ന്യൂഡൽഹി: നവംബർ 23 ന് എയിംസിലെ സെർവർ ഹാക്ക് ചെയ്തത് ചൈനീസ് സംഘം. നൂറ് സെർവറുകളിൽ അഞ്ചെണ്ണത്തിലെ വിവരങ്ങൾ മുഴുവനായും ഹാക്കർമാർ ചോർത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നു. അതേസമയം ഹാക്ക് ചെയ്യപ്പെട്ട ഡാറ്റ വീണ്ടെടുത്തെന്ന് കേന്ദ്രം അറിയിച്ചു. എയിംസ് സെർവർ ഹാക്ക് ചെയ്തത് വിദേശത്ത് നിന്നാണെന്ന പ്രാഥമികാന്വേഷണ റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.

നവംബർ 23 ഉച്ചയ്ക്ക് 2.43 നാണ് ഹാക്കിങ് നടന്നത്. മുൻ പ്രധാനമന്ത്രി ഡോ .മന്മോഹൻ സിങ്, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ പലഘട്ടങ്ങളിലും എയിംസിൽ ചികിത്സ നേടിയതിനാൽ ഇവരുൾപ്പെടെ പ്രധാന വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ സെർവറിലുണ്ട്. രോഗികളെ കൂടാതെ ആരോഗ്യ പ്രവർത്തകർ, സ്റ്റാഫുകൾ , കോവിഡ് വാക്സിനേഷൻ ചെയ്തവർ , ആബുലൻസ് സർവീസ്, എന്നിങ്ങനെ വിപുലമായ ഡാറ്റയാണ് സർവറുകളിൽ സൂക്ഷിച്ചിരിക്കുന്നത്.

ഹാക്കിങ്ങിനെ തുടർന്ന് ആശുപത്രിയുടെ ഒപി, ഐപി, എമർജൻസി വിഭാഗങ്ങളിലെ പ്രവർത്തനങ്ങളെല്ലാം താളം തെറ്റിയിരുന്നു. ദ ഇന്ത്യ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമും ഡൽഹി പൊലീസും റോയും ആക്രമണത്തിൽ അന്വേഷണം നടത്തുന്നുണ്ട്. മാനുവൽ രീതിയിലാണ് ഇടക്കാലത്ത് പ്രവർത്തിച്ചത്. സെർവർ ഹാക്ക് ചെയ്ത സംഘം 200 കോടി രൂപയുടെ ക്രിപ്‌റ്റോകറൻസി ആവശ്യപ്പെട്ടെന്ന റിപ്പോർട്ട് പൊലീസ് നിഷേധിച്ചിരുന്നു.

ഹാക്കിങ്ങിന്റെ ഉറവിടം ചൈനയെന്ന് നേരത്തെ സൂചന കിട്ടിയിരുന്നു. ഫാർമ സൈറ്റുകളിൽ നുഴഞ്ഞു കയറി ഡാറ്റ സ്വന്തമാക്കുകയും പിന്നീട് വില പേശുകയും ചെയ്യുന്ന ചൈനീസ് ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചായിരുന്നു ഐബിയുടെ അന്വേഷണം. എമ്പറർ ഡ്രാഗൺ ഫ്ളൈ ,ബ്രോൺസ് സ്റ്റാർ ലൈറ്റ് എന്നീ രണ്ട് ഗ്രൂപ്പുകളെപ്പറ്റിയാണ് അന്വേഷിച്ചത്. സർവറുകളുടെ പരിപാലനത്തിനായി സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നത് ഒഴിവാക്കി പൂർണമായും സർക്കാർ ഏജൻസികളെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായിയിരിക്കുകയാണ്. ഹാക്കിങ്ങിന്റെ പശ്ചാത്തലത്തിൽ 20 സർവറുകളിൽ സുരക്ഷ ശക്തമാക്കി

അരുണാചൽ പ്രദേശിലെ തവാങ്ങിൽ നിയന്ത്രണ രേഖ ലംഘിച്ച ചൈനീസ് സൈനികരുമായി ഇന്ത്യൻ സൈനികർ ഏറ്റുമുട്ടിയെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് എയിംസിലെ ഹാക്കിങ്ങിന് പിന്നിൽ ചൈനീസ് സംഘമെന്ന വിവരവും പുറത്തുവരുന്നത്.