ന്യൂഡൽഹി: അതിർത്തിയിലെ ശല്യക്കാരനായ അയൽക്കാരനായി ചൈന മാറിയത് അധിനിവേശ ശ്രമങ്ങളുടെ ഭാഗമെന്ന വിലയിരുത്തലുകൾക്കൊപ്പം കൗതുകകരമായ മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവന്നു. ചൈനയിൽ, വളരെ വിലയേറിയ ഒരു ഔഷധം, 'കോർഡിസെപ്‌സ് 'ശേഖരിക്കാനായിരുന്നു സമീപകാല നുഴഞ്ഞുകയറ്റം എന്ന് ഇൻഡോ-പസഫിക് സെന്റർ ഫോർ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ്( ഐസിസിഎസ് സി) കഴിഞ്ഞ ദിവസം വ്യക്തമാക്കി.

അരുണാചൽ പ്രദേശിൽ ഈ കുമിൾ തേടിയാണ് ചൈനീസ് സൈനികർ നിരന്തരം കടന്നുകയറുന്നതെന്നാണ് പറയുന്നത്. കാറ്റർപില്ലർ ഫംഗസ് എന്നും ഹിമാലയൻ സ്വർണം എന്നും അറിയപ്പെടുന്ന ഈ കുമിൾ തേടി ചൈനീസ് സൈനികർ എത്താൻ വലിയൊരു കാരണമുണ്ട്. കോർഡിസെപ്‌സിന് ചൈനയിൽ സ്വർണത്തേക്കാൾ വിലയുണ്ട്.

ഹിമാലയൻ സ്വർണം തേടി കടന്നുകയറ്റം

ഇന്ത്യയിലെ ഹിമാലയൻ ഭൂപ്രദേശങ്ങളിലും തെക്കുപടിഞ്ഞാറൻ ചൈനയിലെ ക്വിങ്ഹായ്-ടിബറ്റൻ പീഠഭൂമിയുടെ ഉയർന്ന മേഖലകളിലുമാണ് കോർഡിസെപ്‌സ് പ്രധാനമായും കണ്ടുവരുന്നത്. ഇന്ത്യയുടെ മറ്റ് ചില ഉയർന്ന ഭാഗങ്ങളിലും നേപ്പാളിലും ഭൂട്ടാനിലും ഇത് കാണാം. നേപ്പാളിലും ടിബറ്റിലും ഈ ഔഷധ സസ്യത്തെ യാർട്ട്‌സ ഗുൻബു എന്നാണ് വിളിക്കുന്നത്. ഉത്തരാഖണ്ഡിൽ ഇത് ശീതകാല പുഴു, കീഡ ജഡി എന്നീ പേരുകളിലും അറിയപ്പെടുന്നു. 2022-ൽ 1,072.50 മില്യൺ ഡോളറായിരുന്നു കോർഡിസെപ്സ് വിപണിയുടെ മൂല്യം.

ചൈന കോർഡിസെപ്‌സിന്റെ വലിയ കയറ്റുമതിക്കാർ

ചൈന കോർഡിസെപ്‌സ് ഔഷധ മരുന്നിന്റെ ഏറ്റവും വലിയ ഉത്പാദകർ മാത്രമല്ല, കയറ്റുമതിക്കാർ കൂടിയാണ്. കഴിഞ്ഞ രണ്ടുവർഷമായി കോർഡിസെപ്‌സ് വിളവെടുപ്പ് ചൈനയിലെ ക്വിങ്ഹായിൽ കുറഞ്ഞിരിക്കുകയാണ്. അതേസമയം, ഈ വിലയേറിയ മരുന്നിനായുള്ള ആവശ്യം ഏറുകയും ചെയ്തു. ഡിമാൻഡ് കൂടിയതോടെ അമിതമായി വിളവെടുപ്പ് നടത്തിയതും പ്രശ്‌നമായി. 2017 ൽ 43,500 കിലോ ആയിരുന്നെങ്കിൽ, 2018 ൽ അത് 41,200 കിലോ ആയി കുറഞ്ഞു. 5.2 ശതമാനത്തിന്റെ ഇടിവ്. 2010-11 ലൊക്കൊ 1,50,000 കിലോ ഉണ്ടായിരുന്നിടത്താണ് ഈ കുറവ് അനുഭവപ്പെടുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി കോർഡിസെപ്‌സ് കമ്പനികൾ ക്വിങ്ഹായിലെ നാട്ടുകാർക്ക് ലക്ഷക്കണക്കിന് യുവാൻ നൽകി മലകൾ മുഴുവൻ വിളവെടുപ്പിനായി പാട്ടത്തിന് വാങ്ങിയിരിക്കുകയായിരുന്നു. എന്തായാലും അമിത വിളവെടുപ്പ് ചൈനയ്ക്ക് തന്നെ പാരയായിരിക്കുകയാണ്.

