കൊല്ലം: അങ്കമാലി-എരുമേലി തീവണ്ടിപ്പാത നിർമ്മാണം സംബന്ധിച്ച് അനിശ്ചിതത്വം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. വർഷങ്ങളായി ഫയലിൽ ഉറങ്ങുന്ന ഈ പദ്ധതിക്ക് വെല്ലുവിളി സ്ഥലമെടുപ്പു തന്നെയാണ്. അതുകൊണ്ട് തന്നെ ആരും ഈ പദ്ധതിയോട് വലിയ തൽപ്പര്യം കാണിക്കാറുമില്ല. ഈ അവസ്ഥയിലാണ് ഇ ശ്രീധരൻ ആസൂത്രണം ചെയ്ത ചെങ്ങന്നൂർ-പമ്പ ലൈൻ സജീവ പരിഗണനയിലേക്ക് വരുന്നത്.

ചെങ്ങന്നൂരിൽനിന്ന് പമ്പയിലേക്ക് പുതിയ തീവണ്ടിപ്പാതയ്ക്കുള്ള നിർദ്ദേശം റെയിൽവേ സജീവമായി പരിഗണിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ശബരിമലയാത്ര എളുപ്പത്തിലാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനാണ് റെയിൽവേ ബോർഡിന് പുതിയ നിർദ്ദേശം സമർപ്പിച്ചിട്ടുള്ളത്. ഇ ശ്രീധരന്റെ നിർദേശത്തിന് സംസ്ഥാന സർക്കാർ വലിയ പരിഗണന നൽകുന്നില്ല. എന്നാൽ കേന്ദ്രം താൽപ്പര്യം പ്രകടിപ്പിച്ചാൽ ഈ പദ്ധതിയുമായി അവർക്കു മുന്നോട്ടു പോകേണ്ടി വരുമെന്ന് ഉറപ്പാണ്.

പമ്പാനദിയുടെ തെക്കുഭാഗത്തുകൂടിയാണ് 70 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമ്മിക്കാൻ ആലോചിക്കുന്നത്. നദീതീരത്തെ പുറമ്പോക്കുകളിലൂടെ ഉയരത്തിലുള്ള തൂണുകളിൽക്കൂടി പാത കടന്നുപോകുന്നതിനാൽ വളരെക്കുറച്ച് ഭൂമിയേ ഏറ്റെടുക്കേണ്ടതായുള്ളൂ. ചെങ്ങന്നൂരിൽനിന്ന് 40 മിനിറ്റുകൊണ്ട് പമ്പയിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. രണ്ട് സ്റ്റേഷനുകളിൽ ഒന്ന് ആറന്മുളയിലാകും.

അതേസമയം പുതിയപാത വന്നാൽ ആയിരക്കണക്കിന് വാഹനങ്ങൾ പമ്പയിൽ എത്തുന്നതുമൂലമുണ്ടാകുന്ന തിരക്കും പാരിസ്ഥിതിക പ്രശ്‌നങ്ങളും ഒഴിവാകും. വനപാതയിൽ തീർത്ഥാടനകാലത്തുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനുമാകും. പമ്പയിൽ പാർക്കിങ്ങിന് കൂടുതൽ സ്ഥലം വേണ്ടിവരില്ല. പുകയും പൊടിപടലങ്ങളും കാരണമുള്ള അന്തരീക്ഷ മലിനീകരണവുമുണ്ടാകില്ല. വാഹനങ്ങളുടെ എണ്ണം കുറയുന്നതോടെ വന്യജീവികളുടെ സ്വൈരവിഹാരത്തെ ബാധിക്കില്ല.

ഇപ്പോഴത്തെ നിലയിൽ വിശദപദ്ധതിരേഖ തയ്യാറാക്കൽ, പാരിസ്ഥിതികാഘാത പഠനം തുടങ്ങിയവയെല്ലാം പൂർത്തിയായി അനുമതിലഭിച്ചാൽ നാലുവർഷംകൊണ്ട് ആധുനിക സിഗ്‌നൽ സംവിധാനമുള്ള ഇരട്ടപ്പാത നിർമ്മാണം പൂർത്തിയാകും. നാലുമിനിറ്റ് ഇടവിട്ട് തീവണ്ടികൾ ഓടിക്കാനാകും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗമുണ്ടാകും. ശബരിമല തീർത്ഥാടനകാലം കഴിഞ്ഞാൽ വിനോദസഞ്ചാരികൾക്കായി തീവണ്ടികൾ ഓടിക്കാം. ഡൽഹി റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിലേതിനു തുല്യമായി എട്ട് കോച്ചുകളുള്ള തീവണ്ടിയാണ് ശബരി പാതയിലേക്കും ഉദ്ദേശിക്കുന്നത്. തീവണ്ടിയിൽ ആയിരത്തോളംപേർക്ക് യാത്രചെയ്യാം. 10,080 കോടിയാണ് പാതനിർമ്മാണത്തിന് ചെലവ് കണക്കാക്കുന്നത്. കേന്ദ്രവും കേരളവും ഈ തുക തുല്യമായി കണ്ടെത്താനും നിർദേശമുണ്ട്.

നിർദിഷ്ട അങ്കമാലി-എരുമേലി പാത ഇപ്പോൾ ഉപേക്ഷിച്ചാൽപ്പോലും സംസ്ഥാന സർക്കാരിന് 6,000 കോടി രൂപ ലാഭിക്കാനാകുമെന്നാണ് ഇ ശ്രീധരൻ പറയുന്നത്. പദ്ധതി തുടർന്നാൽ സ്ഥലമേറ്റെടുക്കൽ, പാതനിർമ്മാണം എന്നിവയ്ക്ക് വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും. ചെങ്ങന്നൂർ-പമ്പ പാത വരുന്നത് വനത്തെയോ വന്യജീവികളെയോ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.