ആലപ്പുഴ: അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യ (16) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്‌സിന്റെ സ്‌കൂബാ ടീമംഗങ്ങളടക്കം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേർ കൂടി അപകടത്തിൽപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസും ഫയർഫോഴ്സും തിരച്ചിൽ തുടരുകയാണ്. രാവിലെ എട്ടരയോടെ വലിയ പെരുമ്പുഴക്കടവിലാണ് അപകടം നടന്നത്. ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്.

പള്ളിയോടത്തിലേക്ക് കുട്ടികൾ ചാടിക്കയറിയതായും പ്രദേശവാസികൾ പറയുന്നു. വള്ളത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതും വലിയ അടിയൊഴുക്കുള്ളതുമാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പള്ളിയോടം ആറന്മുളയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അപകടം. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ചിലരെ രക്ഷപ്പെടുത്തിയിരുന്നു.രാകേഷ് എന്ന മറ്റൊരാളെ കൂടി കാണാതായതായെന്ന സംശയം ഇതിനോടകം ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയായിട്ടില്ല.

നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ഫയർ ഫോഴ്സ് സംഘവും സ്‌കൂബാ ടീം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. രാവിലെ എട്ടു മണിക്ക് ശുദ്ധി കർമ്മം തുടങ്ങി. ഇതിനിടെയാണ് ശക്തമായ ഒഴുക്കുണ്ടായത്. ഇതിൽ വള്ളം മറിഞ്ഞു. ആതിദ്യൻ വെള്ളത്തിലേക്ക് മറിയുകയും ചെയ്തു. രക്ഷാപ്രവർത്തനം അപ്പോൾ തന്നെ തുടങ്ങിയെങ്കിലും ഒഴുക്ക് തടസ്സമായി മാറി.

പള്ളിയോടത്തിൽ അമിതമായി ആളുകളുണ്ടായിരുന്നുവെന്നാണ് സൂചന. കൂടുതൽ പേർ വെള്ളത്തിൽ വീഴാനുള്ള സാധ്യതയുമുണ്ട്. എന്നാൽ ആർക്കും ഇക്കാര്യത്തിൽ വ്യക്തതയില്ല. ഇതിനിടെയാണ് രാകേഷ് പിള്ളയെ കാണാനില്ലെന്ന അഭ്യൂഹം ശക്തമാകുന്നത്. രാകേഷ് പിള്ളയെ കണ്ടെത്താൻ ആശുപത്രി കേന്ദ്രീകരിച്ചും തെരച്ചിൽ നടക്കുന്നു. കുട്ടികൾ വള്ളത്തിലേക്ക് ചാടിക്കയറിയും ദുരന്തകാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.