- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലിയുടെ ശ്വാസകോശത്തിലും കരളിലുമുണ്ടായ അണുബാധ മരണകാരണമായി; മുപ്പത് പേജുള്ള കുറ്റപത്രത്തിന് പിൻബലമായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്; യുവാവിന് 2000 രൂപ വരെ പിഴയും മൂന്ന് വർഷം തടവും ലഭിക്കാവുന്ന കുറ്റമെന്ന് നിയമവിദഗ്ദ്ധർ; മൃഗങ്ങളോടുള്ള ക്രൂരത കോടതി കയറുമ്പോൾ സംഭവിക്കുന്നത്
ബദായു: എലിയുടെ വാലിൽ കല്ല് കെട്ടി അഴുക്ക് ചാലിൽ എറിഞ്ഞുകൊന്ന കേസിൽ ആരോപണ വിധേയനായ യുവാവിനെതിരെ 30 പേജ് കുറ്റപത്രമാണ് കഴിഞ്ഞ ദിസവം ഉത്തർ പ്രദേശ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. ബദായു സ്വദേശിയായ മനോജ് കുമാറിനെതിരെ വീഡിയോ, ഫൊറൻസിക് റിപ്പോർട്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. ഏപ്രിൽ 11നാണ് യുവാവിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
എലിയുടെ ജഡം ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെ ആധാരമാക്കിയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. ശ്വാസകോശത്തിലും കരളിലുമുണ്ടായ അണുബാധയാണ് എലിയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്.
പൊലീസ് എലിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബറേലിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് (ഐവിആർഐ) അയച്ചു. നീരുവന്ന് എലിയുടെ ശ്വാസകോശത്തിന് തകരാർ സംഭവിച്ചതായും കരളിൽ അണുബാധയുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനുപുറമെ ശ്വാസം മുട്ടിയാണ് എലി ചത്തതെന്നും സൂക്ഷ്മപരിശോധനയിൽ വ്യക്തമായി.
എലിയെ കല്ലിൽക്കെട്ടി മനോജ് ഓവുചാലിലേക്ക് എറിഞ്ഞ വിവരം മൃഗസംരക്ഷണ പ്രവർത്തകനായ വികേന്ദ്ര ശർമയാണ് പൊലീസിൽ അറിയിച്ചത്. എലിയെ രക്ഷിക്കാനായി ശർമ ഓവുചാലിലിറങ്ങിയെങ്കിലും അതിനു കഴിഞ്ഞില്ല. വികേന്ദ്ര ശർമ്മ സംഭവത്തിന്റെ മുഴുവൻ ചിത്രങ്ങളും വീഡിയോയും സഹിതം പ്രതിയായ മനോജ് കുമാറിനെതിരെ പരാതി നൽകിയതോടെയാണ് വിചിത്രമായ സംഭവം ശ്രദ്ധയിൽപ്പെട്ടത്.
നവംബർ 25നാണ് മനോജ് കുമാർ എന്ന യുവാവിനെതിരെ പരാതി ലഭിക്കുന്നത്. മൃഗങ്ങൾക്കിതിരായ അതിക്രമങ്ങൾ അനുസരിച്ചുള്ള കുറ്റങ്ങളാണ് യുവാവിനെതിരെ പൊലീസ് ചുമത്തിയത്.
നവംബറിലെ സംഭവത്തിന് ശേഷം എലിയുടെ ജഡം ബുദൗനിലെ വെറ്റിനറി ആശുപത്രിയിലും അവിടെ നിന്ന് ബറേലിയിലെ ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മനോജ് കുമാറിനെ പൊലീസ് ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ വിളിച്ച് വരുത്തിയിരുന്നു. മൃഗത്തെ വധിക്കുന്നതിനും മൃഗങ്ങൾക്കെതിരായ ക്രൂരതയ്ക്കുമാണ് മനോജ് കുമാറിനെതിരെ കേസ് എടുത്തിരിക്കുന്നത്.
