കോട്ടയം: നെഹ്‌റു ട്രോഫി ജലമേള ഞായറാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ചങ്ങനാശേരി അതിരൂപത രംഗത്ത്. പള്ളികളുടെ ആരാധനാ സമയം പോലും പരിഗണിക്കാതെ നെഹ്‌റു ട്രോഫിക്കായി പാർക്കിങ് ക്രമീകരണം നടത്തണം എന്നാവശ്യപ്പെടുന്നത് അപലപനീയമാണെന്ന് അതിരൂപത വൈദിക സമിതി വ്യക്തമാക്കി. ഞായറാഴ്ചകൾ പ്രവർത്തിദിവസങ്ങളാക്കാനുള്ള ഗൂഢനീക്കങ്ങൾ പ്രതിഷേധാർഹമാണെന്നും ചങ്ങനാശേരി അതിരൂപതാ വൈദിക സമിതി പ്രമേയത്തിൽ പറയുന്നു.

വളരെയധികം ക്രൈസ്തവ സാന്നിധ്യമുള്ള നെഹ്‌റു ട്രോഫി വള്ളംകളി മത്സരം സെപ്റ്റംബർ 11 ഞായറാഴ്ച ക്രമീകരിക്കുകയും സമീപത്തുള്ള പള്ളികളുടെ ആരാധനാസമയം പോലും പരിഗണിക്കാതെ പാർക്കിങ് ക്രമീകരണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത നടപടിയെ യോഗം ശക്തമായി അപലപിച്ചു. എല്ലാവർഷവും ഓണത്തോടനുബന്ധിച്ച രണ്ടാം ശനിയാഴ്ച ക്രമീകരിച്ചിരുന്ന മത്സരമാണ് ഈ പ്രാവശ്യം ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്നതെന്നും പ്രമേയത്തിൽ പറയുന്നു.

ക്രൈസ്തവർ പ്രാർത്ഥനയ്ക്കും ദൈവ ആരാധനയ്ക്കുമായി മാറ്റി വയ്ക്കുന്ന ദിവസമാണ് ഞായറാഴ്ച. ഞായറാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനുള്ള ശ്രമങ്ങൾ കുറെ നാളുകളായി സംസ്ഥാന സർക്കാർ തലത്തിൽ നടത്തപ്പെടുകയാണ്.

ഞായറാഴ്ചകളിൽ പല പരീക്ഷകളും നടത്തപ്പെടുകയും ചില സർക്കാർ ഓഫീസുകൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തുന്ന ഇത്തരം നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് വൈദികസമിതി പ്രമേയത്തിൽ ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് തീരദേശ നിവാസികളും മത്സ്യത്തൊഴിലാളികളും ആശങ്കയിലാണ്. പദ്ധതി മൂലം തീരദേശങ്ങൾ കടലിനടിയിലാകുന്നു, തൊഴിലവസരങ്ങളും വീടുകളും നഷ്ടപ്പെടുന്നു. പദ്ധതി മൂലം ദുരിതമനുഭവിക്കുന്ന ജനതയുടെ വിലാപങ്ങൾ സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് പ്രതിഷേധാർഹമാണ്. വിഴിഞ്ഞം പ്രശ്‌നത്തിൽ സത്വര നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ ചേർന്ന യോഗമാണ് പ്രമേയം പാസ്സാക്കിയത്

സെപ്റ്റംബർ നാലിനാണ് ഇത്തവണ നെഹ്‌റു ട്രോഫി വള്ളംകളി. വള്ളംകളി ഉദ്ഘാടനം ചെയ്യാൻ കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിനെ ചൊല്ലി വിവാദം ഉയർന്നിരുന്നു. ലാവലിൻ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരുന്നു. കേരളം ആധ്യക്ഷ്യം വഹിക്കുന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനായാണ് അമിത് ഷാ എത്തുന്നതെന്നും യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ടെന്നുമായിരുന്നു വിശദീകരണം. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.

യോഗത്തിന് ശേഷം വള്ളംകളിയിൽ കൂടി പങ്കെടുക്കണം എന്നായിരുന്നു മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ നെഹ്‌റുവിന്‌റെ പേരിലുള്ള ഒരു മൽസരത്തിന്റെ ഉദ്ഘാടനത്തിനായി അമിത് ഷായെ ക്ഷണിച്ചതിൽ പിന്നിൽ ഗൂഢ താൽപ്പര്യങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തിയിരുന്നു. ലാവലിനാണോ സ്വർണക്കടത്താണോ ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടിരുന്നു.

വള്ളംകളിക്ക് ദിവസങ്ങൾ മാത്രം ബാക്കി. ടീമുകൾ അവസാനവട്ട പരിശീലനത്തിൽ. ഇതിനിടെയാണ് മൽസരത്തിന് ഉപയോഗിക്കുന്ന തുഴയെ ചൊല്ലി വിവാദം. ഭാരം കുറഞ്ഞ തടികൊണ്ടുള്ള തുഴകൾ ഒഴിവാക്കണമെന്ന സംഘാടക സമിതി ചെയർമാൻ കൂടിയായ ജില്ല കളക്ടറുടെ ഉത്തരവാണ് തർക്കത്തിന് വഴിവെച്ചിരിക്കുന്നത്.

പന കൊണ്ട് നിർമ്മിച്ച തുഴ മാത്രമേ അനുവദിക്കു എന്നാണ് പുതിയ നിർദ്ദേശം. എന്നാൽ ഇത്രയും നാൾ തടി കൊണ്ടുള്ള തുഴ ഉപയോഗിച്ച് പരിശീലനം നടത്തിയവർ പുതിയ തീരുമാനം അംഗീകരിക്കാൻ തയ്യാറല്ല. രണ്ടു ടീമുകൾ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് ടീം തുഴയുന്ന ചമ്പക്കുളം ചുണ്ടനും സെന്റ് ജോൺസ് തെക്കേക്കര ക്ലബ്ലിന്റെ വെള്ളക്കുളങ്ങര ചുണ്ടനുമാണ് കോടതിയിലെത്തിയത്