- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ പ്രസവം നിർത്താൻ കൈക്കൂലി ചോദിച്ചു വാങ്ങി; ഗർഭാശയ മുഴ നീക്കാൻ എത്തിയപ്പോഴും ഡോക്ടർമാരിൽ കണ്ടത് ആക്രാന്തം; പാവറട്ടിയിലെ ആഷിഖ് വിജിലൻസിനെ എല്ലാം അറിയിച്ചത് ഡോക്ടർമാരുടെ ആർത്തി തിരിച്ചറിഞ്ഞ്; ഡോ പ്രദീപ് വി കോശിയും ഡോ വീണാ വർഗ്ഗീസും കുടുങ്ങിയത് കൈക്കൂലി പണവുമായി; ചാവക്കാട്ടെ കൈക്കൂലി പൊളിയുമ്പോൾ
ചാവക്കാട്: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ വിജിലൻസ് പിടികൂടിയത് തന്ത്രപരമായി. .യുവതിയുടെ ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനു പണം വാങ്ങുന്നതിനിടെയാണു അറസ്റ്റ്. ഗൈനക്കോളജിസ്റ്റ് ഡോ. പ്രദീപ് വി. കോശി, അനസ്തേഷ്യോളജിസ്റ്റ് ഡോ. വീണാ വർഗീസ് എന്നിവരെയാണ് വിജിലൻസ് ഡിവൈ.എസ്‌പി.മാരായ സി.ജി. ജിംബോൾ, ടോമി സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സംഘം ബുധനാഴ്ച പിടികൂടിയത്.
പരാതിക്കാരനായ പാവറട്ടി പൂവത്തൂർ വലിയകത്ത് ആഷിഖ്, ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന വീടുകളിലെത്തി പണം കൈമാറുമ്പോഴാണ് വിജിലൻസ് ഇരുവരെയും പിടികൂടിയത്. ആഷിഖിന്റെ ഭാര്യയെ ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. തുടർന്ന് ഗൈനക്കോളജിസ്റ്റ് ഡോ. പ്രദീപ് വി. കോശിയെ സമീപിച്ചപ്പോൾ ഡോക്ടർക്ക് 3,000 രൂപയും അനസ്തേഷ്യോളജിസ്റ്റ് ഡോ. വീണാ വർഗീസിന് 2,000 രൂപയും കൈക്കൂലിയായി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പരാതിക്കാരൻ വിവരം തൃശ്ശൂർ വിജിലൻസ് ഡിവൈ.എസ്‌പി. സി.ജി. ജിംബോളിനെ അറിയിച്ചു. രണ്ടുമാസം മുമ്പ് പരാതിക്കാരന്റെ ഭാര്യയ്ക്ക് ഇതേ ആശുപത്രിയിൽ പ്രസവം നിർത്തുന്ന ശസ്ത്രക്രിയ നടത്തിയപ്പോഴും ഡോ. പ്രദീപ് വി. കോശി 3,000 രൂപയും ഡോ. വീണാ വർഗീസ് 2,000 രൂപയും കൈക്കൂലി വാങ്ങിയിരുന്നു. ഇൻസ്‌പെക്ടർമാരായ സുനിൽകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ കുമാരൻ, ബൈജു, കരുണൻ, അമോദ്, എസ്.സി.പി.ഒ. സന്ധ്യ, സി.പി.ഒ.മാരായ വിബീഷ്, സൈജു സോമൻ, അരുൺ ഗണേശ്, ഡ്രൈവർ സി.പി.ഒ. രതീഷ് എന്നിവരും പ്രതികളെ പിടികൂടിയ വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.
താലൂക്ക് ആശുപത്രിക്ക് മുന്നിൽ ഇവർ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്ന ക്വാർട്ടേഴ്‌സുകളിൽ നിന്നായിരുന്നു അറസ്റ്റ്. ഡോക്ടർമാർ ആവശ്യപ്പെട്ട പണം ആഷിക്കിനെ ഏൽപിച്ച വിജിലൻസ് സംഘം തുക കൈമാറുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു. പരാതിക്കാരിൽ നിന്നും പണം വാങ്ങിയ ഉടൻ തന്നെ ഒളിച്ചുനിന്ന വിജിലൻസ് ഇവരെ പിടികൂടുകയായിരുന്നു. വിജിലൻസ് നൽകിയ നോട്ടുകളും ഈ ഡോക്ടർമാരിൽ നിന്നും കണ്ടെടുത്തു.
പിന്നീട് ഇരുവരും പ്രാക്ടീസ് നടത്തിയിരുന്ന ക്വാർട്ടേഴ്‌സുകളിൽ വിജിലൻസ് സംഘം രണ്ടര മണിക്കൂറോളം പരിശോധന നടത്തി. പ്രദീപ് കോശിയുടെ കുന്നംകുളം ആർത്താറ്റുള്ള വീട്ടിലും വിജിലൻസ് എത്തി. പ്രദീപ് കോശിക്കെതിരെ വ്യാപകമായ പരാതി ലഭിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