വികേന്ദ്ര ശർമയുടെ പരാതിയിൽ മൂന്ന് പെൺമക്കളുമൊത്ത് ഒരു ചെറിയ വീട്ടിൽ താമസിക്കുന്ന കുശവനായ മനോജ് കുമാറിനെതിരെ ഐപിസി സെക്ഷൻ 429 (കന്നുകാലികളെ കൊല്ലുകയോ അംഗവൈകല്യം വരുത്തുകയോ ചെയ്യുക) കൂടാതെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 11 (1) പ്രകാരം കേസെടുത്തു. കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും പ്രാദേശിക കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്ന സാഹചര്യത്തിൽ ജയിൽ വാസം ഉണ്ടായില്ല
സമൂഹമാധ്യമങ്ങളിലെ വീഡിയോകളുടെ അടിസ്ഥാനത്തിൽ സാധ്യമായതും ലഭ്യമായതുമായ ആളുകളുടെ മൊഴികളുടെ അടിസ്ഥാനത്തിലും ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. വിവിധ വകുപ്പുകളിൽ നിന്നും കുറ്റപത്രത്തിനായി വിവരശേഖരണം നടത്തിയെന്ന് സർക്കിൾ ഓഫീസർ അലോക് മിശ്ര വിശദമാക്കുന്നു. എലിയുടെ വാൽ ഇഷ്ടികയിൽ കെട്ടി അഴുക്കുചാലിൽ താഴ്‌ത്തിയെന്നും ഇതാണ് എലി ചാകാൻ ഇടയായത് എന്നുമാണ് പൊലീസ് ഭാഷ്യം.
കുറ്റപത്രത്തിൽ പൊലീസ് വിവിധ ഘടകങ്ങൾ ചേർത്തിട്ടുണ്ടെന്ന് സർക്കിൾ ഓഫീസർ (സിഒ) ബദൗൺ സിറ്റി അലോക് മിശ്ര പറഞ്ഞു. വനംവകുപ്പ് നിയമപ്രകാരം എലിയെ കൊല്ലുന്നത് കുറ്റമായി കണക്കാക്കില്ലെന്ന് ബദൗൺ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) അശോക് കുമാർ സിങ് പറഞ്ഞു. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതിനാൽ നടപടിയെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്താണ് ശിക്ഷ?
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ 10 രൂപ മുതൽ 2000 രൂപ വരെ പിഴയും മൂന്ന് വർഷം തടവും വരെ ലഭിക്കുമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 429 പ്രകാരം അഞ്ച് വർഷം തടവും പിഴയും ലഭിക്കാവുന്ന വകുപ്പുണ്ട്.
വീട്ടിലെ മൺപാത്രങ്ങൾ എലി നശിപ്പിച്ചതിനാലാണ് മനോജ് എലിയെ കൊന്നതെന്ന് അച്ഛൻ മതുരപ്രസാദ് പ്രതികരിച്ചു. എലിമൂലം മകന് ധനനഷ്ടവും മാനസികവിഷമങ്ങളും ഉണ്ടായതായും കൂട്ടിച്ചേർത്തു. എലികളേയും കാക്കകളേയും കൊല്ലുന്നത് തെറ്റല്ലെന്നും അവ മൂലം കർഷകർക്കും കച്ചവടക്കാർക്കും നഷ്ടമുണ്ടാകുന്നതായാണ് മനോജ് കുമാറിന്റെ പിതാവ് പറയുന്നു.
മകനെതിരായ കുറ്റം ചുമത്തിയവർ കോഴികളേയും ആടിനേയും മത്സ്യത്തേയും കൊല്ലുന്നവർക്കെതിരേയും കുറ്റം ചുമത്തണമെന്നും ഈ പിതാവ് ആവശ്യപ്പെടുന്നു. എലി വിഷം വിൽക്കുന്നവർക്കെതിരെയും നടപടി വേണമെന്നും മനോജി കുമാറിന്റെ പിതാവ് പറയുന്നു.
അതേസമയം, എലിയെ വളരെ ക്രൂരമായാണ് കൊന്നത് എന്നാണ് മനോജ് കുമാറിനെതിരെ കേസ് ഫയൽ ചെയ്ത വികേന്ദ്ര ശർമ്മ പറയുന്നത്. ഞങ്ങൾ വളരെക്കാലമായി മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം ഉണ്ടാക്കുമ്പോൾ, അതും പാലിക്കണം, ശർമ്മ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