ചൈനാക്കാരുടെ ഒറ്റമൂലി-ഹിമാലയൻ വയാഗ്ര

കോർഡിസെപ്സ് സിനെൻസിസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ഔഷധച്ചെടി നിശാശലഭങ്ങളുടെ ലാർവക്കുള്ളിലാണ് വളരുന്നത്. കോർഡിസെപ്സ് എന്ന പേരിന്റെ ഉത്ഭവം ലാറ്റിൻ ഭാഷയിൽ നിന്നാണ്. തവിട്ട് നിറമുള്ള ഈ സസ്യത്തിന് രണ്ട് ഇഞ്ച് വരെ നീളമുണ്ടാകും. ഏകദേശം 300 മുതൽ 500 മില്ലിഗ്രാം വരെ ഇവയ്ക്ക് ഭാരമുണ്ടാകും. ചൈനയിലെ മധ്യവർഗ്ഗക്കാരാണ് ഈ 'മാജിക് ഡ്രഗ്ഗിന്റെ' ഉപയോക്താക്കൾ. ക്ഷീണം മാറ്റൽ, വൃക്ക രോഗ ചികിത്സ ലൈംഗിക ഉത്തേജകം എന്നിങ്ങനെ ചൈനീസ് മധ്യവർഗ്ഗം കോർഡിസെപ്‌സിനെ ഒറ്റമൂലിയായി കാണുന്നു. ഇതിന് വലിയ ശാസ്ത്രീയ അടിത്തറ ഒന്നുമില്ലെങ്കിലും, ആവശ്യക്കാരുടെ ഏണ്ണം ഏറുന്നതല്ലാതെ കുറയുന്നില്ല.സിക്കിമിലെ പരമ്പരാഗത വൈദ്യന്മാരും നാട്ടുകാരും 21 വ്യത്യസ്ത രോഗങ്ങൾക്ക് മരുന്നായി ഈ ഔഷധ സസ്യം നിർദ്ദേശിച്ചിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നും ഹൃദയാരോഗ്യം സംരക്ഷിക്കുമെന്നും മെഡിക്കൽ ജേണലായ 'വെരി വെൽ ഹെൽത്ത്' പറയുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും ആ ഔഷധം നിർദ്ദേശിക്കുന്നു.

ഹിമാലയൻ വയാഗ്ര അല്ലെങ്കിൽ സ്‌നേഹപൂഷ്പം എന്ന പേരിലും കോർഡിസെപ്‌സ് അറിയപ്പെടുന്നു. ഇന്ത്യയിൽ അത് കീഡ ജഡി എന്നും നേപ്പാളിൽ യർസ ഗുംബ എന്നും ടിബറ്റിൽ യർട്‌സ ഗുൻബു എന്നും ചൈനയിൽ ദോങ് ഷിങ് സിയകാവോ എന്നും അറിയപ്പെടുന്നു.


.
ഹിമാലയത്തിലെ ചില പട്ടണവാസികൾ ജീവിക്കാൻ മുഖ്യമായി ആശ്രയിക്കുന്നത് കോർഡിസെപ്‌സ് ശേഖരണവും വിൽപ്പനയുമാണ്. ടിബറ്റൻ പീഠഭൂമിയിലെയും ഹിമാലയത്തിലെയും 80 ശതമാനം വീടുകളിലും അടുപ്പ് പുകയുന്നത് ഈ കുമിൾ കൊണ്ടാണെന്ന് ചുരുക്കം. കോർഡിസെപ്‌സിൽ കണ്ടുവരുന്ന ബയോആക്ടീവ് മോളിക്യൂളിന് ഔഷധ ഗുണമുണ്ടെന്നും, ഒരുദിവസം ഇത് കാൻസർ ചികിത്സയ്ക്ക് ഫലപ്രദമാകുമെന്നും പറയപ്പെടുന്നു. കോർഡിസെപ്‌സ് സ്വാഭാവിക സാഹചര്യങ്ങളിലല്ലാതെ ലാബുകളിൽ വളർത്തിയെടുക്കുന്നത് ശ്രമകരമായ കാര്യമായാണ് കണ്ടുവരുന്നത്. അതുതന്നെയാണ് ശാസ്ത്രീയ ഗവേഷണത്തിനും തടസ്സമായി നിൽക്കുന്നത്. എന്നിരുന്നാലും, ചുങ്ബുക് ദേശീയ സർവകലാശാലയിലെ പ്രൊഫ.മി ക്യോങ് ലീയും ടീമും ഈ കുമിളിനെ നിയന്ത്രിത സാഹചര്യത്തിൽ വീര്യം കുറയാതെ വളർത്തിയെടുക്കാൻ ഉള്ള മാർഗ്ഗം ഗവേഷണത്തിലൂടെ കണ്ടുപിടിച്ചിട്ടുണ്ട്.

എന്തിന് അരുണാചലിലേക്ക് കടന്നുകയറണം?

ഒരു കിലോ കോർഡിസെപ്‌സിന് ഏകദേശം 17 ലക്ഷം രൂപയാണ് വില കണക്കാക്കുന്നത്. അതുകൊണ്ടാണ് ഇതിനെ ഹിമാലയൻ സ്വർണമെന്ന് വിളിക്കുന്നത്. കോർഡിസെപ്‌സിന്റെ വൽപ്പന ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്. എന്നാൽ, ചൈനയിലേക്ക് പല തരത്തിൽ ഇത് കടത്തുന്നുണ്ട്. ഉത്തരാഖണ്ഡിലെ ധർചൂല വഴിയാണ് അനധികൃത കടത്ത്. നേപ്പാൾ വഴി ചൈനയിലേക്ക് കടത്തുന്ന കോർഡിസെപ്‌സ് ഒന്നിന് 250 രൂപയിലേറെ വിലയ്ക്കാണ് വിൽക്കുന്നത്. ഗുവാങ്‌സോ, ഹോങ്കോങ് എന്നിവയാണ് കോർഡിസെപ്‌സിന്റെ ഏറ്റവും വലിയ വിപണി.