂടി ഒരു ചാൻസലറാകും വരുക.

കാർഷികം, വെറ്ററിനറി, ആരോഗ്യം പോലുള്ളവക്ക് പ്രത്യേക ചാൻസലർ വരും.ഗവർണറും സർക്കാറും തമ്മിലുള്ള കനത്ത പോരിന്റെ വെളിച്ചത്തിലാണ് നിയമ നിർമ്മാണത്തിലേക്ക് മന്ത്രിസഭ കടന്നത്. പല സംസ്ഥാനങ്ങളും സമാന ബിൽ പാസാക്കിയെങ്കിലും ഗവർണർമാർ ഒപ്പിട്ടില്ല. പൂഞ്ചി കമീഷന്റെ ശിപാർശയാണ് ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ കാരണമായി സർക്കാർ പറയുന്നത്.